കാത്തിരിപ്പിന് വിരാമം കുറിച്ചു കൊണ്ട് യുക്മ കലാമേളകൾ വേദികളിലേക്ക് തിരിച്ചെത്തുന്നു; ആദ്യകലാമേള ശനിയാഴ്ച ഈസ്റ്റ് ആംഗ്ലിയ റീജിയനിൽ..
Oct 14, 2022
അലക്സ് വർഗ്ഗീസ്
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
കഴിഞ്ഞ രണ്ട് വർഷങ്ങളിൽ യുകെ മലയാളികളുടെ ഏറ്റവും വലിയ ഉത്സവമായ യുക്മ കലാമേളകൾ ഭീകര താണ്ഡവമാടിയ കോവിഡിനെ ഭയന്ന് വേദികളിൽ നിന്നും മാറി വിർച്വൽ പ്ലാറ്റ്ഫോമിലേക്ക് മാറ്റിയപ്പോൾ യുകെ മലയാളികളുടെ ഒത്ത് ചേരലിൻ്റേയും കൂട്ടായ്മയുടെയും വലിയ വേദി നഷ്ടബോധത്തിൻ്റെ നൊമ്പരമുണർത്തുന്ന ഒന്നായി മാറിയിരുന്നു. കാത്തിരിപ്പിന് വിരാമം കുറിച്ചു കൊണ്ട് വീണ്ടും യുക്മ കലാമേളകൾ വേദികളിലേക്ക് തിരിച്ചെത്തുന്നു. 2022 ലെ റീജിയണൽ കലാമേളകൾക്ക് നാളെ തുടക്കം കുറിക്കുകയാണ്. ആദ്യ കലാമേള നാളെ ശനിയാഴ്ച (15/10/22) ഈസ്റ്റ് ആംഗ്ലിയ റീജിയനിലാണ് അരങ്ങേറുന്നത്. റൈലേയിലെ സ്വയിൻ പാർക്ക് സ്കൂളിൽ യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ കലാമേള നാഷണൽ ജനറൽ സെക്രട്ടറി കുര്യൻ ജോർജ് തിരി തെളിച്ച് ഉദ്ഘാടനം ചെയ്യുന്നതോടെ യുക്മയുടെ 2022ലെ കലാ മാമാങ്കങ്ങൾക്ക് തുടക്കം കുറിക്കും. യുക്മ ജോയിൻ്റ് ട്രഷറർ എബ്രഹാം പൊന്നുംപുരയിടം ചടങ്ങിൽ സംബന്ധിക്കും.
വൈകുന്നേരം നടക്കുന്ന സമാപന സമ്മാനദാന ചടങ്ങിൽ യുക്മ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറ മുഖ്യാതിഥിയായി പങ്കെടുക്കും. യുക്മയുടെ ദേശീയ റീജിയണൽ ഭാരവാഹികൾ കലാമേള വിജയിപ്പിക്കുന്നതിനായി റൈലേയിലെത്തിച്ചേരും.
2022ലെ ഈസ്റ്റ് ആംഗ്ലിയ റീജിയണൽ കലാമേളയുടെ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ദേശീയ സമിതിയംഗം സണ്ണി മോൻ മത്തായി, യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണൽ പ്രസിഡന്റ് ജയ്സൻ ചാക്കോച്ചൻ, സെക്രട്ടറി ജോബിൻ ജോർജ് എന്നിവർ അറിയിച്ചു. യുക്മയിലെ കരുത്തരും അംഗബലം കൊണ്ടും മുൻനിരയിൽ നിൽക്കുന്ന ഈസ്റ്റ് ആംഗ്ലിയ റീജിയണിലെ ഇരുപത്തിയൊന്ന് അംഗ അസോസിയേഷനുകൾ പങ്കെടുക്കുന്ന ഈ കലാമേള പങ്കെടുക്കുന്നവർക്കും കാണികൾക്കും അവിസ്മരണീയമായ ഒരു ദൃശ്യാനുഭവമായിരിക്കുമെന്നതിൽ സംശയമില്ല. കലാമേളയുടെ രജിസ്ട്രേഷൻ പൂർത്തിയായപ്പോൾ മുൻപെന്നത്തേക്കാൾ വലിയ ആവേശവും പ്രതികരണവുമാണ് ലഭിച്ചതെന്ന ഭാരവാഹികൾ അറിയിച്ചു.
യു.കെ നിവാസികളായ മലയാളികളുടെ ഇടയിൽ, വളർന്നു വരുന്ന പുതിയ തലമുറയിലെ കലാകാരന്മാർക്കും കലാകാരികൾക്കും തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കാനും മറ്റുള്ളവരുമായി മാറ്റുരക്കാനുമുള്ള ഒരു അസുലഭ വേദിയായി മാറിയിരിക്കയാണ് റീജിയണൽ കലാമേള. പല വേദികളിലായി സംഘടിപ്പിക്കപ്പെടുന്ന ഭാരതത്തിലെ, വിശിഷ്യാ കേരളത്തിലെ തനതു സംസ്കാരം വിളിച്ചറിയിക്കുന്ന വൈവിധ്യമാർന്ന കലാരൂപങ്ങൾ കണ്ണിനും കാതിനും കുളിരണിയിച്ചുകൊണ്ടു നാളെ മുതൽ കടന്നുവരികയാണ്. ഈസ്റ്റ് ആംഗ്ലിയ റീജിയനിലെങ്ങും ആവേശത്തിന്റെ പെരുംപറയുണർത്തിയാണ് കലകളുടെ ഈ മാമാങ്കം എത്തിച്ചേർന്നിരിക്കുന്നത്.
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണൽ കലാമേള വൻപിച്ച വിജയമാക്കുവാൻ ഏവരേയും സ്വാഗതം ചെയ്യുന്നതായി ഈസ്റ്റ് ആംഗ്ലിയ റീജിയണൽ കലാമേള കൺവീനർ അലോഷ്യസ് ഗബ്രിയേൽ അറിയിച്ചു.
ഈസ്റ്റ് ആംഗ്ലിയ റീജിയൻ കലാമേളയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:-
click on malayalam character to switch languages