മണിപ്പൂർ വിഷയത്തിൽ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച സംഭവം പുരോഗമന സമൂഹത്തിന് ലജ്ജാകരമായ കാര്യമെന്ന് അദ്ദേഹം പറഞ്ഞു. കുറ്റക്കാരെ വെറുതെ വിടില്ല. സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ വിട്ടുവീഴ്ച്ചയില്ലാതെ ക്രമസമാധാനപാലനം ഉറപ്പാക്കണം. രാജ്യത്തുടനീളമുള്ള സ്ത്രീകളുടെ അന്തസ്സ് സംരക്ഷിക്കണം. ഹൃദയം നിറയെ വേദനയും ദേഷ്യവും തോന്നുന്നുവെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. പാർലമെൻറ് സമ്മേളനത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
അതിനിടെ മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിച്ച സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ചു. നിയമം സർവ ശക്തിയും ഉപയോഗിച്ച് പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇതിനിടെ മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച കേസിൽ ഒരാൾ അറസ്റ്റിലായി. മുഖ്യപ്രതി ഹെറാദാസ് (32) തൗബൽ ജില്ലയിൽ നിന്നാണ് അറസ്റ്റിലായത്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും കൂടുതൽ പ്രതികൾ ഉടൻ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു. രണ്ട് മാസം പഴക്കമുള്ള വീഡിയോ ബുധനാഴ്ചയാണ് ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടത്.
വടക്കുകിഴക്കൻ സംസ്ഥാനത്ത് അക്രമം പൊട്ടിപ്പുറപ്പെട്ടതിന് തൊട്ടുപിന്നാലെ മെയ് 4 ന് കാങ്‌പോപി ജില്ലയിലാണ് മനുഷ്യത്വരഹിതമായ സംഭവം അരങ്ങേറിയത്. മെയ് 18 ന് സീറോ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു. തട്ടിക്കൊണ്ടുപോകൽ, കൂട്ടബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കുറ്റവാളികളെ പിടികൂടാനുള്ള എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ടെന്നും പ്രതികളെ പിടികൂടാൻ 12 ഓളം ടീമുകളെ രൂപീകരിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
പ്രചരിക്കുന്ന വീഡിയോയില്‍ കുക്കി-സോമി ആധിപത്യമുള്ള കാങ്പോപിയിലെ മലയോര ജില്ലയില്‍ നിന്നുള്ളവരാണ്, ഒരാള്‍ക്ക് 20 വയസും മറ്റൊരാള്‍ 40 വയസും പ്രായമുള്ള രണ്ട് സ്ത്രീകള്‍. അക്രമത്തെ തുടർന്ന് ആൾക്കൂട്ടം തട്ടിക്കൊണ്ടുപോയ അഞ്ചംഗ സംഘത്തിലെ അംഗമായിരുന്നു ഇവർ. വീഡിയോയില്‍, ഒരു കൂട്ടം ആളുകള്‍ അവരെ നഗ്‌നരായി റോഡിലൂടെയും വയലിലേക്ക് കൊണ്ടുപോകുന്നതും കാണാം. സ്ത്രീകളിൽ ഒരാൾ കൂട്ടബലാത്സംഗത്തിന് ഇരയാകുകയും ചെയ്തു. അതേസമയം പ്രതിഷേധം ഉയർന്നതിനു പിന്നാലെ കുറ്റവാളികൾക്കെതിരെ നടപടി ഉണ്ടാകുമെന്ന് മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് പറഞ്ഞു.
അതേസമയം മണിപ്പൂരിൽ സംഘർഷം ആരംഭിച്ചിട്ട് രണ്ട് മാസത്തിലേറെയായി. മെയ്‌തെയ്-കുക്കി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ 130ലധികം പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഘർഷം അവസാനിപ്പിക്കാൻ സംസ്ഥാന – കേന്ദ്ര സർക്കാരുകൾക്ക് ഇതുവരെ സാധിച്ചിട്ടില്ല.
click on malayalam character to switch languages