1 GBP = 113.96

ലൂക്കാ സ്പോർട്സ് ഡേ വർണ്ണാഭമായി. ആവേശമായി പഴക്കുലയും ചാമ്പ്യൻ ട്രോഫിയും

ലൂക്കാ സ്പോർട്സ് ഡേ വർണ്ണാഭമായി. ആവേശമായി പഴക്കുലയും ചാമ്പ്യൻ ട്രോഫിയും

അലോഷ്യസ് ഗബ്രിയേല്‍

ലണ്ടന്‍: ലൂട്ടന്‍ കേരളൈറ്റ്‌സ് അസ്സോസിയേഷന്റെ (ലൂക്കാ) സ്പോർട്സ് ഡേ 17 ജൂൺ ശനിയാഴ്ച ലൂട്ടനിലെ ചാന്ററി പ്രൈമറി അക്കാദമി സ്കൂൾ ഗ്രൗണ്ടിൽ നടത്തി. അസ്സോസിയേഷനെ ആറു സോണുകളായി തിരിച്ചു നടത്തിയ മത്സരത്തിൽ ഓരോ സോണും മികച്ച പോരാട്ടമാണ് കാഴ്ചവച്ചത്. ആവേശത്തിര വാനോളം ഉയർത്തിയ മത്സരത്തിൽ നൂറിനെതിരെ നൂറ്റിയെട്ടു പോയിന്റുകൾ നേടി ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് സോൺ ഒന്നിനെ പിന്നിലാക്കി സോൺ നാല് ചാമ്പ്യൻ സോൺ ട്രോഫി കരസ്ഥമാക്കിയത്.

ഉച്ചയ്ക്ക് ഒന്ന് മുപ്പത്തോടുകൂടി ലൂക്കാ പ്രസിഡന്റ്‌ അലോഷ്യസ് ഗബ്രിയേല്‍ മുൻപ്രസിഡന്റ്‌ ബേബി കുര്യനിൽനിന്നു ദീപശിഖ ഏറ്റുവാങ്ങി ഉത്‌ഘാടനച്ചടങ്ങുകൾക്കു തുടക്കം കുറിച്ചു. തുടർന്ന് ഒരോ സോണുകളായി നടത്തിയ മാർച്ച് പാസ്റ്റിനൊടുവിൽ ഹൈഡ്രജൻ ബലൂണുകൾ മുകളിലേയ്ക്കു പറത്തി ലൂക്കാ പ്രസിഡന്റ്‌ സ്പോർട്സ് ഡേ ഉത്‌ഘാടനം ചെയ്തു.

ലൂട്ടന്‍ കേരളൈറ്റ്‌സ് അസ്സോസിയേഷന്റെ എല്ലാ എക്സിക്കുട്ടീവ് കമ്മിറ്റി അംഗങ്ങളുടെയും കൂട്ടായ പ്രവർത്തനത്തിലൂടെ വളരെ സംഘടിതമായി നടത്തിയ ഈ സ്പോർട്സ് ഡേ അംഗങ്ങളുടെ അഭൂതപൂർവമായ പങ്കാളിത്തം കൊണ്ട് സമ്പന്നമായി. ഇരുനൂത്തമ്പതിലേറെ അംഗങ്ങളാണ്
മത്സരാര്ഥികളായും അല്ലാതെയും സ്പോർട്സ് ഡേയ്ക്ക് എത്തിച്ചെർന്നത്. ലൂക്കാ ഒരുക്കിയ ഫുഡ് സ്റ്റാളിൽനിന്നും കപ്പ ബിരിയാണിയും കൊഴുക്കട്ടയും മുതൽ ഉപ്പുസോഡനാരങ്ങാ വെള്ളം വരെ മിതമായ നിരക്കിൽ ലഭ്യമായിരുന്നു. ലൂക്കാ ട്രഷറർ അമിത് മാത്യു സ്പോർട്സ് ഡേയ്ക്ക് ആവശ്യമായ സാധനസാമഗ്രികൾ വാങ്ങുന്നതിനും വരവു ചെലവു കണക്കുകൾ നോക്കുന്നതിനും മുഖ്യ പങ്കുവഹിച്ചു.

തികച്ചും സൗജന്യമായി ലൂക്കാ ഒരുക്കിയ ഫേസ് പെയിന്റിങ്ങും ബൗൺസികാസിലും കുട്ടികളിലും മുതിർന്നവരിലും ഉത്സവ പ്രതീതി ജനിപ്പിച്ചു. മാതാപിതാക്കൾക്ക് സുഗമമായി മത്സരങ്ങളിൽ പങ്കെടുക്കുന്നതിനും ഇത് അവസരമൊരുക്കി. ഏതു പ്രായക്കാർക്കും മത്സരിയ്ക്കാം എന്നതായിരുന്നു ലൂക്കാ സ്പോർട്സ് ഡേയുടെ ഏറ്റവും വലിയ പ്രത്യേകത. കുട്ടികളുടെ സ്വീറ്റ് പിക്കിങ്ങിൽ രണ്ടു വയസ്സുമുതലുള്ള കുട്ടികൾ മത്സരിച്ചപ്പോൾ സൂപ്പർ സീനിയർ ഇനത്തിലെ ഷോട്ട്പുട്ടിൽ അറുപതു വയസ്സിനു മുകളിലുള്ളവർ വരെ മാറ്റുരച്ചു, എല്ലാ മത്സര ഇനങ്ങളും വനിതകൾക്കും പുരുഷന്മാർക്കും പ്രത്യേകമായി ഉണ്ടായിരുന്നത് നീതി പൂർവ്വമായ നടത്തിപ്പിനും വിധിനിർണ്ണയത്തിനും സഹായകരമായി. സ്പോർട്സ് കോഓർഡിനേറ്റർമാരായ ജെയിൻ ജോർജ്, പ്രവീൺ ലോനപ്പൻ, സുബി സോമൻ എന്നിവരാണ് മത്സരങ്ങൾ നിയന്ത്രിച്ചത്.

പുരുഷ വനിതാ ടീമുകൾക്ക് പ്രത്യേകമായി നടത്തിയ വടംവലി മത്സരത്തിൽ പന്ത്രണ്ടു ടീമുകളാണ് മാറ്റുരച്ചത്. ആവേശം തിരതല്ലിയ വടംവലി മത്സരം പല റൗണ്ടുകളായാണ് പൂർത്തിയാക്കിയത്. വിജയിച്ച വടംവലി ടീമുകൾക്ക് സമ്മാനമായി നൽകിയ നാടൻ പഴക്കുല വിജയ പരാജയങ്ങൾ മാറ്റിവച്ച് എല്ലാ ടീമുകളും പങ്കുവച്ചു. വൈകിട്ട് എട്ടുമണിയേടെയാണ് മത്സരങ്ങൾ പൂർത്തിയായത് . മത്സര വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും നൽകി. ജിജി മാത്യൂസ് മെമ്മോറിയൽ എവർ റോളിങ്ങ് ചാമ്പ്യൻ ട്രോഫി ഏറ്റവും കൂടുതൽ പോയിന്റുകൾ കരസ്ഥമയക്കിയ സോൺ നാലിന് സമ്മാനിച്ചു. സ്പോർട്സ് ഡേ വൻ വിജയമാക്കിയതിന് ലൂക്കാ സെക്രട്ടറി ജോർജ് കുര്യൻ എല്ലാ അംഗങ്ങൾക്കും നന്ദി അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more