1 GBP = 105.73
breaking news

സുജു ജോസഫ് യുക്മ ന്യൂസ് ചീഫ് എഡിറ്ററായി തുടരും….

സുജു ജോസഫ് യുക്മ ന്യൂസ് ചീഫ് എഡിറ്ററായി തുടരും….

അലക്സ് വർഗ്ഗീസ്

(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)

വാൽസാളിൽ വെച്ച് നടന്ന യുക്മ ദേശീയ സമിതിയുടെ ആദ്യ യോഗം സംഘടനയുടെ അടുത്ത പ്രവർത്തന വർഷത്തേയ്ക്കുള്ള കർമ്മ പദ്ധതികൾക്ക് രൂപം കൊടുത്തു. അടുത്ത രണ്ടു വർഷങ്ങളിലേക്കുള്ള വിവിധ യുക്മ പദ്ധതികളുടെ നടത്തിപ്പിനെക്കുറിച്ചു കമ്മറ്റി വിശദമായി ചർച്ച ചെയ്യുകയും, ചുമതലകൾ വിഭജിക്കുകയും ചെയ്തു. 2023 ജനുവരിവരെയാണ് പുതിയ ഭരണസമിതിയുടെ കാലാവധി.

യുക്മയുടെ പ്രധാനപ്പെട്ട സാമൂഹ്യ ജിഹ്വയായ യുക്മ ന്യൂസിന്റെ ചീഫ് എഡിറ്ററായി സുജു ജോസഫ് തുടരും. ഇത് സുജുവിന്റെ കഴിഞ്ഞ വർഷങ്ങളിലെ കഠിനാദ്ധ്വാനത്തിനും നിസ്വാർത്ഥമായ സേവനത്തിനും യുക്മ നൽകുന്ന അംഗീകാരം കൂടിയാണ്. ശ്രീ മാമ്മൻ ഫിലിപ്പ് പ്രസിഡന്റായിരുന്ന 2017 – 2019 കാലയളവിലും തുടർന്ന് ശ്രീ. മനോജ്കുമാർ പിള്ള പ്രസിഡൻറായിരുന്ന 2019 – 2022 കാലയളവിലും യുക്മ ന്യൂസിന്റെ ചീഫ് എഡിറ്റർ സ്ഥാനം സുജു ജോസഫ് തന്നെയാണ് വഹിച്ചിരുന്നത്. 

2015 ൽ യുക്മ ന്യൂസ് ആരംഭിക്കുവാൻ യുക്മ ദേശീയ ജനറൽ ബോഡിയോഗം തീരുമാനിക്കുമ്പോൾ വലിയ അവ്യക്തതകളും ഭിന്നാഭിപ്രായങ്ങളും ഉടലെടുത്തിരുന്നു. മറ്റ് യു കെ ഓൺലൈൻ മലയാളം പത്രങ്ങളും ചാനലുകളുമായുള്ള യുക്മയുടെ നല്ല ബന്ധം ഇല്ലാതാകുമോ എന്നതായിരുന്നു ഉയർന്നുവന്ന പ്രധാന ആശങ്ക. എന്നാൽ അത്തരം ആശങ്കളൊക്കെ തെറ്റാണെന്ന് തെളിയിച്ചുകൊണ്ട്, മുൻ കാലങ്ങളിലേതുപോലെതന്നെ യു കെ യിലെ പ്രധാന മലയാളം ഓൺലൈൻ പത്രങ്ങൾ എല്ലാം യുക്മയുടെ വാർത്തകൾ പ്രാധാന്യത്തോടെ തുടർന്നും പ്രസിദ്ധീകരിക്കുക തന്നെ ചെയ്തു. അതോടൊപ്പം യുക്മ ന്യൂസിന്റെ മുൻ പത്രാധിപന്മാരെ പോലെ തന്നെ സുജു ജോസഫും മറ്റ് പത്രങ്ങളുമായി നല്ല ബന്ധം കാത്തു സൂക്ഷിക്കുവാൻ കഴിഞ്ഞ കാലങ്ങളിൽ പ്രത്യേകം ശ്രദ്ധിച്ചു പോന്നു.

