1 GBP = 106.79
breaking news

യു കെ യിലെ മലയാളി വനിതാ സംരംഭകർക്ക്‌‌ മാതൃകയായി, ലീഡ്സിൽ നിന്നും ജൂലി ഉമ്മൻ

യു കെ യിലെ മലയാളി വനിതാ സംരംഭകർക്ക്‌‌ മാതൃകയായി, ലീഡ്സിൽ നിന്നും ജൂലി ഉമ്മൻ

സന്തോഷ് പള്ളികതയ്യിൽ

യു കെ യിലെ മലയാളികളായ നമ്മളിൽ പലരും ഇവിടെ ഒരു ജോലി തന്നെ ധാരാളമാണു എന്ന ചിന്തയിൽ കഴിയുന്നവരാണു. മലയാളി സംരംഭകർ യു കെ യിൽ പൊതുവേ കുറവാണു. പല കാരണങ്ങൾ ഉണ്ടാകാം. ആശയവിനിമയം, സംരംഭക മനസ്ഥിതി, റിസ്ക്‌ എടുക്കാനുള്ള ബുദ്ധിമുട്ട്‌ അങ്ങനെ പല കാരണങ്ങൾ ഉണ്ട്‌.

പക്ഷെ , ഈ പറഞ്ഞ പ്രശ്നങ്ങളെയൊക്കെ നേരിട്ട്‌ ബിസിനസ്സിൽ നേട്ടം കൈവരിച്ച ഒരു മലയാളിയെ നമുക്ക്‌ പരിചയപ്പെടാം. അതു യു കെ യിലെ ഒരു വനിതാ സംരംഭകയാണെങ്കിലോ? EWIF (Encouraging Women into Franchising) എന്ന സംഘടന യു കെ യിലെ വനിതാ സംരംഭകരെ പ്രചോദിപ്പിക്കുകയും അവരുടെ ബിസിനസ്സുകളിൽ പിന്തുണ നൽകുകയും ചെയ്യുന്ന ഒരു സംരംഭമാണു. എല്ലാ വർഷവും ഈ സംഘടന യു കെ യിലെ ഫ്രാഞ്ചൈസി ബിസിനസ്സുകളിൽ വെന്നിക്കൊടി പാറിച്ച വനിതാ സംരംഭകർക്ക്‌ അവാർഡ്‌ നൽകുന്നുണ്ട്‌.

യു കെ യിലെ ഫ്രാഞ്ചൈസി ബിസിനസ്സിലേക്ക്‌ ആദ്യമായി കടന്നു വന്ന് വിജയിക്കുകയും വനിതാ ബിസിനസ്സുകാരെ പ്രചോദിപ്പിക്കുകയും ചെയ്ത ഫൈനലിസ്റ്റുകളുടെ കൂട്ടത്തിൽ, യു കെ യിലെ ലീഡ്സിലെ മലയാളികൾക്ക്‌ സുപരിചിതയായ ഒരു മലയാളി വനിതയുമുണ്ട്‌. EWIF (Encouraging Women into Franchising) ന്റെ ചരിത്രത്തിൽ ആദ്യമായാണു ഒരു മലയാളി വനിത 2022 ജൂൺ 30നു നടന്ന പ്രോഗ്രാമിൽ ഫൈനലിസ്റ്റ്‌ ആകുന്നത്‌.

ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്‌ മുട്ടം സ്വദേശിനിയാണ് ശ്രീമതി. ജൂലി ഉമ്മൻ. എല്ലാ സംരംഭകരെയും പോലെ ജൂലിയുടെ ബിസിനസ്സിന്റെ ആരംഭവും വെല്ലുവിളികൾ നിറഞ്ഞത്‌ തന്നെയായിരുന്നു. യു കെയിൽ കൊവിഡ്‌ രൂക്ഷമായിരുന്ന 2020ലെ ഒക്ടൊബർ മാസമാണു ജൂലി, തന്റെ ഹോം കെയർ ബിസിനസ്സ്‌ ആരംഭിക്കുന്നത്‌. യു കെ യിലെ പ്രശസ്തമായ ഹോം കെയർ ബിസിനസ്സ്‌ ഗ്രൂപ്പായ കെയർമാർക്കിന്റെ വേക്ക്‌ഫീൽഡ്‌ എന്ന ടൗണിലെ ഫ്രാഞ്ചൈസി കരസ്ഥമാക്കിയായിരുന്നു ജൂലി തന്റെ ബിസിനസ്സ്‌ രംഗത്തേക്ക്‌ കാലൂന്നിയത്‌.

