അലക്സ് വർഗ്ഗീസ്
(യുക്‌മ പി.ആർ.ഒ. & മീഡിയ കോർഡിനേറ്റർ)
ഇക്കഴിഞ്ഞ ജനുവരി 19ന് അകാലത്തിൽ മരണമടഞ്ഞ കവൻട്രിയിലെ അരുൺ മുരളീധരൻ നായരുടെ കുടുംബത്തെ സഹായിക്കുവാൻ വേണ്ടി യുക്‌മ ചാരിറ്റി ഫൌണ്ടേഷനും (UCF) കവൻട്രി കേരള കമ്മ്യൂണിറ്റിയും (CKC) ചേർന്ന് സമാഹരിച്ച തുക അരുണിന്റെ കുടുംബത്തിന് കൈമാറി. ഭിന്ന ശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി തന്റെ ജീവിതം ഉഴിഞ്ഞ് വെച്ച സുപ്രസിദ്ധ മജീഷ്യൻ ഗോപിനാഥ് മുതുകാടാണ് തുക അരുണിന്റെ കുടുംബത്തിന് കൈമാറിയത്.
തിരുവനന്തപുരം സ്വദേശിയായ അരുണിന്റെ മൃതദേഹം ഫെബ്രുവരി രണ്ടാം വാരം നാട്ടിലെത്തിച്ച് സംസ്കാരം നടത്തിയിരുന്നു.
തിരുവനന്തപുരത്ത് വെച്ച് നടന്ന തികച്ചും ലളിതമായ ചടങ്ങിൽ വെച്ചാണ് അരുണിന്റെ കുടുംബം തുക ഏറ്റുവാങ്ങിയത്. കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്ക് ചെയർമാൻ ജോർജ്ജ്കുട്ടി ആഗസ്തി, യുക്മ മിഡ്ലാൻഡ്സ് റീജിയൻ പ്രസിഡന്റ് ജോർജ്ജ് തോമസ് എന്നിവർ സന്നിഹിതരായിരുന്നു.
യുക്‌മയും സി കെ സി കവൻട്രിയും ചേർന്ന് നടത്തിയ ഈ ജീവകാരുണ്യ പ്രവർത്തനത്തെ പ്രത്യേകം അഭിനന്ദിച്ച ഗോപിനാഥ് മുതുകാട്, യുക്മ ചെയ്ത് കൊണ്ടിരിക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ ആയിരം കൈകൾ ചേർത്ത് കൊണ്ട് അഭിനന്ദിക്കുന്നതായി പറഞ്ഞു. യുക്മയുടെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ ഭാവുകങ്ങളും നേർന്ന മുതുകാട് ഇനിയും ഇത് പോലുള്ള ഒരുപാട് ആളുകളെ ചേർത്ത് പിടിക്കാൻ സാധിക്കട്ടെയെന്ന് ആശംസിച്ചു. യുക്മയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളോട് സഹകരിക്കുന്നവർക്ക് നന്ദി പറഞ്ഞ മുതുകാട് ഇത് പോലുളള പ്രവർത്തനങ്ങൾക്ക് യുകെയിലെ നല്ലവരായ എല്ലാ മനുഷ്യരുടേയും സഹായവും സഹകരണവും ഉണ്ടാകട്ടേയെന്ന് ആശംസിച്ചു.
യുക്മ മാജിക് പ്ളാനറ്റിൻ്റെ പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത കാര്യം ഓർമ്മയിൽ സൂക്ഷിക്കുന്ന ഗോപിനാഥ് മുതുകാട് യുക്മയുടെ ഭാവി പ്രവർത്തനങ്ങൾക്ക് എല്ലാവിധ ഭാവുകങ്ങളും നേർന്നു.
അരുണിൻ്റെ കുടുംബത്തെ സഹായിക്കുവാൻ നടത്തിയ ധനശേഖരണ പ്രവർത്തനവുമായി സഹകരിച്ച എല്ലാവർക്കും, നേതൃത്വം നൽകിയ യുക്മ മിഡ്ലാൻഡ്സ് റീജിയൻ പ്രസിഡൻ്റ് ജോർജ് തോമസ്, സി കെ സി പ്രസിഡൻറ് ഷിൻസൻ മാത്യു എന്നിവർക്കും മറ്റ് ഭാരവാഹികൾക്കും യുക്മ ദേശീയ സമിതി നന്ദി രേഖപ്പെടുത്തി.
click on malayalam character to switch languages