തിരക്കേറിയ ജീവിത ചര്യകൾക്കിടയിലും യുക്മ ന്യൂസിന് വേണ്ടി തന്റെ വിലപ്പെട്ട സമയം മാറ്റി വെക്കുന്ന സുജുവിന്റെ കഠിനാദ്ധ്വാനവും ആത്മാർത്ഥതയും യുക്മയിൽ ചോദ്യം ചെയ്യപ്പെടാത്ത വ്യക്തിത്വമാക്കി സുജുവിനെ മാറ്റി. നിലപാടുകളിലെ കാർക്കശ്യം യുക്മയെന്ന പ്രസ്ഥാനത്തോടുള്ള സ്നേഹവും ആത്മാർത്ഥതയും കൊണ്ട് മാത്രം സംഭവിക്കുന്നതാണെന്ന തിരിച്ചറിവ് സുഹൃദ്‌വലയങ്ങളിൽ സുജുവിനെ കൂടുതൽ സ്വീകാര്യനാക്കുകയും ചെയ്യുന്നു.

അവിഭക്ത യുക്മ സൗത്ത് ഈസ്റ്റ് – സൗത്ത് വെസ്റ്റ് റീജിയന്റെ വൈസ്പ്രസിഡന്റായിരുന്ന സുജു 2014 ൽ റീജിയൺ വിഭജിക്കപ്പെട്ടപ്പോൾ സൗത്ത് വെസ്റ്റ് റീജിയന്റെ പ്രഥമ പ്രസിഡന്റായി. 2015 ൽ റീജിയണൽ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട സുജു ജോസഫ് 2017 ൽ യുക്മ ദേശീയ വൈസ്പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഈ കാലയളവിലാണ് യുക്മന്യൂസിന്റെ മുഖ്യ പത്രാധിപരായി ആദ്യം തിരഞ്ഞെടുക്കപ്പെട്ടത്. 2022 ൽ നടന്ന തിരഞ്ഞെടുപ്പിൽ യുക്‌മ സൌത്ത് വെസ്റ്റ്‌ റീജിയൺ പ്രസിഡൻറായി സുജു വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. സൗത്ത് വെസ്റ്റ് റീജിയണിലെ പ്രമുഖ അസോസിയേഷനുകളിൽ ഒന്നായ സാലിസ്ബറി മലയാളി അസോസിയേഷൻ പ്രതിനിധി കൂടിയാണ്. 

വിദ്യാർഥി കാലഘട്ടം മുതൽ ഇടതുപക്ഷ സഹയാത്രികനായിരുന്ന സുജുവിന്‌ തന്റെ ഉറച്ച രാഷ്ട്രീയ നിലപാടുകൾ യുക്മയിലെ നേതൃപദവികൾക്കോ അംഗീകാരങ്ങൾക്കോ തടസ്സമായില്ല. കേരളാ സർക്കാരിന്റെ മലയാളം മിഷൻ യു കെ ചാപ്റ്റർ നിർവ്വാഹക സമിതിയംഗമെന്ന നിലയിൽ പ്രവർത്തിക്കുന്ന സുജു ജോസഫ് അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്യൂണിസ്റ്റ് യുകെയിൽ ബ്രാഞ്ച് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. 

യുക്മ ന്യൂസ് ചീഫ് എഡിറ്റർ എന്ന നിലയിൽ തുടർന്നും യുക്മയ്ക്കും യു കെ മലയാളി സമൂഹത്തിനും പ്രയോജനകരങ്ങളായ പ്രവർത്തനങ്ങൾ കാഴ്ച വെച്ച് മുന്നേറുവാൻ കഴിയട്ടെയെന്ന് സുജു ജോസഫിനെ അഭിനന്ദിച്ചു കൊണ്ട് യുക്മ ദേശീയ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ, ദേശീയ ജനറൽ സെക്രട്ടറി ശ്രീ കുര്യൻ ജോർജ്ജ് എന്നിവർ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more