ഇന്ത്യ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ നിറവില്‍; ആശംസകൾ നേർന്ന് യുക്മ ദേശീയ നേതൃത്വം
Aug 15, 2022
അലക്സ് വർഗ്ഗീസ്
ഇന്ത്യ സ്വതന്ത്രമായ ശേഷം 74 വർഷങ്ങൾ പിന്നിട്ട് 75 ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. എത്രയോ ധീരന്മാരായ മുൻഗാമികളുടെ ആത്മസമർപ്പണത്തിന്റെയും പോരാട്ട വീര്യത്തിന്റെയും ഫലമായാണ് രാജ്യം സ്വാതന്ത്ര്യം നേടിയത്. രാജ്യത്തെ സ്വതന്ത്രമാക്കാൻ മുന്നിൽ നിന്ന മഹാന്മാരുടെ പേരുകൾ സുവർണ്ണ ലിപികളാൽ ഇന്ത്യൻ ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. പുരോഗതിയുടെ പടവുകൾ ഓരോന്നായി കയറുമ്പോഴും അതിന് വേദിയൊരുക്കിയ ആ മഹാരഥൻമാരെ സ്മരിക്കാതെ മുന്നോട്ട് പോകാൻ കഴിയില്ല. ഓരോ വർഷവും ആഗസ്ത് 15 എന്ന മഹത്തായ ദിനത്തിൽ ഇന്ത്യയുടെ ഇന്നലെകളെ ഓർത്ത് അഭിമാനം കൊള്ളുന്നവരാണ് ഓരോ ഇന്ത്യൻ പൗരനും.
ഇന്ത്യൻ പ്രധാനമന്ത്രി ചെങ്കോട്ടയില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുമ്പോള്‍ ഓരോ ഭാരതീയന്റെ അഭിമാനവും വാനോളം ഉയരും. പതിനെട്ടാം നൂറ്റാണ്ടു മുതല്‍ അനുഭവിച്ചു തുടങ്ങിയ വൈദേശിക ഭരണത്തിന്റെ അവസാനവേരും പറിച്ചെറിഞ്ഞ നിമിഷമാണത്. കച്ചവടക്കാരായി വന്ന് രാജ്യത്തെ കീഴടക്കിയ പാശ്ചാത്യബുദ്ധിയെ കടല്‍കടത്തിവിട്ട നിമിഷം. സ്വാതന്ത്ര്യ ദിനം ചെങ്കോട്ടയിൽ മാത്രമല്ല, ലോകത്തിന്റെ പലഭാഗങ്ങളിലും ത്രിവർണ പതാകകൾ ഉയർന്നു പറക്കുന്ന കാഴ്ചകൾ സാധാരണയാണ്. ഇക്കുറി സ്വാതന്ത്ര്യത്തിന്റെ 75-ാംവാർഷികാഘോഷം ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ആഗസ്റ്റ് 13 മുതൽ 15 വരെ വീടുകളിൽ ദേശീയ പതാക ഉയർത്താനുള്ള ‘ഹർ ഘർ തിരംഗ’ പദ്ധതി ഇന്ത്യയിലെപോലെ തന്നെ ബ്രിട്ടനിലും പല ഇന്ത്യൻ കുടുംബങ്ങളും പ്രവർത്തികമാക്കിയതും ഏറെ ശ്രദ്ധേയമായി. യുകെ മലയാളികളുടെ ദേശീയ പ്രസ്ഥാനമായ യുക്മ എല്ലാ ഭാരതീയർക്കും സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നു.
യുക്മ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറയുടെ സ്വാതന്ത്ര്യ ദിനാശംസകള്‍
“കാലമെത്ര മുന്നോട്ട് പോയാലും നമ്മൾ എത്ര പുരോഗതി കൈവരിച്ചാലും രാജ്യത്തെ സാമ്രാജ്യത്ത്വ ശക്തികളുടെ കൈകളിൽ നിന്ന് തിരിച്ചുപിടിച്ച ധീര യോദ്ധാക്കളെ സ്മരിക്കാൻ മറക്കരുത്. ഐതിഹാസികവും ത്യാഗോജ്വലവുമായ കോളോണിയല്‍ വിരുദ്ധസമരത്തിലൂടെ നേടിയ സ്വാതന്ത്ര്യത്തിന്റെ ഓര്‍മ്മ നാം വീണ്ടും പുതുക്കുന്നു.അടിമത്തവും ചൂഷണവുമില്ലാത്ത ജീവിതം എന്ന ദേശസ്‌നേഹികളായ മുന്‍തലമുറയുടെ സ്വപ്നം പൂര്‍ത്തീകരിക്കാനുള്ള പാതയിലാണ് കഴിഞ്ഞ ഏഴരപ്പതിറ്റാണ്ടായി നമ്മള്‍ മുന്നോട്ട് പോകുന്നത്. എല്ലാ ഭാരതീയർക്കും യുക്മയുടെ സ്വാതന്ത്ര്യ ദിനാശംസകൾ നേരുന്നു.”
യുക്മ സെക്രട്ടറി കുര്യൻ ജോർജ്ജ് സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നു.
“ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ പൗരന്മാരാണ് നാം.ഉദാത്തമായ ജനാധിപത്യ മൂല്യങ്ങളിലൂടെ സ്വാതന്ത്ര്യത്തെയും സമത്വത്തെയും നിലനിര്‍ത്തി നീതിപൂർവ്വമായി രാഷ്ട്രത്തെ സേവിക്കാനുള്ള ബാധ്യത നമുക്കോരോരുത്തർക്കുമുണ്ട്. നമുക്ക് മുൻപേ നടന്നവരുടെ ധീരതയാണ് ഇന്ന് നമ്മൾ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന് ആധാരം. ത്രിവർണ്ണ പതാക തരംഗമാകട്ടെ …എല്ലാവർക്കും യുക്മ ദേശീയ എക്സിക്യു്ട്ടീവ് കമ്മിറ്റിയുടെ സ്വാതന്ത്ര്യ ദിനാശംസകൾ.”
click on malayalam character to switch languages