ലീഡ്‌സിലെ സെന്റ്‌. ജെയിംസ്‌ ഹോസ്പിറ്റലിലെ ഒഫ്താൽമോളജി ഡിപ്പാർട്ട്മെന്റിലെ സ്വപ്നതുല്യ ജോലിയായ റെറ്റിനൽ സ്പെഷ്യലിസ്റ്റ്‌ പ്രാക്ടീഷണർ എന്ന തസ്തികയിൽ നിന്നും ഒരു ഇടവേള എടുത്തതിനു ശേഷമാണു ശ്രീമതി. ജൂലി തന്റെ സ്വപ്നമായ സംരംഭകത്വത്തിലേക്ക്‌ കടന്നു വന്നത്‌. യു കെ യിലെ കൊവിഡിന്റെ പ്രശ്നങ്ങളും ബ്രെക്സിറ്റും അതിരൂക്ഷമായ് ബാധിച്ചത്‌ ഇവിടുത്തെ കെയർ മേഖലയിലായിരുന്നു. കെയർ ജോലിക്കായുള്ള വിദഗ്‌ധ കെയറർമ്മാരുടെ അഭാവവും കൊവിഡ്‌ പകരുമെന്ന സംശയത്താൽ കെയറർമാരെ ഒഴിവാക്കിയ ഉപഭോക്താക്കളും ഒക്കെയായി , വെല്ലുവിളികൾ ഒട്ടേറെയായിരുന്നു ജൂലിക്ക്‌ നേരിടേണ്ടി വന്നത്‌.

പക്ഷേ , എല്ലാറ്റിനുമുപരിയായി തന്റെ നിശ്ചയദാർഡ്യവും പ്രതിസന്ധികളെ നേരിടാനുള്ള മനസ്സും ജൂലിയിലെ സംരംഭകയെ പ്രചോദിപ്പിക്കുകയാണു ചെയ്തത്‌. അതിനു ഫലവും കണ്ടു. യു കെയിലെ നോർത്ത്‌ റീജിയണിലെ അതിവേഗത്തിൽ വളരുന്ന ഫ്രാഞ്ചൈസിക്കുള്ള അവാർഡ്‌ ജൂലിയുടെ വേക്ക്ഫീൽഡിലെ കെയർമാർക്ക്‌ ഫ്രാഞ്ചൈസി 2021ൽ കരസ്ഥമാക്കി. ഇപ്പോൾ , EWIF (Encouraging Women into Franchising) ന്റെ യു കെ യിലെ ഫ്രാഞ്ചൈസി ബിസിനസ്സിലേക്ക്‌ ആദ്യമായി കടന്നു വന്ന് വിജയിക്കുകയും വനിതാ ബിസിനസ്സുകാരെ പ്രചോദിപ്പിക്കുകയും ചെയ്ത ഫൈനലിസ്റ്റുകളുടെ കൂട്ടത്തിൽ ജൂലിയും ഇടം നേടിയിരിക്കുന്നു.

