1 GBP = 110.31

വിധവക്ക് പെൻഷൻ നൽകിയില്ല; ആഭ്യന്തര സെക്രട്ടറിയുടെ ശമ്പളം തടഞ്ഞു വെക്കാൻ ഉത്തരവിട്ട് കോടതി

വിധവക്ക് പെൻഷൻ നൽകിയില്ല; ആഭ്യന്തര സെക്രട്ടറിയുടെ ശമ്പളം തടഞ്ഞു വെക്കാൻ ഉത്തരവിട്ട് കോടതി

മരണമടഞ്ഞ സർക്കാർ ജീവനക്കാരന്റെ ഭാര്യയ്ക്ക് നൽകേണ്ട വിധവ പെൻഷൻ ആനുകൂല്യങ്ങൾ തടഞ്ഞു വച്ച ആഭ്യന്തര സെക്രട്ടറിയ്ക്കെതിരെ പഞ്ചാബ്, ഹരിയാന ഹൈക്കോടതി പരാതിയ്ക്കാരിയ്ക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതു വരെ ആഭ്യന്തര സെക്രട്ടറിയുടെ ശമ്പളം തടഞ്ഞുവെയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ക്ലാസ്സ് ഫോർ ജീവനക്കാരനായിരുന്ന സതീഷ് കുമാറിന്റെ ഭാര്യ സീമാറാണി നൽകിയ ഹർജി പരി​ഗണിക്കവെയാണ് ജസ്റ്റിസ് അനിൽ ക്ഷേതർപാൽ അസാധാരണമായ ഈ ഉത്തരവ് പുറപ്പെടുവിച്ചത്. പിന്നീട് പെൻഷൻ ആനുകൂല്യങ്ങൾ പൂർണമായും യുവതിയുടെ അക്കൗണ്ടിലേക്ക് എത്തിയതായി ജസ്റ്റിസ് അനിൽ ക്ഷേതർപാലിന്റെ ശ്രദ്ധയിൽപ്പെട്ടതിന് ശേഷമാണ് ശമ്പളം വിതരണം ചെയ്യുന്നതിനുള്ള അനുമതി കോടതി നൽകിയത്.

കേസ് പരിഗണിക്കവേ ജസ്റ്റിസ് ക്ഷേതർപാൽ ആദ്യം ആഭ്യന്തര സെക്രട്ടറിയുടെ ശമ്പള വിതരണം നിർത്തിവെയ്ക്കാൻ ആവശ്യപ്പെട്ടു. പെൻഷൻ ആനുകൂല്യങ്ങളെ ആശ്രയിക്കുന്ന ഒരു സ്ത്രീ കോടതിയെ സമീപിക്കാൻ നിർബന്ധിതയായത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കടുത്ത ഉത്തരവ് പുറപ്പെടുവിക്കാൻ ബെഞ്ച് നിർബന്ധിതരായതെന്ന് അദ്ദേഹം വ്യക്തമാക്കി. പഞ്ചാബ് ആഭ്യന്തര സെക്രട്ടറി അനുരാഗ് വർമയ്ക്കും മറ്റ് പ്രതികൾക്കും എതിരെ കോടതിയലക്ഷ്യം ആരോപിച്ച് സീമ റാണി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ക്ഷേതർപാലിന്റെ വിധി.

2021 ഒക്ടോബർ 5 ലെ കോടതി ഉത്തരവ് പാലിക്കുന്നതിൽ ഉദ്യോഗസ്ഥർ മനഃപൂർവം വീഴ്ചവരുത്തിയെന്ന് ഹർജിക്കാരിയുടെ അഭിഭാഷകൻ ഗഗനേശ്വർ വാലിയ ആരോപിച്ചു. യുവതിയുടെ ആവശ്യം ഒരു മാസത്തിനുള്ളിൽ തീർപ്പാക്കണമെന്നും അദ്ദേഹം അപേക്ഷിച്ചു. പെൻഷൻ ആനുകൂല്യങ്ങൾക്ക് ഹർജിക്കാരി അർഹയാണെന്ന് സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകനും ബെഞ്ചിന് മുമ്പാകെ സമ്മതിച്ചു. ഇക്കാര്യം പണം കൈമാറേണ്ട ബാങ്കിനെയും അറിയിച്ചിരുന്നു. എന്നാൽ, നാളിതുവരെ ഒരു രൂപ പോലും ഹർജിക്കാരിയ്ക്ക് ലഭിച്ചിട്ടില്ലെന്ന് വാലിയ വാദിച്ചു.

“ഹർജിക്കാരിയുടെ ഭർത്താവ് ഒരു ക്ലാസ് IV ജീവനക്കാരനായിരുന്നു. എന്നാൽ ഭർത്താവിന്റെ മരണ ശേഷം ഹർജിക്കാരിയുടെ ഇനിയുള്ള ജീവിതം പെൻഷൻ ആനുകൂല്യങ്ങളെ ആശ്രയിച്ചാണ്. ഇതിന് വേണ്ടി അവർക്ക് പലതവണ കോടതി കയറി ഇറങ്ങേണ്ടി വന്നു. അതിനാൽ, കർശനമായ ഒരു ഉത്തരവ് പുറപ്പെടുവിക്കാൻ ഈ കോടതി നിർബന്ധിതരായിരിക്കുകയാണ്. പെൻഷൻ ആനുകൂല്യങ്ങളുടെ മുഴുവൻ തുകയും ഹർജിക്കാരിയ്ക്ക് അനുവദിക്കുന്നത് വരെ പഞ്ചാബ് ആഭ്യന്തര സെക്രട്ടറിയുടെ ശമ്പളം തടഞ്ഞുവെയ്ക്കണം “ ഹർജി തീർപ്പാക്കുന്നതിനിടെ ജസ്റ്റിസ് ക്ഷേതർപാൽ പറഞ്ഞു.

എന്നാൽ, ഉത്തരവിൽ ഒപ്പിടുന്നതിന് മുമ്പ് പണം യുവതിയുടെ അക്കൗണ്ടിലേക്ക് മാറ്റിയതായി പ്രതിഭാ​ഗം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും തുടർന്ന് ഹർജി തീർപ്പാക്കുകയും ചെയ്തു. ഹർജിക്കാരി തൃപ്തയാണെന്നത് കണക്കിലെടുത്താണ് ഈ ഹർജി തീർപ്പാക്കിയതെന്നും ആഭ്യന്തര സെക്രട്ടറിയ്ക്ക് ഇനി ശമ്പളം നൽകാമെന്നും ജസ്റ്റിസ് ക്ഷേതർപാൽ അറിയിച്ചു.

ഭർത്താവ് സതീഷ് കുമാറിന്റെ സേവനങ്ങൾ പരിഗണിച്ച്ലഭിക്കേണ്ട കുടുംബ പെൻഷൻ, ഗ്രാറ്റുവിറ്റി, എക്സ് ഗ്രേഷ്യ, പ്രൊവിഡന്റ് ഫണ്ട് എന്നിവ കുടിശ്ശികയും പലിശയും സഹിതം നൽകാൻ പ്രതിഭാ​ഗത്തോട് നിർദ്ദേശിക്കണം എന്നാവശ്യപ്പെട്ടാണ് സീമ റാണി കോടതിയെ സമീപിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more