1 GBP = 113.21
breaking news

അടികിട്ടിയത് കോടതിയുടെ മുഖത്ത്; കോട്ടയത്ത് ബസ്സുടമയ്‌ക്ക് നേരെയുണ്ടായ ആക്രമണത്തിൽ പൊലീസിനെതിരെ ഹൈക്കോടതി

അടികിട്ടിയത് കോടതിയുടെ മുഖത്ത്; കോട്ടയത്ത് ബസ്സുടമയ്‌ക്ക് നേരെയുണ്ടായ ആക്രമണത്തിൽ പൊലീസിനെതിരെ ഹൈക്കോടതി

കൊച്ചി: കോട്ടയം തിരുവാർപ്പിൽ ബസ്സുടമയ്‌ക്ക് നേരെയുണ്ടായ ആക്രമണത്തിൽ പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. സംരക്ഷണം നൽകാൻ നിർദേശിച്ചിട്ടും ബസ്സുടമക്ക് മർദനമേറ്റത് കോടതിയുടെ മുഖത്തേറ്റ പ്രഹരമാണെന്ന് ഹൈക്കോടതി പറഞ്ഞു. പൊലീസ് നാടകം കളിക്കുകയാണോ എന്നും കോടതി ചോദിച്ചു.

എന്നാൽ, ആക്രമണം അപ്രതീക്ഷിതമായിരുന്നുവെന്നാണ് എസ് പി ഹൈക്കോടതിയിൽ ബോധിപ്പിച്ചത്. തിരുവാർപ്പിൽ ബസുടമയ്ക്കു നേരെയുണ്ടായ സ്വമേധയാ എടുത്ത കോടതിയലക്ഷ്യ കേസിലാണ് പൊലീസിനെതിരെ രൂക്ഷ വിമർശനം ഉയർന്നത്. കോട്ടയം ജില്ലാ പൊലീസ് മേധാവിയും സ്റ്റേഷൻ ഹൗസ് ഓഫീസറും നേരിട്ട് ഹാജരായപ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം.

തൊഴിൽ തർക്കത്തെ തുടർന്ന് പോലീസ് സംരക്ഷണം തേടി ബസ്സുടമകളായ മിനിക്കുട്ടിയും ഭർത്താവ് രാജ്മോഹനുമാണ് ഹൈക്കോടതിയെ സമീപിച്ചത്. ബസ്സുടമയുടെ നാല് ബസുകൾക്കും തടസ്സമില്ലാതെ സർവീസ് നടത്താൻ പോലീസ് സംരക്ഷണം നൽകണമെന്നായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ച് ജൂൺ 23 ന് ഉത്തരവിട്ടത്. ഒരു മാസത്തേക്ക് പോലീസ് സംരക്ഷണം നൽകാനായിരുന്നു ഉത്തരവ്.

ഇതിന്റെ അടിസ്ഥാനത്തിൽ സർവീസ് നടത്താൻ ശ്രമിച്ചപ്പോഴാണ് ബസ്സ് ഉടമയ്ക്കു നേരെ ആക്രമണമുണ്ടായത്. തുടർന്നാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. സംരക്ഷണത്തിന് എത്ര പൊലീസുകാർ ഉണ്ടായിരുന്നുവെന്ന് കോടതി ചോദിച്ചു.

പോലീസ് സംരക്ഷണ ഉത്തരവ് നിലനിൽക്കെ ബസുടമ ആക്രമിക്കപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു അക്രമമെന്നും കോടതി നിരീക്ഷിച്ചു. പൗരൻമാരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം പൊലീസിനുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ കോടതിയിൽ വന്നാലും നീതി കിട്ടില്ല എന്ന തോന്നൽ ഉണ്ടാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. ആ അടികിട്ടിയത് കോടതിയുടെ മുഖത്താണ്, ബസ് ഉടമയ്ക്ക് അല്ല. അവസാനം ബസ് ഉടമയ്ക്ക് കീഴടങ്ങേണ്ടി വന്നില്ലേ എന്നും കോടതി ചോദിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more