യുക്മ കേരളപൂരം വള്ളംകളി വേദിയിലേയ്ക്ക് മുഖ്യാതിഥികളിൽ ഒരാളായി പ്രശസ്ത ഗായിക മാളവിക അനിൽകുമാറും എത്തുന്നു…
Aug 25, 2022
അലക്സ് വർഗ്ഗീസ്
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
യുക്മ കേരളപൂരം വള്ളംകളി – 2022 വേദിയെ സംഗീത സാന്ദ്രമാക്കുവാൻ പ്രശസ്‌ത മലയാളി പിന്നണി ഗായിക സ്റ്റാർ സിംഗർ സീസൺ 7 വിന്നർ മാളവിക അനിൽകുമാർ എത്തുന്നു. ഗന്‌ധർവ്വസംഗീതം 2007, 2010 വർഷങ്ങളിലെ വിന്നർ കൂടിയായ മാളവിക അനിൽകുമാർ സിദ്ധി വികാസ് ആർട്ട്സ് അക്കാദമി എന്ന സംഗീത സ്കൂളിന്റെ സ്ഥാപക കൂടിയാണ്.
“യേയ എൻ കൊട്ടിക്കാരാ” എന്ന തമിഴ് സൂപ്പർ ഹിറ്റ് ഗാനം പാടി ചലച്ചിത്ര പിന്നണി ഗാനരംഗത്ത് തുടക്കം കുറിച്ച മാളവിക ആ ഒരൊറ്റ ഗാനത്തിലൂടെ സംഗീത പ്രേമികളുടെ മനസ്സിൽ ഇടം പിടിച്ചു. 2015 ൽ പുറത്തിറങ്ങിയ കമലഹാസൻ നായകനായ പാപനാശം എന്ന ചിത്രത്തിലെ ആദ്യ ഗാനത്തിലൂടെ സംഗീതാസ്വാദകരുടെ ഹൃദയങ്ങളിൽ ഇടം പിടിച്ച മാളവിക പിന്നീട് 2017 ൽ പുറത്തിറങ്ങിയ ഗോൾഡ് കോയിൻസ് എന്ന മലയാള ചിത്രത്തിലും നിരവധി സംഗീത ആൽബങ്ങളിലും തന്റെ പ്രതിഭ തെളിയിച്ചു.
സിദ്ധി വികാസ് ആർട്ട്സ് അക്കാദമിയുടെ ഓൺലൈൻ സംഗീത ക്ളാസ്സുകളിലൂടെ, ലോകമെമ്പാടുമുള്ള നൂറ് കണക്കിന് കുട്ടികളുടെ പ്രിയങ്കരിയായ സംഗീതാദ്ധ്യാപിക കൂടിയാണ് മാളവിക. മാളവിക ടീച്ചർ യു കെ യിലെ തന്റെ പ്രിയ ശിഷ്യരോടൊപ്പം യുക്‌മ കേരളപൂരം വള്ളംകളി പ്രേക്ഷകരെ സംഗീത ലഹരിയിലാഴ്ത്തും. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന 14 കുട്ടികളാണ് തങ്ങളുടെ പ്രിയ ടീച്ചറിനൊപ്പം വേദി പങ്കിടുവാനെത്തുന്നത്.
യുക്‌മ സാംസ്കാരിക വേദി കോവിഡ് ലോക്ഡൌൺ സമയത്ത് ഓൺലൈനിൽ നടത്തിയ ”ലെറ്റ് അസ് ബ്രെയ്ക് ഇറ്റ് ടുഗദർ” ഉൾപ്പടെ നിരവധി വേദികളിൽ തങ്ങളുടെ പ്രതിഭ തെളിയിച്ചവരും യുകെയിലെമ്പാടും പ്രശസ്തരുമായ കുട്ടികളാണ് മാളവിക ടീച്ചറിനൊപ്പം പാടാനെത്തുന്നത്. ബർമിംഗ്‌ഹാമിൽ നിന്നുള്ള അന്ന ജിമ്മി, സൈറ മരിയ ജിജോ, റബേക്ക അന്ന ജിജോ, സൌത്ത്എൻഡിൽ നിന്നുള്ള ദൃഷ്ടി പ്രവീൺ, സൃഷ്‌ടി കൽക്കർ, ലെയ്റ്റൻസ്റ്റോണിൽ നിന്നുളള മഞ്ജിമ പിള്ള, ലെസ്റ്ററിൽ നിന്നുള്ള ലക്‌സി അബ്രാഹം, കവൻട്രിയിൽ നിന്നുള്ള ഹർഷിണി വിദ്യാനന്തൻ, മേധ ലക്ഷ്മി വിദ്യാനന്തൻ, വാറിംഗ്sണിൽ നിന്നുള്ള ഒലീവിയ വർഗ്ഗീസ്സ്, എസ്സെക്സ് ബ്രെൻറ്വുഡിലെ മാധവ് ആർ നായർ, നോട്ടിംഗ്‌ഹാമിൽ നിന്നുള്ള ഡെന ഡിക്സ്, മാഞ്ചസ്റ്ററിൽ നിന്നുള്ള നവമി സരിഷ്, സാൽഫോർഡിൽ നിന്നുള്ള ജോവിന ജിജി എന്നിവരാണ് തങ്ങളുടെ പ്രിയപ്പെട്ട ടീച്ചറിനൊപ്പം യുക്മ കേരളപൂരം വേദിയിൽ പാടാനെത്തുന്നത്.
യുക്മ കേരളപൂരം വള്ളംകളി 2022 വേദിയിൽ സംഗീത നിലാമഴ പൊഴിക്കുവാനെത്തുന്ന മലയാളത്തിന്റെ അനുഗ്രഹീത ഗായിക മാളവിക അനിൽകുമാറിനും പ്രിയ ശിഷ്യർക്കും യുക്മയുടെ ഹൃദ്യമായ സ്വാഗതം.
click on malayalam character to switch languages