1 GBP = 112.54
breaking news

ഇന്ത്യയുടെ 49ാമത് ചീഫ് ജസ്റ്റിസായി യു.യു ലളിത് സ്ഥാനമേറ്റു

ഇന്ത്യയുടെ 49ാമത് ചീഫ് ജസ്റ്റിസായി യു.യു ലളിത് സ്ഥാനമേറ്റു

രാജ്യത്തിന്റെ നാല്‍പ്പത്തി ഒമ്പതാം ചീഫ് ജസ്റ്റിസായി യു.യു ലളിത് സ്ഥാനമേറ്റു. നവംബര്‍ എട്ട് വരെ ചീഫ് ജസ്റ്റിസായി തുടരും. സുപ്രിംകോടതി നടപടികളെ കാര്യക്ഷമമാക്കുന്ന 3 സുപ്രധാനമായ തീരുമാനങ്ങള്‍ ഇതിനകം നിര്‍ദേശിച്ചാണ് ജസ്റ്റിസ് യു.യു ലളിത് ചീഫ് ജസ്റ്റിസ് ആയി സ്ഥാനമേറ്റത്

അഭിഭാഷകവൃത്തിയില്‍നിന്നു നേരിട്ട് സുപ്രിംകോടതി ജഡ്ജിയും പിന്നീട് ചീഫ് ജസ്റ്റിസുമാകുന്ന രണ്ടാമത്തെയാളാകുകയാണ് ഇതോടെ ജസ്റ്റിസ് യു.യു ലളിത്. ഇന്നലെ ബാര്‍ കൗണ്‍സില്‍ നല്‍കിയ സ്വീകരണ ചടങ്ങില്‍ സുപ്രധാനമായ മൂന്നു തീരുമാനങ്ങള്‍ താന്‍ നടപ്പാക്കുമെന്ന് ജസ്റ്റിസ് ലളിത പ്രഖ്യാപിച്ചിരുന്നു. വര്‍ഷം മുഴുവന്‍ ഭരണഘടന ബഞ്ച് പ്രവര്‍ത്തിക്കും, ബെഞ്ചുകള്‍ക്ക് മുന്നില്‍ മെന്‍ഷനിംഗ് നടത്താന്‍ അഭിഭാഷകര്‍ക്ക് കൃത്യമായ അവസരം ലഭ്യമാക്കും, ഫയലിംഗ് നടപടികള്‍ സുതാര്യമാക്കും എന്നിവയാണ് ജസ്റ്റിസ് യു.യു ലളിതിന്റെ വാഗ്ദാനങ്ങള്‍.

1957 നവംബര്‍ 9നു മഹാരാഷ്ട്രയില്‍ ആണ് ജസ്റ്റിസ് യു.യു ലളിത് ജനിച്ചത്. 1983 ല്‍ ബോംബെ ഹൈക്കോടതിയില്‍ പ്രാക്ടീസ് ആരംഭിച്ചു. 1986 മുതല്‍ ഡല്‍ഹിയില്‍. മുന്‍ അറ്റോര്‍ണി ജനറല്‍ സോളി സൊറാബ്ജിക്കൊപ്പം 1992 വരെ പ്രവര്‍ത്തിച്ചു. 2004ല്‍ സുപ്രിംകോടതിയില്‍ സീനിയര്‍ അഭിഭാഷകനായി. 2014-ല്‍ സുപ്രിംകോടതി ജഡ്ജിയായി. ലളിതിന്റെ പിതാവ് ജസ്റ്റിസ് യു.ആര്‍. ലളിത് മുതിര്‍ന്ന അഭിഭാഷകനും പിന്നീട് ഡല്‍ഹി ഹൈക്കോടതി ജഡ്ജിയുമായിരുന്നു.

ചരിത്രപ്രാധാന്യമുള്ള അയോധ്യ കേസില്‍ വാദം കേള്‍ക്കുന്ന ബെഞ്ചില്‍നിന്നു ജസ്റ്റിസ് ലളിത് പിന്മാറിയതു നേരത്തേ വലിയ വാര്‍ത്തയായിരുന്നു. ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ടു യുപി മുഖ്യമന്ത്രിയായിരുന്ന കല്യാണ്‍ സിങ്ങിനെതിരായ കോടതിയലക്ഷ്യക്കേസില്‍ ഹാജരായി എന്നതു ചൂണ്ടിക്കാട്ടിയായിരുന്നു ലളിതിന്റെ പിന്മാറ്റം. മുത്തലാഖ് ഭരണഘടനാവിരുദ്ധമാണെന്നു വ്യക്തമാക്കിയതുള്‍പ്പെടെ സുപ്രധാന വിധി പറഞ്ഞ ബെഞ്ചുകളില്‍ ജസ്റ്റിസ് ലളിത് അംഗമായിരുന്നു.നവംബര്‍ 8നു വിരമിക്കുന്ന അദ്ദേഹത്തിനു പദവിയില്‍ ചുരുങ്ങിയ കാലമേ ലഭിക്കൂ. ശേഷം, സീനിയോറിറ്റി പ്രകാരം ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡായിരിക്കും ചീഫ് ജസ്റ്റിസ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more