യു കെ യിലെയും കേരളത്തിലെയും എല്ലാ മലയാളി വനിതാ സംരംഭകർക്കും അഭിമാനകരമായ നേട്ടമാണു ജൂലി കരസ്ഥമാക്കിയിരിക്കുന്നത്‌. 2004 ജനുവരിയിലാണു ജൂലി ഇൻഡ്യയിൽ നിന്നും യു കെ യിലേക്ക്‌ വരുന്നത്‌. വെസ്റ്റ്‌ യോർക്ക്ഷെയറിലെ ലീഡ്സിൽ ഒരു നഴ്സിംഗ്‌ ഹോമിൽ നഴ്സായി ജോലി ആരംഭിച്ചു , പിന്നീട്‌ എൻ എച്ച്‌ എസ്സ്സിൽ ജോലി ലഭിച്ചു. ലീഡ്സിലെ സെന്റ്‌ ജെയിംസ്‌ ഹോസ്‌പിറ്റലിലെ ഒഫ്താൽമോളജി ഡിപ്പാർട്ട്മെന്റിൽ നഴ്സായി സേവനമാരംഭിച്ചു. ജോലിയിലെ പല പടവുകളും തന്റെ കഠിനാധ്വാനത്താൽ നേടിയ ജൂലി , ഏവരുടെയും സ്വപ്നതുല്യമായ ജോലിയായ റെറ്റിനൽ സ്പെഷ്യലിസ്റ്റ്‌ പ്രാക്ടീഷണറായി (ബാൻഡ്‌ 7) ലീഡ്സിലെ സെന്റ്‌ ജെയിംസ്‌ ഹോസ്പിറ്റലിൽ സേവനമനുഷ്ഠിച്ചു.

ഹോസ്പിറ്റലിലെ സെക്കണ്ടറി കെയറിൽ ജോലി നോക്കുമ്പോൾ തന്നെ പ്രൈമറി കെയറിനോട്‌ ജൂലിക്ക്‌ താൽപ്പര്യമുണ്ടായിരുന്നു. പ്രത്യേകിച്ച്, ‌ ഒഫ്താൽമോളജി ഡിപ്പാർട്ട്മെന്റിലെ രോഗികൾ പലരും വയോജനങ്ങളായിരുന്നു. സംരംഭക യാത്രയിലുടനീളം കുടുംബവും ഫ്രണ്ട്സും ബിസിനസ്സിലെ സ്റ്റാഫും ക്ലയന്റ്സും നൽകിയ പിന്തുണയാണു പല പ്രതിസന്ധികളും തരണം ചെയ്യാൻ ജൂലിയെ സഹായിച്ചത്‌. ജൂലിയുടെ ഭർത്താവ്‌, ഡോ. നന്ദകിഷോറിന്റെ പിന്തുണ വില മതിക്കാനാകാത്തതായിരുന്നു. വേക്‌ഫീൽഡിലെ കമ്മ്യൂണിറ്റിക്കു വേണ്ടി നന്മകൾ ചെയ്യാനുള്ള മനസ്ഥിതിയും , കെയർ മേഖലക്ക്‌ വേണ്ടി നല്ല കാര്യങ്ങൾ ചെയ്യാനുള്ള ആഗ്രഹവുമാണു തന്റെ നേട്ടങ്ങൾക്ക്‌ കാരണമായി ജൂലി പറഞ്ഞത്‌.

യു കെ യിലെ വെസ്റ്റ്‌ യോർക്ക്ഷെയറിലെ ലീഡ്സിലാണു ജൂലിയുടെ വീട്‌. ഭർത്താവ്‌ ഡോ. നന്ദകിഷോർ. മക്കൾ , ബിരുദ വിദ്യാർഥിയായ ആദർശ്ശ്, എ – ലെവൽ വിദ്യാർത്ഥിനിയായ ശ്രേയ.

യു കെ യിലെ പുതിയ മലയാളി സംരംഭകർക്കായ്‌ നൽകാൻ ഒരു സന്ദേശമുണ്ടോ എന്ന് ജൂലിയോട്‌ ചോദിച്ചു. ജൂലി പറഞ്ഞത്‌ ഇങ്ങനെയായിരുന്നു.

Willingness to take risk is the path to success’.!

https://www.ewif.org/2022-natwest-ewif-awards/

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more