നേഴ്‌സുമാരുടെ രണ്ടാം ദിന സമരത്തിന് കൂടുതൽ പങ്കാളിത്തം; നൂറുകണക്കിന് യുഎൻഎഫ് പ്രവർത്തകരും രംഗത്ത്
Dec 21, 2022
ലണ്ടൻ: നഴ്‌സുമാര്‍ക്ക് വേണ്ടിയുള്ള ശമ്പളവര്‍ദ്ധന വിഷയത്തില്‍ ആർസിഎൻ പ്രഖ്യാപിച്ച രണ്ടാംദിന സമരത്തിൽ കൂടുതൽ പങ്കാളിത്തം. പതിനായിരക്കണക്കിന് നേഴ്സുമാരാണ് രാജ്യത്തുടനീളം ഇന്നലെ പണിമുടക്കിയത്. നൂറുകണക്കിന് യുക്മ നേഴ്‌സസ് ഫോറം അംഗംങ്ങളും ഇന്നലെ സമരംഗത്തുണ്ടായിരുന്നു. അത്യാഹിത വിഭാഗങ്ങൾ ഒഴിവാക്കിയാണ് നേഴ്‌സുമാരുടെ സമരം.
അതേസമയം ശമ്പളം സംബന്ധിച്ച് മന്ത്രിമാര്‍ ചര്‍ച്ചയില്‍ സംസാരിക്കാന്‍ തയ്യാറായില്ലെങ്കില്‍ ന്യൂ ഇയറില്‍ കൂടുതല്‍ പണിമുടക്കുകള്‍ പ്രതീക്ഷിക്കാമെന്ന് ആർ സി എൻ നേതാവ് പാറ്റ് കുള്ളെന്‍ മുന്നറിയിപ്പ് നല്‍കി. പ്രതിസന്ധി ഒത്തുതീര്‍ക്കാന്‍ ഒറ്റത്തവണ പേയ്‌മെന്റ് സ്വീകരിക്കാനും തയ്യാറായേക്കുമെന്ന നിലയിലാണ് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് നിലപാട്. 19 ശതമാനം ശമ്പള വര്‍ദ്ധനവെന്ന ആവശ്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്നും ആര്‍സിഎന്‍ ജനറല്‍ സെക്രട്ടറി പറഞ്ഞു.
തനിക്കൊപ്പം ചര്‍ച്ചയ്ക്ക് ഇരിക്കാന്‍ പ്രധാനമന്ത്രി ഋഷി സുനാക് തയ്യാറാകണമെന്ന് പാറ്റ് കുള്ളെന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്രധാനമന്ത്രി ഇതുവരെ ഇതിന് സമ്മതം മൂളിയിട്ടില്ല. ഇന്‍ഡിപെന്‍ഡന്റ് ബോഡി നല്‍കിയ നിര്‍ദ്ദേശം സ്വീകരിച്ച് മുന്നോട്ട് വെച്ച ഓഫര്‍ മാറ്റാന്‍ കഴിയില്ലെന്നാണ് സുനാക് സ്വീകരിക്കുന്ന നിലപാട്.
ഇന്നലെ ചേര്‍ന്ന ക്യാബിനറ്റ് യോഗത്തില്‍ നഴ്‌സുമാരുടെ സമരം ചര്‍ച്ചയ്ക്ക് പോലും വെച്ചില്ല. ചര്‍ച്ചകളില്‍ ഇടപെടാന്‍ പ്രധാനമന്ത്രി ഉഇദ്ദേശിക്കുന്നില്ലെന്ന് ഡൗണിംഗ് സ്ട്രീറ്റ് വ്യക്തമാക്കി. ഇതോടെ ജനുവരിയില്‍ പുതിയ സമരങ്ങള്‍ക്കുള്ള വഴിയൊരുങ്ങുമെന്നാണ് ആശങ്ക. ‘നഴ്‌സുമാരുടെ പണിമുടക്ക് മൂലം ഋഷി സുനാക് സമ്മര്‍ദം നേരിടുകയാണ്. ചുറ്റുമുള്ള ആളുകള്‍ പറയുന്നത് കേള്‍ക്കാന്‍ അദ്ദേഹം തയ്യാറാകണം’, കുള്ളെന്‍ ആവശ്യപ്പെട്ടു. ക്രിസ്മസിനകം പ്രശ്‌നം തീര്‍ക്കാന്‍ കഴിയും, നഴ്‌സിംഗ് ജീവനക്കാരും, രോഗികളും ന്യൂ ഇയറില്‍ മറ്റൊരു അനിശ്ചിതത്വം നേരിടുന്നത് ഒഴിവാക്കാന്‍ നേരിട്ട് ചര്‍ച്ചയ്ക്ക് തയ്യാറാണ്, അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം സമരത്തിന് പൊതുജനങ്ങളിൽ നിന്ന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. നേഴ്‌സുമാരുടെ ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധയിടങ്ങളിൽ നിവധിപേരാണ് പിന്തുണയുമായെത്തിയത്.
click on malayalam character to switch languages