ലണ്ടൻ: രാജിയുടെ മറ്റൊരു നാടകീയ ദിനത്തിൽ പിന്തുണ തകർന്നിട്ടും സ്ഥാനത്ത് തുടരാൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പോരാടുകയാണ്. ഹോം സെക്രട്ടറി പ്രീതി പട്ടേലും ഗതാഗത മന്ത്രി ഗ്രാന്റ് ഷാപ്സും ഉൾപ്പെടെ മുൻ വിശ്വസ്തരായ നിരവധി പിന്തുണക്കാർ ബുധനാഴ്ച രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ഇല്ലെന്ന നിലപാടിലാണ് ബോറിസ് ജോൺസൺ.
വെൽഷ് സെക്രട്ടറി സൈമൺ ഹാർട്ട് രാജിവച്ച ഏറ്റവും പുതിയ കാബിനറ്റ് മന്ത്രിയായി, അറ്റോർണി ജനറൽ സുല്ല ബ്രാവർമാൻ നേതൃത്വ മാറ്റം ആവശ്യപ്പെട്ട് വെല്ലുവിളി ആരംഭിച്ചു. എന്നാൽ തനിക്ക് വോട്ടർമാരിൽ നിന്ന് തുടരാനുള്ള വലിയ ജനവിധി ഉണ്ടെന്ന് പ്രധാനമന്ത്രി തറപ്പിച്ചു പറഞ്ഞു. അതേസമയം തന്റെ വിമർശകരെ ലക്ഷ്യമിട്ട്, ലെവലിംഗ് അപ്പ് സെക്രട്ടറി മൈക്കൽ ഗോവിനെ ഞെട്ടിക്കുന്ന നീക്കത്തിൽ പ്രധാനമന്ത്രി പുറത്താക്കി.
ബ്രെക്സിറ്റ് കാമ്പെയ്നിലെ പ്രധാന അംഗമായിരുന്നെങ്കിലും ടോറി നേതൃത്വത്തിനായുള്ള ജോൺസന്റെ ആദ്യ ശ്രമം പാളം തെറ്റിച്ച ഗോവ്, നേരത്തെ പ്രധാനമന്ത്രിയോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ടിരുന്നു. മന്ത്രിമാരുൾപ്പെടെ നാല്പതിലധികം എംപിമാർ രാജിവച്ചതിന് ശേഷമാണ് ബുധനാഴ്ച വൈകുന്നേരം അദ്ദേഹത്തെ പുറത്താക്കിയത്.
ഇന്നലെ രാത്രി വൈകിയും, രാജികൾ തുടർന്നു, വെൽഷ് സെക്രട്ടറി മിസ്റ്റർ ഹാർട്ട് രാത്രി പതിനൊന്ന് മണിയോടെ രാജി വച്ചിരുന്നു.
തനിക്ക് മറ്റ് വഴികളൊന്നുമില്ലെന്ന് ഹാർട്ട് പറഞ്ഞു, “കപ്പൽ തിരിക്കാൻ നിങ്ങളെ സഹായിക്കുന്നതിന് സഹപ്രവർത്തകർ സ്വകാര്യമായും പരസ്യമായും പരമാവധി ചെയ്തു, പക്ഷേ ഇത് സാധ്യമാകുന്ന ഘട്ടം കടന്നുപോയതായി എനിക്ക് തോന്നുന്നു” അദ്ദേഹം പറഞ്ഞു.
ജോൺസന്റെ അടുത്ത അനുയായികളായ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ, ഗതാഗത സെക്രട്ടറി ഷാപ്പ്സ്, ബിസിനസ് സെക്രട്ടറി ക്വാസി ക്വാർട്ടേംഗ് എന്നിവരുൾപ്പെടെ നിരവധി പ്രമുഖരാണ് രാജി ആവശ്യപ്പെട്ട് രംഗത്ത് വന്നിട്ടുള്ളത്. തന്റെ പ്രധാനമന്ത്രിപദത്തിലെ ഏറ്റവും ഗുരുതരമായ നേതൃത്വ പ്രതിസന്ധി നേരിടുന്ന ജോൺസൺ, അഭൂതപൂർവമായ നിരവധി രാജികൾക്ക് ശേഷം 20 ഓളം മന്ത്രിസ്ഥാനങ്ങൾ നികത്തേണ്ടതുണ്ട്.
എന്നാൽ ചില കാബിനറ്റ് മന്ത്രിമാർ, ഉപപ്രധാനമന്ത്രി ഡൊമിനിക് റാബ്, സാംസ്കാരിക സെക്രട്ടറി നദീൻ ഡോറിസ്, ബ്രെക്സിറ്റ് മന്ത്രി ജേക്കബ് റീസ്-മോഗ് എന്നിവരുൾപ്പെടെയുള്ള പ്രമുഖർ പ്രധാനമന്ത്രിയോട് വിശ്വസ്തരായി തുടരുന്നുണ്ട്. വരും മണിക്കൂറുകളിൽ കൂടുതൽ പേർ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയാൽ ബോറിസ് ജോൺസണിന്റെ ഭാവി തുലാസിലാകുമെന്ന കാര്യത്തിൽ സംശയമില്ല.
click on malayalam character to switch languages