1 GBP = 109.00
breaking news

പിസി ജോർജ് പൊലീസ് കസ്റ്റഡിയിൽ; രാത്രി തിരുവനന്തപുരത്തേക്ക് കൊണ്ടുപോയേക്കും

പിസി ജോർജ് പൊലീസ് കസ്റ്റഡിയിൽ; രാത്രി തിരുവനന്തപുരത്തേക്ക് കൊണ്ടുപോയേക്കും

അനന്തപുരി വിദ്വേഷ പ്രസംഗക്കേസിൽ പിസി ജോർജ് കസ്റ്റഡിയിൽ. പാലാരിവട്ടം സ്റ്റേഷനിൽ ഹാജരായ പിസിയെ നിലവിൽ എറണാകുളം എആർ ക്യാമ്പിലേക്ക് മാറ്റിയിരിക്കുകയാണ്. തിരുവനന്തപുരത്തുനിന്ന് കൂടുതൽ പൊലീസ് എത്തിയതിനു ശേഷമാവും അറസ്റ്റ് രേഖപ്പെടുത്തുക. രാത്രിയിൽ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുന്നതാവും കൂടുതൽ സുരക്ഷിതമെന്നാണ് കണക്കുകൂട്ടൽ.

വെണ്ണലയിലെ വിദ്വേഷ പ്രസംഗക്കേസിൽ ചോദ്യം ചെയ്യിലിനായി പി.സി.ജോർജ് പാലാരിവട്ടം സ്റ്റേഷനിൽ ഹാജരായിരുന്നു. മകൻ ഷോൺ ജോർജിനൊപ്പമാണ് പി.സി.ജോർജെത്തിയത്. നിയമം പാലിക്കുമെന്ന് ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരം വിദ്വേഷ പ്രസംഗക്കേസിൽ ജാമ്യം റദ്ദാക്കിയതോടെ പൊലീസ് അറസ്റ്റ് ചെയ്യും. പി.സി.ജോർജിനെ പിന്തുണച്ച് ബിജെപി പ്രവർത്തകരും പ്രതിഷേധവുമായി പിഡിപി പ്രവർത്തകരും പാലാരിവട്ടത്ത് ഒത്തുകൂടിയത് സംഘർഷ സാധ്യത സൃഷ്ടിച്ചിരുന്നു. തുടർന്ന് പിഡിപി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റുകയായിരുന്നു.

അനന്തപുരി വിദ്വേഷ പ്രസംഗക്കേസിൽ പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജി അംഗീകരിച്ചുകൊണ്ടാണ് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് കോടതി പി.സി.ജോർജിന്റെ മുൻകൂർ ജാമ്യം റദ്ദാക്കിയത്. ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർക്ക് പി.സി.ജോർജിനെ അറസ്റ്റ് ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും കോടതി വ്യക്തമാക്കി.

ഈ മാസം ഒന്നാം തീയതിയാണ് പി.സി.ജോർജിനു കോടതി ജാമ്യം അനുവദിച്ചത്. പൊലീസ് ദുർബലമായ റിപ്പോർട്ട് സമർപിച്ചതിനെ തുടർന്നാണ് ജാമ്യം അനുവദിക്കുന്നതെന്നു ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (പന്ത്രണ്ട്) ജഡ്ജി ആശ കോശിയുടെ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. മൂന്നു വർഷത്തിൽ താഴെ ശിക്ഷ ആയതിനാൽ സുപ്രീം കോടതി വിധികളുടെ അടിസ്ഥാനത്തിലും പ്രോസിക്യൂഷന്റെ അഭാവത്തിലും കോടതിയുടെ വിവേചന അധികാരവും ഉപയോഗിച്ചാണ് ജാമ്യം അനുവദിച്ചത്. ഇതേതുടർന്നാണ്, സർക്കാർ ജാമ്യം റദ്ദാക്കാൻ വീണ്ടും കോടതിയെ സമീപിച്ചത്.

അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലായിരുന്നു പി.സി.ജോർജിന്റെ വിവാദ പരാമർശം. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് യുവജന സംഘടനകൾ പൊലീസിനു പരാതി നൽകി. തുടർന്ന് പി.സി.ജോർജിനെ ഈരാറ്റുപേട്ടയിലെ വസതിയിൽനിന്ന് നന്ദാവനം എആർ ക്യാംപിൽ കൊണ്ടുവന്നശേഷം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കി. മജിസ്‌ട്രേറ്റ് ജാമ്യം അനുവദിക്കുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more