1 GBP = 107.56
breaking news

നേഴ്സസ് സമരമുഖത്ത് ആവേശമായി യുക്‌മ നേഴ്സസ് ഫോറം അംഗങ്ങൾ; സമരപോരാളികൾക്ക് ഊർജ്ജം പകർന്ന് നോട്ടിംഗ്ഹാം മലയാളി കൾച്ചറൽ അസ്സോസ്സിയേഷൻ നേതാക്കളും പ്രവർത്തകരും…..

നേഴ്സസ് സമരമുഖത്ത് ആവേശമായി യുക്‌മ നേഴ്സസ് ഫോറം അംഗങ്ങൾ; സമരപോരാളികൾക്ക് ഊർജ്ജം പകർന്ന് നോട്ടിംഗ്ഹാം മലയാളി കൾച്ചറൽ അസ്സോസ്സിയേഷൻ നേതാക്കളും പ്രവർത്തകരും…..

അലക്സ് വർഗ്ഗീസ്സ്

(യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)

എൻ.എച്ച്.എസ്സ് നേഴ്സസ് സമരത്തിൻറെ രണ്ടാം ദിനമായ ഇന്നലെ രാജ്യമെമ്പാടും സമരത്തിന് നേതൃത്വം നൽകിയ ആർ.സി.എന്നിന്റെ പ്രവർത്തകരോടൊപ്പം യുക്മ നേഴ്സസ് ഫോറം പ്രവർത്തകരും ആവേശപൂർവ്വം പങ്കെടുത്തു. യുക്മ നേഴ്‌സസ് ഫോറം മിഡ്‌ലാൻഡ്‌സ് റീജിയണൽ കോർഡിനേറ്റർ ഷൈനി ബിജോയിയുടെ നേതൃത്വത്തിലാണ്‌ യു.എൻ.എഫ് പ്രവർത്തകർ സമരത്തിൽ പങ്കെടുത്തത്. ഡിസംബർ 15 ന് നടന്ന ആദ്യദിന സമരത്തിൽ പങ്കെടുത്തതിനേക്കാൾ കൂടുതൽ നേഴ്സുമാർ ഇന്നലത്തെ സമരത്തിൽ ആവേശപൂർവ്വം പങ്കെടുത്തു. സമരം ചെയ്യുന്ന നേഴ്സുമാരുമായി ഗവൺമെൻറ് ചർച്ചയ്ക്ക് പോലും തയ്യാറാകാത്ത സാഹചര്യത്തിൽ ജനുവരിയിൽ കൂടുതൽ രൂക്ഷമായ സമരത്തിന് ഒരുങ്ങുകയാണ് നേഴ്സിംഗ് സംഘടനകൾ. 

