1 GBP = 106.96

ലോകകപ്പ് പ്ലാനുകളിൽ ഉമ്രാൻ മാലിക്ക് ഉണ്ട്: രോഹിത് ശർമ

ലോകകപ്പ് പ്ലാനുകളിൽ ഉമ്രാൻ മാലിക്ക് ഉണ്ട്: രോഹിത് ശർമ

ഈ വർഷം നടക്കാനിരിക്കുന്ന ടി-20 ലോകകപ്പിനുള്ള ടീമിലേക്ക് പരിഗണിക്കുന്നവരിൽ യുവ പേസർ ഉമ്രാൻ മാലിക്ക് ഉൾപ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യൻ നായകൻ രോഹിത് ശർമ. അവനിൽ നിന്ന് ടീം എന്താണ് പ്രതീക്ഷിക്കുന്നതെന്ന് അവനു മനസ്സിലാക്കിക്കൊടുക്കുകയാണ് ശ്രമം. വളരെ മികച്ച ഒരു താരമാണ് ഉമ്രാൻ എന്നും രോഹിത് പറഞ്ഞു.

“തീർച്ചയായും അവൻ ഞങ്ങളുടെ പദ്ധതികളിൽ ഉണ്ട്. അവനിൽ നിന്ന് ടീം എന്താണ് പ്രതീക്ഷിക്കുന്നതിനെന്ന് അവന് മനസ്സിലാക്കിക്കൊടുക്കുകയാണ് ശ്രമം. ചിലരെ പരീക്ഷിച്ചുനോക്കേണ്ടതുണ്ട്. തീർച്ചയായും അവരിൽ ഒരാളാണ് ഉമ്രാൻ. ലോകകപ്പ് അടുത്തുനിൽക്കെ അവന് ടീമിനെന്തുനൽകാനാവുമെന്നറിയണം. വളരെ മികച്ച ഒരു താരം തന്നെയാണ് ഉമ്രാൻ. അതിൽ സംശയമില്ല. വേഗത്തിൽ പന്തെറിയാൻ അവനു കഴിയുമെന്ന് നമ്മൾ ഐപിഎലിൽ കണ്ടു. ന്യൂ ബോളിൽ ആയാലും ഡെത്ത് ഓവറുകളിലായാലും ആ റോള് അവനു നൽകുക എന്നതാണ്. ദേശീയ ടീമിലെയും ഫ്രാഞ്ചൈസികളിലെയും റോളുകൾ വിഭിന്നമായിരിക്കും.”- രോഹിത് പറഞ്ഞു.

അതേസമയം, ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള ടി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. സതാംപ്ടണിലെ റോസ്‌ബൗളിൽ ഇന്ത്യൻ സമയം രാത്രി 7 മണിക്കാണ് മത്സരം. ആദ്യ ടി-20യിൽ അയർലൻഡിനെതിരായ പരമ്പരയിൽ കളിച്ച താരങ്ങൾ തന്നെ അണിനിരക്കും. കൊവിഡ് മുക്തനായ ക്യാപ്റ്റൻ രോഹിത് ശർമ തിരികെയെത്തുമ്പോൾ ആര് പുറത്തിരിക്കുമെന്നതാണ് സുപ്രധാന ചോദ്യം. ഋതുരാജ് ഗെയ്‌ക്വാദോ സഞ്ജു സാംസണോ ആവും ക്യാപ്റ്റനു വഴിമാറുക.

അയർലൻഡിനെതിരായ അവസാന ടി-20 മത്സരത്തിൽ 77 റൺസ് നേടിയ സഞ്ജു തൻ്റെ രാജ്യാന്തര കരിയറിലെ ആദ്യ ഫിഫ്റ്റി നേടിയിരുന്നു. പിന്നീട് ഇംഗ്ലണ്ടിലെത്തി രണ്ട് പരിശീലന മത്സരങ്ങളിലും സഞ്ജു കളിച്ചു. ആദ്യ ടി-20യിൽ 38 റൺസെടുത്ത് ഭേദപ്പെട്ട പ്രകടനം നടത്തിയ സഞ്ജു രണ്ടാം മത്സരത്തിൽ ഗോൾഡൻ ഡക്കായി.

പുതിയ പരിമിത ഓവർ ക്യാപ്റ്റനു കീഴിലാണ് ഇംഗ്ലണ്ട് ഇറങ്ങുക. ഓയിൻ മോർഗൻ കളി മതിയാക്കിയതിനാൽ വിക്കറ്റ് കീപ്പർ ജോസ് ബട്‌ലർ ഇംഗ്ലണ്ടിനെ നയിക്കും. ലിയാം ലിവിങ്സ്റ്റൺ, ജേസൻ റോയ്, സാം കറൻ, മൊയീൻ അലി തുടങ്ങിയ ടി-20 സ്പെഷ്യലിസ്റ്റുകൾ അണിനിരക്കുന്ന ഇംഗ്ലണ്ടിനെതിരെ വിജയിക്കാൻ ഇന്ത്യ നന്നായി വിയർപ്പൊഴുക്കേണ്ടിവരും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more