ബേസിംഗ്‌സ്‌റ്റോക്ക് കൗൺസിലർ സജീഷ് ടോം എൻ എച്ച് എസ് ഹോസ്പിറ്റൽസ് ചാരിറ്റിക്ക് വേണ്ടി ആകാശചാട്ടത്തിന് ഒരുങ്ങുന്നു
Mar 14, 2023
സ്വന്തം ലേഖകൻ:
ഹാംഷെയർ ഹോസ്പിറ്റൽസ് എൻ എച്ച് എസ് ഫൗണ്ടേഷൻ ട്രസ്റ്റിന്റെ ചാരിറ്റി വിഭാഗം സംഘടിപ്പിക്കുന്ന സ്കൈ ഡൈവിങിൽ ബേസിംഗ്‌സ്‌റ്റോക്ക് കൗൺസിലറും മലയാളിയുമായ സജീഷ് ടോം പങ്കെടുക്കുന്നു.
കഴിഞ്ഞ ഒൻപത് വർഷമായി ബേസിംഗ്‌സ്‌റ്റോക്ക് എൻ എച്ച് എസ് ഹോസ്പിറ്റലിൽ അഡ്മിൻ വിഭാഗത്തിൽ ജോലിചെയ്യുന്ന സജീഷ് ടോം, ട്രസ്റ്റിന്റെ പത്ത് വർഷത്തെ ചരിത്രത്തിൽ ആദ്യത്തെ പ്രാദേശിക കൗൺസിലർ എന്ന നിലയിൽ ശ്രദ്ധേയനാണ്. സാലിസ്ബറി ആർമി പാരച്യൂട്ട് അസോസിയേഷൻ കേന്ദ്രത്തിൽ ജൂൺ 3 ശനിയാഴ്ചയാണ് സ്കൈ ഡൈവിങ് നടക്കുന്നത്.
ഹാംഷെയർ ഹോസ്പിറ്റൽസ് ചാരിറ്റിയുടെ ഈ വർഷത്തെ സുപ്രധാന പ്രോഗ്രാം ആയ “മാജിക് ലയൺ അപ്പീൽ” ന്റെ ഭാഗമായാണ് സ്കൈ ഡൈവിങ് ആസൂത്രണം ചെയ്തിരിക്കുന്നത്. വിഞ്ചസ്റ്റർ, ബേസിംഗ്‌സ്‌റ്റോക്ക്, ആൻഡോവർ, ഓൾട്ടൺ ആശുപത്രികളിലെ കുട്ടികളുടെ വാർഡുകൾക്ക് വേണ്ടിയാണ് സ്കൈ ഡൈവിങ് വഴി സമാഹരിക്കുന്ന തുക പ്രധാനമായും ഉപയോഗിക്കപ്പെടുക.
എണ്ണായിരത്തിലധികം ജീവനക്കാരാണ് വിഞ്ചസ്റ്റർ, ബേസിംഗ്‌സ്‌റ്റോക്ക്, ആൻഡോവർ എന്നീ ആശുപത്രികളിലായി ഹാംഷെയർ ഹോസ്പിറ്റൽസ് ട്രസ്റ്റിൽ ജോലിചെയ്യുന്നത്. ഇതാദ്യമായാണ് ഹാംഷെയർ ഹോസ്പിറ്റൽസ് ചാരിറ്റി സ്കൈ ഡൈവിങ് സംഘടിപ്പിക്കുന്നത്. വിവിധ ഹോസ്പിറ്റലുകളിൽ നിന്നായി പന്ത്രണ്ട്പേരാണ് ആകാശ ചാട്ടത്തിന് തയ്യാറെടുക്കുന്നത്.
യുക്മ യുടെ മുൻ ദേശീയ ജനറൽ സെക്രട്ടറി, പബ്ലിക് റിലേഷൻസ് ഓഫീസർ, മീഡിയ കോർഡിനേറ്റർ എന്നീ നിലകളിൽ യു കെ യിലെ മലയാളി പൊതുസമൂഹത്തിൽ പരിചിതനായ സജീഷ് ടോം, ബേസിംഗ്‌സ്‌റ്റോക്ക് ബറോ കൗൺസിലർ എന്നനിലയിൽ ബേസിംഗ്‌സ്‌റ്റോക്ക് പ്രാദേശീക സമൂഹത്തിലും ഏറെ പരിചിതനും ശ്രദ്ധേയനുമാണ്. സ്കൈ ഡൈവിങിലെ സജീഷിന്റെ പങ്കാളിത്തം ഹാംഷെയർ ഹോസ്പിറ്റൽസ് ചാരിറ്റി പ്രവർത്തനങ്ങളെ കൂടുതൽ ജനകീയമാക്കും എന്ന് വിലയിരുത്തപ്പെടുന്നു.
Interview with Sajish Tom published in Basingstoke Gazette:-
click on malayalam character to switch languages