1300 ഡീസൽ ബസുകളുടെ വിലയ്ക്ക് തുല്യമായി ഇരട്ടിയിലധികം വില നൽകി 700 സി.എൻ.ജി ബസുകൾ വാങ്ങുന്നുവെന്ന വാർത്തകൾ തെറ്റാണെന്ന് കെഎസ്ആർടിസി. എൽ.എൻ.ജി, സി.എൻ.ജി, ഇലക്ട്രിക് തുടങ്ങിയ ക്ലീൻ ഫ്യൂവൽ ബസുകൾക്ക് മാത്രമാണ് കിഫ്ബി തുക അനുവദിക്കുന്നത്. സർക്കാർ ഗ്രാന്റ് ഉപയോഗിച്ച് ഡീസൽ ബസ് വാങ്ങുന്നുണ്ടെന്നും, എന്നാൽ ദീർഘ ദൂര സർവീസുകൾക്ക് വേണ്ടിയാണെന്നും ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടറുടെ കാര്യാലയം അറിയിച്ചു.
സി.എൻ.ജി ബസുകൾക്ക് റേഞ്ച് (ഒരു പ്രാവശ്യം ഇന്ധനം നിറച്ച ശേഷം ഓടാവുന്ന പരമാവധി ദൂരം) കുറവാണ്. ഓർഡിനറി ബസുകൾ സി.എൻ.ജിയിലേക്ക് മാറിയാൽ ഇന്ധന ചിലവ് ലാഭിക്കാനാകും. കഴിഞ്ഞ വർഷത്തെ ടെന്റർ പ്രകാരം ഡീസൽ ബസ് ഒരെണ്ണം വാങ്ങിയത് 33,78,800 രൂപയ്ക്കും, 310 സി.എൻ.ജി ബസുകൾക്കുള്ള ദര്‍ഘാസിൽ ലഭ്യമായത് ഒരു ബസിന് 37,99,685 രൂപയ്ക്കുമാണ്. ഇവ തമ്മിലുള്ള വ്യത്യാസം 4,20,885 രൂപയാണെന്നും കെഎസ്ആർടിസി വ്യക്തമാക്കി.
2016 ല്‍ 4 സിലിണ്ടര്‍ സി.എൻ.ജി ബസ് വാങ്ങിയ വില 24,51,327 രൂപയാണ്. ഇത് ദീർഘ ദൂര സർവീസ് നടത്തിയപ്പോൾ ഒരു കിലോയ്ക്ക് കിട്ടിയ മൈലേജ് 4.71 കിലോ മീറ്ററും, ഇപ്പോൾ തിരുവനന്തപുരത്ത് സിറ്റി സർക്കുലർ നടത്തുമ്പോൾ ഒരു കിലോയ്ക്ക് ലഭ്യമായ മൈലേജ് 3.62 കിലോ മീറ്ററുമാണ്. 400 കിലോമീറ്ററിനപ്പുറം റേഞ്ച് ലഭിക്കാത്തതിനാൽ വാങ്ങാൻ ഉദ്ദേശിക്കുന്ന സി.എൻ.ജി ബസുകൾ ദീർഘ ദൂര സർവീസിന് ഉപയോഗിക്കാതെ ഓർഡിനറി സർവീസുകൾക്കാണ് ഉപയോഗിക്കുന്നത്. മലയോര മേഖലയിൽ ഈ ബസുകൾ കയറ്റം കയറുന്നത് ബുദ്ധിമുണ്ട് ഉണ്ട്. മൈലേജിൽ വ്യത്യാസം വരാതെ ഉയർന്ന ശേഷിയുള്ള 4/6 സിലിണ്ടർ ബസുകളും പരിഗണനയിൽ ഉണ്ട്.
ദീർഘ ദൂര സർവീസുകൾക്ക് ഡീസൽ ബസുകളെ സാധ്യമാകുകയുള്ളൂ. ഇതിനായി കഴിഞ്ഞ വർഷം 116 ബസുകൾ വാങ്ങിയിരുന്നു. ഈ വർഷം 140 ബസുകൾ വാങ്ങാനും പദ്ധതി വിഹിതം നൽകണമെന്ന് സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. 9 വർഷം തികയുന്ന 234 സൂപ്പർ ക്ലാസ് ബസുകൾ ഈ വർഷം ഓർഡിനറിയായി മാറ്റേണ്ടതുണ്ട്. നിലവിലെ ഡീസൽ വിലയുടെ അടിസ്ഥാനത്തിൽ സമീപ ഭാവിയിൽ ഡീസൽ വില 150 രൂപയ്ക്കും, 200 രൂപയ്ക്കും മുകളിൽ പോകാനുള്ള സാധ്യതയുണ്ട്. ഇക്കാര്യങ്ങൾ പരിഗണിക്കുമ്പോൾ സി.എൻ.ജി അല്ലാതെ മറ്റൊരു ബദൽ മാർഗം കെഎസ്ആർടിസിയുടെ മുന്നിൽ ഇപ്പോൾ ഇല്ലെന്നും ചെയർമാൻ അറിയിച്ചു.
click on malayalam character to switch languages