1 GBP = 109.00
breaking news

97 പുതിയ സ്കൂൾ കെട്ടിടങ്ങൾക്ക് ഇന്ന് മുഖ്യമന്ത്രി തറക്കല്ലിടും

97 പുതിയ സ്കൂൾ കെട്ടിടങ്ങൾക്ക് ഇന്ന് മുഖ്യമന്ത്രി തറക്കല്ലിടും

97 പുതിയ സ്കൂൾ കെട്ടിടങ്ങൾ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. കണ്ണൂർ ധർമ്മടം ജിഎച്ച്എസ്എസ് മുഴപ്പിലങ്ങാട് വച്ചാണ് സംസ്ഥാന തല ഉദ്ഘാടന ചടങ്ങ് നടക്കുന്നത്. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ചടങ്ങിൽ അധ്യക്ഷനാകും. ഈ ചടങ്ങിൽ വച്ച് മൂന്ന് ടിങ്കറിംഗ് ലാബുകൾ കൂടി ഉദ്ഘാടനം ചെയ്യപ്പെടും. ഈ ചടങ്ങിൽ വച്ച് തന്നെ 12 പുതിയ സ്കൂൾ കെട്ടിടങ്ങൾക്ക് തറക്കല്ലിടും.

ഇതിനെല്ലാം കൂടി 182 കോടി രൂപ മതിപ്പ് ചെലവ് വരും. ഭൗതീക സൗകര്യവികസനത്തിനായി 2016 മുതൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെയും അതിന്റെ തുടർച്ചയായ വിദ്യാകരണം മിഷന്റെയും ഭാഗമായി 3800 കോടിയിലധികം രൂപയുടെ നിക്ഷേപം കിഫ്ബി പദ്ധതി, പ്ലാൻ ഫണ്ട്, മറ്റ് ഇതര ഫണ്ടുകൾ വഴി നടത്തിയിട്ടുണ്ട്.

ഇതുവരെ കിഫ്‌ബി ഫണ്ടിൽ മാത്രം അഞ്ചു കോടി രൂപ നിരക്കിൽ 126 സ്കൂൾ കെട്ടിടങ്ങളും മൂന്നു കോടി രൂപ നിരക്കിൽ 153 സ്കൂൾ കെട്ടിടങ്ങളും ഒരു കോടി രൂപ നിരക്കിൽ 98 സ്കൂൾ കെട്ടിടങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. ഇതിനു പുറമേയാണ് 97 സ്കൂൾ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്യുന്നതും 12 സ്കൂൾ കെട്ടിടങ്ങൾക്ക് തറക്കല്ലിടുന്നതും. ഇത് കൂടാതെ പ്ലാൻ ഫണ്ട്, നബാർഡ് ഫണ്ട്, മറ്റ് ഇതര ഫണ്ടുകൾ തുടങ്ങിയവ ഉപയോഗിച്ച് നിർമ്മിച്ച നിരവധി കെട്ടിടങ്ങൾ ഇതിനകം ഉദ്ഘാടനം ചെയ്തു കഴിഞ്ഞു.

മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്

സംസ്ഥാനത്തെ വിവിധ വിദ്യാലയങ്ങളിലായി 97 പുതിയ കെട്ടിടങ്ങളുടെയും 3 റ്റിങ്കറിങ് ലാബുകളുടെയും ഉദ്ഘാടനവും 12 സ്കൂള്‍ കെട്ടിടങ്ങളുടെ തറക്കല്ലിടൽ ചടങ്ങും മുഴുപ്പിലങ്ങാട് സർക്കാർ ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുകയാണ്.
പുതിയ കെട്ടിടങ്ങളിൽ കിഫ്ബിയുടെ 5 കോടി രൂപ ധനസഹായത്തോടെ ഉള്ള ഒരു കെട്ടിടവും 3 കോടി രൂപ ധനസഹായത്തോടെ ഉള്ള 12 കെട്ടിടങ്ങളും ഒരു കോടി രൂപ ധനസഹായത്തോടെ ഉള്ള 48 എണ്ണവും ഉള്‍പ്പെടുന്നു. മറ്റു 36 കെട്ടിടങ്ങൾ നിർമ്മിച്ചത് പ്ലാന്‍ ഫണ്ടും മറ്റു ഫണ്ടുകളും പ്രയോജനപ്പെടുത്തിയാണ്.
പുതിയ സ്കൂൾ കെട്ടിടങ്ങളുടെ നിർമ്മാണം കഴിഞ്ഞ ഏഴു വർഷം കൊണ്ടു കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു വലിയ മാറ്റമാണ് ഉണ്ടാക്കിയത്. തകർച്ചയുടെ വക്കിലെത്തിയ സർക്കാർ/എയ്ഡഡ് വിദ്യാലയങ്ങളെ മികച്ച സൗകര്യങ്ങളൊരുക്കി കൈപ്പിടിച്ചുയർത്തിയ എൽ.ഡി.എഫ് സർക്കാരിന്റെ ഇച്ഛാശക്തിയുടേയും ജനങ്ങളോടുള്ള പ്രതിബദ്ധതയുടേയും ഫലമാണത്.
2016 മുതൽ 3,800 കോടിയിലധികം രൂപയുടെ നിക്ഷേപമാണ് പൊതുവിദ്യാലയങ്ങളിൽ സര്‍ക്കാര്‍ നടത്തിയത്. 8 മുതൽ 12 വരെയുള്ള 45,000 സ്മാർട്ട് ക്ലാസ്മുറികള്‍ സജ്ജമായി. മുഴുവന്‍ പ്രൈമറി, അപ്പര്‍ പ്രൈമറി സ്കൂളുകളിലും കമ്പ്യൂട്ടര്‍ ലാബ് ഒരുക്കി.
യൂണിഫോമുകളും പാഠപുസ്തകങ്ങളും ഒക്കെ സ്കൂള്‍ തുറക്കുന്നതിനു മുമ്പുതന്നെ നമ്മുടെ കുട്ടികളുടെ കൈകളിലേക്കെത്തി. അങ്ങനെ നമ്മുടെ പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളായി മാറി. നീതി ആയോഗ് തയ്യാറാക്കിയ സ്കൂള്‍ എജ്യൂക്കേഷന്‍ ക്വാളിറ്റി ഇന്‍ഡക്സ് പ്രകാരം ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനമാണ് കേരളം. പൊതുവിദ്യാലയങ്ങളിൽ മക്കളെ ചേർക്കാൻ രക്ഷിതാക്കാൾ മടിച്ചിരുന്ന കാലം മാറി. കഴിഞ്ഞ 6 വര്‍ഷംകൊണ്ട് പുതുതായി എത്തിയത് 10.5 ലക്ഷത്തോളം കുട്ടികളാണ്.
എല്ലാവർക്കും ഒരുപോലെ മികച്ച വിദ്യാഭ്യാസ സൗകര്യങ്ങൾ ലഭ്യമാക്കാനായി നമ്മുടെ പൊതുവിദ്യാലയങ്ങളുടെ നിലവാരം ഉയർത്തുക എന്ന അനിവാര്യമായ കടമ അഭിമാനാർഹമായ രീതിയിൽ സർക്കാരിനു നിർവഹിക്കാൻ സാധിക്കുന്നു. പൊതുസമൂഹത്തിന്റെ അകമഴിഞ്ഞ പിന്തുണയും ഇക്കാര്യത്തിൽ കേരളത്തിന്റെ കരുത്തായി മാറി. ഇനിയുമൊരുപാട് മികവിലേയ്ക്ക് നമ്മുടെ വിദ്യാലയങ്ങൾ ഉയരേണ്ടതുണ്ട്. അതിനായി ഈ പരിശ്രമത്തെ കൂടുതൽ ഒരുമയോടെ നമുക്കു മുന്നോട്ടു കൊണ്ടുപോകാം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more