ലണ്ടൻ: ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയെ പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കവേ ദി മെയിൽ ഓൺ സൺഡേയ്ക്കായി നടത്തിയ ഒരു വോട്ടെടുപ്പ് പ്രകാരം, ജീവിതച്ചെലവ് പ്രതിസന്ധിയെ നേരിടാനുള്ള ലിസ് ട്രസിന്റെ പദ്ധതികളെ കൂടുതൽപേർ പിന്തുണയ്ക്കുന്നുവെന്ന് റിപ്പോർട്ട്. ഊർജ ബില്ലുകളിൽ നിന്ന് നികുതി, ഗ്രീൻ ലെവികൾ എന്നിവ വെട്ടിക്കുറയ്ക്കാനും യുകെയെ കൂടുതൽ ഊർജസ്വലമാക്കാനുമുള്ള തന്ത്രത്തിന് മുൻതൂക്കം നൽകുന്നതാണ് ലിസ് ട്രസിന്റെ പ്രധാന പദ്ധതികളിലൊന്ന്.
സർവേയിൽ പങ്കെടുത്ത മൂന്നിൽ രണ്ടുപേരും (65 ശതമാനം) പറഞ്ഞത്, തങ്ങളുടെ ഓർമ്മയിലെ ഏറ്റവും മോശം സാമ്പത്തിക പ്രതിസന്ധിയാണ് രാജ്യം ഇന്ന് നേരിടുന്നതെന്നാണ്. രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയുടെ പേര് പറയാൻ ആവശ്യപ്പെട്ടപ്പോൾ, 26 ശതമാനം പേർ ഊർജത്തിന്റെ ചിലവ്, തുടർന്ന് പണപ്പെരുപ്പം (15 ശതമാനം), സമ്പദ്വ്യവസ്ഥ (14 ശതമാനം), എൻഎച്ച്എസ് (11 ശതമാനം) എന്നിങ്ങനെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
വിദേശകാര്യ സെക്രട്ടറിയായ ലിസ് ട്രസ് മത്സരത്തിൽ വിജയിച്ചാൽ ഊർജ്ജ പ്രതിസന്ധിയെ നേരിടാനുള്ള പൂർണ്ണമായ തന്ത്രം തയ്യാറാക്കിയിട്ടുണ്ട്. ദേശീയ ഇൻഷുറൻസിലെ വർദ്ധനവ് കുറയ്ക്കുക എന്നതാണ് മറ്റൊരു പ്രധാന നിർദ്ദേശം. ഊർജ്ജ ബില്ലുകളിൽ നിന്ന് ഗ്രീൻ ലെവി നീക്കം ചെയ്യുക, ബോർഡിലുടനീളം വാറ്റ് അഞ്ച് ശതമാനം കുറയ്ക്കുമെന്നതും പ്രധാന പദ്ധതികളാണ്. ആഭ്യന്തര ഊർജ ഉൽപ്പാദനം വർധിപ്പിച്ച് ഇറക്കുമതിയിൽ യുകെയുടെ ആശ്രയം കുറയ്ക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അവർ പ്രതിജ്ഞയെടുത്തു. ലിസ് ട്രസിന്റെ ഇത്തരം പദ്ധതികൾ ബഹുഭൂരിപക്ഷം പേരെയും സ്വാധീനിച്ചതായാണ് കരുതപ്പെടുന്നത്.
സർവേയിൽ പങ്കെടുത്തവരോട് ഊർജ്ജ പ്രതിസന്ധിയോടുള്ള പ്രതികരണങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ, മിക്കവരും (73 ശതമാനം) വിലക്കയറ്റം മൂലം അധിക ലാഭമുണ്ടാക്കുന്ന കമ്പനികൾക്ക് കൂടുതൽ വിൻഡ്ഫാൾ ടാക്സിനെ പിന്തുണച്ചു. എന്നാൽ ട്രസ് നേരത്തെ തന്നെ ഇത് നിരസിച്ചിരുന്നു. ഊർജ്ജ ബില്ലുകളിൽ വില കിഴിവ് നീട്ടുന്നതിനും ഗ്യാസ് വില നിശ്ചയിക്കുന്നതിനും വൈദ്യുതിയുടെയും ഗ്യാസിന്റെയും വില തമ്മിലുള്ള ബന്ധം വിച്ഛേദിക്കുന്നതിനുമുള്ള തുടർനടപടികളെ പ്രതികരിച്ചവർ വൻതോതിൽ പിന്തുണച്ചു.
ട്രസ്സിന്റെ പദ്ധതികൾക്ക് കൂടുതൽ അംഗീകാരം നൽകിക്കൊണ്ട്, യുകെയിലെ ഊർജ്ജ ഉൽപ്പാദനത്തെ പിന്തുണയ്ക്കുന്നതിനുള്ള തന്ത്രത്തെ കൂടുതൽ പേരും പിന്തുണച്ചു. സെപ്റ്റംബർ ആറിനാണ് യുകെയുടെ പുതിയ പ്രധാനമന്ത്രി ആരെന്ന് പ്രഖ്യാപിക്കുക. നിലവിൽ മുൻ ചാൻസലർ റിഷി സുനക്കിനെക്കാളും ലിസ് ട്രസിന് തന്നെയാണ് കൂടുതൽ സാധ്യതയെന്നാണ് വിലയിരുത്തൽ.
click on malayalam character to switch languages