രാജ്യമെമ്പാടും നൂറുകണക്കിന് എൻ.എച്ച്.എസ്സ് ആശുപത്രികളിൽ സമരം ചെയ്ത നേഴ്സുമാർ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചപ്പോൾ നോട്ടിംഗ്ഹാമിലെ സമരക്കാഴ്ചകളിലെ മലയാളി സാന്നിദ്ധ്യം വേറിട്ട കാഴ്ചയായി. നോട്ടിംഗ്ഹാം ക്യൂൻസ് മെഡിക്കൽ സെന്റർ, സിറ്റി ഹോസ്പിറ്റൽ ക്യാമ്പസ്സ് എന്നിവിടങ്ങളിലെ പ്രക്ഷോഭങ്ങൾക്ക് പിന്തുണ നൽകാനാണ് എൻ.എം.സി.എ അംഗങ്ങൾ എത്തിയത്. തണുത്ത് വിറങ്ങലിച്ച് നിന്ന അന്തരീക്ഷത്തിൽ സമരമുഖത്ത് അണിനിരന്ന പ്രക്ഷോഭകർക്ക് അകമഴിഞ്ഞ പിന്തുണയുമായി എത്തിയ നോട്ടിംഗ്ഹാം മലയാളി കൾച്ചറൽ അസ്സോസ്സിയേഷൻ (NMCA) പ്രവർത്തകർ പ്രക്ഷോഭകർക്ക് തികഞ്ഞ ആവേശമായി മാറി. യുക്മ നാഷണൽ ട്രഷറർ ഡിക്സ് ജോർജ്ജ്, NMCA പ്രസിഡന്റും യുക്‌മ മിഡ്ലാൻഡ്‌സ് റീജിയണൽ ട്രഷററുമായ അഡ്വ. ജോബി പുതുക്കുളങ്ങര, സെക്രട്ടറി ബിജോയ് വർഗ്ഗീസ്, ജോയിന്റ് സെക്രട്ടറി ബെന്നി ജോസഫ്, നേഴ്സസ് സമരത്തിന്റെ നോട്ടിംഗ്ഹാം ഏരിയ കോർഡിനേറ്ററായ യോഗേഷ്, സജീഷ് ഫ്രാൻസിസ് എന്നിവരുടെ നേതൃത്വത്തിൽ എത്തിയ NMCA പ്രവർത്തകർ സമര പോരാളികൾക്ക് ആവേശം പകർന്നതോടൊപ്പം അവർക്കാവശ്യമായ ചൂട് പാനീയങ്ങളും ലഘു ഭക്ഷണങ്ങളും വിതരണം ചെയ്തത് പ്രക്ഷോഭകരുടെ ആവേശം ഇരട്ടിയാക്കി. സമര രംഗത്തുണ്ടായിരുന്ന ഇംഗ്ളീഷുകാർ ഉൾപ്പടെയുള്ള പ്രക്ഷോഭകർ നിറഞ്ഞ മനസ്സോടെയും കയ്യടികളോടെയുമാണ് NMCA യുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ചത്.

രാജ്യമെമ്പാടുമുള്ള എൻ.എച്ച്.എസ്സ് ആശുപത്രികളുടെ പ്രവർത്തനങ്ങളെ കാര്യമായി ബാധിച്ച സമരത്തിനോട് പക്ഷേ ഗവൺമെന്റ് തികച്ചും നിഷേധാത്മകമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. സമരം തുടർന്നാലും തത്കാലം ചർച്ചകൾക്കില്ല എന്ന നിലപാടിലാണ് പ്രധാനമന്ത്രി ഋഷി സുനക്ക് എന്നാണ് ഗവൺമെൻറ് വൃത്തങ്ങൾ നൽകുന്ന സൂചന. ഗവൺമെൻറും പ്രധാനമന്ത്രിയും തുടരുന്ന നിഷേധാത്മക നിലപാട് മാറ്റി സമരക്കാരുമായി ചർച്ചയ്ക്ക് തയ്യാറാകണമെന്നും 19 ശതമാനം ശമ്പള വർദ്ധനവെന്ന നിലപാടിൽ അയവ് വരുത്താൻ തങ്ങൾ തയ്യാറാണെന്നും ആർ.സി.എൻ ജനറൽ സെക്രട്ടറി പാറ്റ് കുള്ളെൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. 

ഗവൺമെൻറ് ചർച്ചകൾക്ക് തയ്യാറാകുന്നില്ലയെങ്കിൽ ജനുവരിയിൽ കൂടുതൽ രൂക്ഷമായ സമരങ്ങളെ നേരിടേണ്ടി വരുമെന്നും ആശുപത്രികളുടെ പ്രവർത്തനം കൂടുതൽ അവതാളത്തിലാകുമെന്നും യൂണിയൻ നേതാക്കൾ മുന്നറിയിപ്പ്‌ നൽകുന്നു. സർജറി, സ്കാനിങ് ഉൾപ്പടെയുള്ള വിദഗ്ദ ചികിത്സകൾ ലഭിക്കുവാൻ ദീർഘനാൾ കാത്തിരിക്കേണ്ട സാഹചര്യം നിലവിലുള്ളപ്പോൾ നേഴ്സുമാരുടെ ദീർഘമായ സമരങ്ങൾ എൻ.എച്ച്.എസ്സ് ആശുപത്രികളുടെ പ്രവർത്തനം പാടെ നിശ്ചലമാക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more