വാഹനാപകടത്തില്‍ മരണപ്പെട്ട 15കാരിയുടെ അവയവങ്ങള്‍ രക്ഷിച്ചത് ഒന്നും രണ്ടും ജീവനുകളല്ല. ആറുപേരുടേതാണ്. ബിഹാറിലെ ബഗല്‍പൂരില്‍ നിന്നുള്ള പെണ്‍കുട്ടിയാണ് ആറ് പേര്‍ക്ക് പുനര്‍ജന്മം നല്‍കിയത്.
ഈ മാസം 15നായിരുന്നു പെണ്‍കുട്ടി റോഡപകടത്തില്‍പ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരിക്കെ ആഗസ്റ്റ് 20ന് പെണ്‍കുട്ടിയുടെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. തുടര്‍ന്ന് പിതാവാണ് കുട്ടിയുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ സന്നദ്ധത അറിയിച്ചത്. പിറ്റേന്ന് തന്നെ ഇതിനുള്ള നടപടികളും ആരംഭിച്ചു.
ബുധനാഴ്ച അടല്‍ ബിഹാരി വാജ്പേയി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് 32 കാരിയായ യുവതിക്ക് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയ ചരിത്രപരവും വിജയകരവുമായെന്ന് ആശുപത്രി അധിതര്‍ അറിയിച്ചു.
മരിക്കുന്നതിന് മുന്‍പ് തന്റെ ആറ് അവയവങ്ങളും ദാനം ചെയ്ത് ആറുജീവന്‍ രക്ഷിച്ച പെണ്‍കുട്ടിയെ കുറിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു. അടല്‍ ബിഹാരി വാജ്പേയി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് അദ്ദേഹം സന്ദര്‍ശിക്കുകയും ചെയ്തു.
‘ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് 32 കാരിയായ ലക്ഷ്മി ദേവി ഉള്‍പ്പെടെ ആറ് പേര്‍ക്ക് പുതുജീവന്‍ നല്‍കിയ 15കാരിയെ കുറിച്ചറിഞ്ഞത് ഹൃദയസ്പര്‍ശിയായി. എബിവിഐഎംഎസ്, ഡോ.ആര്‍എംഎല്‍ ആശുപത്രിയില്‍ വിജയകരമായ ആദ്യത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആണിത്’. മാണ്ഡവ്യ ട്വിറ്ററില്‍ കുറിച്ചു.
‘അവയവദാനം വിലമതിക്കാനാവാത്ത ഏറ്റവും മൂല്യമുള്ള സമ്മാനമാണ്. നിസ്വാര്‍ത്ഥതയുടെയും കാരുണ്യത്തിന്റെയും ഈ മഹത്തായ പ്രവൃത്തി ഏവര്‍ക്കും പ്രചോദനകരമാണ്. അവയവദാനത്തിന്റെ മഹത്വമറിയുന്നതിന് ഇതെല്ലാവരെയും പ്രേരിപ്പിക്കുകയും അതിലൂടെ ഹൃദയങ്ങള്‍ തുടിക്കുന്നതിന് കാരണമാവുകയും ചെയ്യും’,അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
click on malayalam character to switch languages