ലണ്ടൻ: നഴ്സുമാരും ആംബുലൻസ് തൊഴിലാളികളും ഉൾപ്പെടെ ഇംഗ്ലണ്ടിലെ എൻഎച്ച്എസ് ജീവനക്കാർക്ക് ഏപ്രിൽ മുതൽ 5% ശമ്പള വർദ്ധനവ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
കൂടാതെ, മുൻ വർഷങ്ങളിലെ ശമ്പള അവാർഡ് ടോപ്പ് അപ്പ് ചെയ്യുന്നതിന് ജീവനക്കാർക്ക് ഒറ്റത്തവണ പേയ്മെന്റായി കുറഞ്ഞത് £1,655 സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്.
രണ്ടാഴ്ചയോളം മന്ത്രിമാരുമായുള്ള നീണ്ട ചർച്ചകൾക്ക് ശേഷമാണ് തീരുമാനങ്ങൾ ഇന്നലെ പുറത്ത് വന്നത്. ഇതോടെ ഏറെ നാൾ നീണ്ടു നിന്ന സമരങ്ങൾ അവസാനിക്കുമെന്ന പ്രതീക്ഷ ഉയർത്തിക്കൊണ്ട് യൂണിയനുകൾ അംഗങ്ങളുമായി കരാർ സംബന്ധിച്ച ചർച്ചകൾ നടത്തും. വ്യത്യസ്ത കരാറിലുള്ള ഡോക്ടർമാർ ഒഴികെയുള്ള എല്ലാ എൻഎച്ച്എസ് ജീവനക്കാർക്കും ശമ്പള വർദ്ധനവ് ബാധകമാകും.
പണപ്പെരുപ്പം പകുതിയായി കുറയ്ക്കാനുള്ള സർക്കാരിന്റെ പ്രതിബദ്ധത സംരക്ഷിക്കുന്ന ന്യായമായ ശമ്പള വർധനയാണിതെന്ന് ആരോഗ്യ സെക്രട്ടറി സ്റ്റീവ് ബാർക്ലേ പറഞ്ഞു. എൻഎച്ച്എസ് ജീവനക്കാരുടെ നിസീമമായ പ്രവർത്തനത്തെ താൻ വളരെയധികം അഭിനന്ദിക്കുന്നതായി അദ്ദേഹം പറഞ്ഞു. എൻഎച്ച്എസിനെ മികച്ച ജോലിസ്ഥലമാക്കി മാറ്റുന്നതിന് ഒരുമിച്ച് എല്ലാവരും ശ്രമിയ്ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യൂണിയനുകളുടെ ക്രിയാത്മക ഇടപെടലിനെ ബാർക്ലേ പ്രശംസിക്കുകയും ചെയ്തു.
നഴ്സുമാർ, ആംബുലൻസ് ജീവനക്കാർ, മിഡ്വൈഫുമാർ, ഫിസിയോകൾ, ക്ലീനർമാരും പോർട്ടർമാരും ഉൾപ്പെടെയുള്ള സപ്പോർട്ട് സ്റ്റാഫ് എന്നിവരുടെയെല്ലാം പ്രതിനിധികളായ 14 യൂണിയനുകളാണ് സർക്കാരുമായുള്ള ചർച്ചകളിൽ പങ്കെടുത്തത്. റോയൽ കോളജ് ഓഫ് നഴ്സിംങ്, യൂണിസെൻ, ജിഎംബി എന്നീ പ്രമുഖ സംഘടനകൾ സംയുക്തമായി സമരരംഗത്ത് ഇറങ്ങിയതോടെയാണ് സർക്കാർ ചർച്ചകൾക്ക് തയാറായി മുന്നോട്ടു വന്നത്. നഴ്സുമാർ ഉൾപ്പെടെയുള്ളവരുടെ സമരങ്ങൾ എൻഎച്ച്എസിന്റെ പ്രവർത്തനം അവതാളത്തിലാക്കിയിരുന്നു. തികച്ചും ന്യായമായ ആവശ്യങ്ങളെ അവഗണിച്ച് സർക്കാരാണ് പ്രശ്നം ഇത്രയേറെ സങ്കീർണമാക്കി മാറ്റിയതെന്ന് യൂണിയനുകൾ ആരോപിച്ചു.
click on malayalam character to switch languages