വോക്കിങ്ങിലെ ആദ്യകാല മലയാളികളിൽ ഒരാളായ കണ്ണൂർ ജില്ലയിലെ കുഞ്ഞിമംഗലം കവിത നിവാസിൽ വിജയൻ നാരായണനാണ് (64) നെഞ്ചുവേദനയെ തുടർന്ന് കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയത്. പരേതന്റെ കുടുംബം നാട്ടിലാണ്. ഭാര്യ ലളിത. മക്കൾ കവിത, വിചിത. മരുമകൻ രമിത്
വോക്കിങ്ങ് ചെന്നൈ ദോശ റെസ്റ്റോറന്റിൽ ഷെഫായിട്ട് ജോലി ചെയ്തിരുന്ന വിജയന് മൂന്ന് ദിവസം മുൻപ് ജോലിക്കിടയിൽ നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ വെച്ച് ആരോഗ്യ നില മോശമായതോടെ കൂടുതൽ വിദഗ്‌ദ ചികിത്സക്കായി ലണ്ടൻ കിങ്‌സ് ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും ആരോഗ്യ നില കൂടുതൽ വഷളായി. തുടർന്ന് വെന്റിലേറ്റർ സഹായത്തോടെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ ശ്രമം നടത്തിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഫെബ്രുവരിയിൽ നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാമത്തെ മകളുടെ വിവാഹത്തിന്റെ ഒരുക്കങ്ങളിലായിരുന്ന കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ് ഈ ആഘാതം. ഈ മാസം ഏഴാം തീയതി നാട്ടിൽ പോകുവാൻ ഒരുങ്ങിയിരുന്ന വിജയന്റെ വിയോഗ വാർത്ത കുടുംബത്തിനെന്ന പോലെ വിജയന്റെ സുഹൃത്തുക്കൾക്കും വിശ്വസിക്കാനാവുന്നില്ല. വോക്കിംങ് മലയാളികൾക്കിടയിൽ ഒട്ടേറെ സൌഹൃദങ്ങൾ സൂക്ഷിച്ചിരുന്ന വിജയൻ സുഹൃത്തുക്കൾക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു.
വിജയന്റെ ഭൌതിക ശരീരം നാട്ടിലെത്തിച്ച് സംസ്കാര കർമ്മങ്ങൾ നടത്തുവാനാണ് കുടുംബാംഗങ്ങൾ ആഗ്രഹിക്കുന്നത്. കുടുംബത്തിന്റെ അഭ്യർത്ഥന മാനിച്ച് യുക്‌മ ചാരിറ്റി ഫൌണ്ടേഷൻ (UCF) വോക്കിംങ് മലയാളി കൾച്ചറൽ അസ്സോസ്സിയേഷനുമായി (WMCA) ചേർന്ന് ഒരു ഫണ്ട് ശേഖരണം ആരംഭിച്ചിരിക്കുകയാണ്.
വിജയന്റെ ആകസ്‌മിക നിര്യാണത്തിൽ യുക്‌മ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്ജ്, യുക്മ പി.ആർ.ഒ. അലക്‌സ് വർഗ്ഗീസ്, ലയ്‌സൺ ഓഫീസർ മനോജ്‌കുമാർ പിള്ള, യുക്മ വക്താവ് അഡ്വ. എബി സെബാസ്റ്റ്യൻ, ദേശീയ സമിതിയംഗം ഷാജി തോമസ്സ്, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, സൌത്ത് ഈസ്റ്റ് റീജിയണൽ പ്രസിഡൻറ് സുരേന്ദ്രൻ ആരക്കോട്ട് തുടങ്ങിയവർ അനുശോചനം അറിയിച്ചു. പരേതന്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്ക് ചേരുന്നു. ആദരാഞ്ജലികൾ…..
വിജയൻ നാരായണൻ്റെ കുടുംബത്തെ സഹായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
click on malayalam character to switch languages