ഇടുക്കി ഡാമിൻ്റെ മൂന്ന് ഷട്ടറുകൾ കൂടി ഉയർത്തി. അണക്കെട്ടിലെ വെള്ളത്തിൻ്റെ അളവ് വർധിക്കുന്നതിനാലാണ് 3 ഷട്ടറുകൾ 80 സെൻ്റിമീറ്റർ വീതം ഉയർത്തി. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായിരിക്കുകയാണ്. പെരിയാറിൻ്റെ തീരത്ത് താമസിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ അപകടസാധ്യതയില്ലെന്നാണ് അധികൃതർ അറിയിക്കുന്നത്.
നേരത്തെ ഷട്ടറുകൾ 60 സെൻ്റിമീറ്റർ ഉയർത്താനായിരുന്നു തീരുമാനം. എന്നാൽ, നീരൊഴുക്ക് വർധിച്ചതിനാൽ 80 സെൻ്റിമീറ്റർ ഉയർത്തുകയായിരുന്നു. ഡാമിൻ്റെ 2, 3, 4 ഷട്ടറുകളാണ് ഉയർത്തിയിട്ടുള്ളത്. 150 ക്യുമക്സ് ജലം അണക്കെട്ടിൽ നിന്ന് പുറത്തേക്കൊഴുകുന്നുണ്ട്. ഉച്ചയോടെ 200 ക്യുമക്സ് ജലം പുറത്തുവിടും. 2385.45 അടിയാണ് നിലവിൽ അണക്കെട്ടിലെ ജലനിരപ്പ്. ഇടുക്കി, കഞ്ഞിക്കുഴി, ഉപ്പുതോട്, തങ്കമണി, വാത്തിക്കുടി എന്നീ അഞ്ച് വില്ലേജുകളിലും, വാഴത്തോപ്പ്, മരിയാപുരം തുടങ്ങിയ പഞ്ചായത്തുകളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
ബാണാസുര സാഗർ അണക്കെട്ടിൻ്റെ ഷട്ടർ രാവിലെ ഉയർത്തിയിരുന്നു. അണക്കെട്ടിന്റെ ഒരു ഷട്ടർ 10 സെന്റിമീറ്ററാണ് ഉയർത്തിയത്. സെക്കൻഡിൽ 8.50 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുക. ഞായറാഴ്ച്ച രാത്രിയോടെ അപ്പർ റൂൾ ലെവൽ ആയ 774 മീറ്ററിലേക്ക് ജലനിരപ്പ് എത്താൻ സാധ്യതയുള്ളതിനാലാണ് അണക്കെട്ടിന്റെ ഒരു ഷട്ടർ തുറന്നത്.
ആവശ്യമെങ്കിൽ 35 ഘനയടി വെള്ളം തുറന്നുവിടാൻ അനുമതിയുണ്ട്. സമീപപ്രദേശങ്ങളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അണക്കെട്ടിൽ നിന്നും ആദ്യം വെള്ളം ഒഴുകിയെത്തുക കരമാൻ തോടിലേക്കാണ്. അവിടെ നിന്ന് പനമരം ഭാഗത്തേക്കും തുടർന്ന് കബനി നദിയിലേക്കും പിന്നീട് കർണാടകയിലെ ബീച്ചിനഹള്ളി ഡാമിലേക്കും വെള്ളം എത്തും. രണ്ട് വർഷം മുമ്പാണ് അവസാനമായി ബാണാസുര അണക്കെട്ട് തുറന്നത്.
മുല്ലപ്പെരിയാർ അണക്കെട്ടിൽ വീണ്ടും ജലനിരപ്പുയർന്നു. 138.90 അടിയാണ് നിലവിൽ അണക്കെട്ടിലെ ജലനിരപ്പ്. അണക്കെട്ടിൽ നിന്ന് പുറത്തേക്കൊഴുകുന്ന വെള്ളത്തിൻ്റെ അളവ് വർധിപ്പിച്ചിട്ടുണ്ട്. 3545 ക്യുസെക്സ് ജലം പുറത്തേക്കൊഴുക്കും.
ഡാമിൻ്റെ വൃഷ്ടി- പ്രദേശത്തൊക്കെ ഇന്നലെ രാത്രി ശക്തമായ മഴ പെയ്തിരുന്നു. ഇതേ തുടർന്ന് ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചിരിക്കുകയാണ്. സെക്കൻഡിൽ ശരാശരി പതിനായിരത്തോളം ഘന അടി വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്.
click on malayalam character to switch languages