1 GBP = 113.53
breaking news

പൊലീസിൻ്റെ ഇക്കണോമിക് ഒഫന്‍സസ് വിങ് നാളെ മുതൽ നിലവിൽ

പൊലീസിൻ്റെ ഇക്കണോമിക് ഒഫന്‍സസ് വിങ് നാളെ മുതൽ നിലവിൽ

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിനായി പൊലീസില്‍ പ്രത്യേകം രൂപം നല്‍കിയ ഇക്കണോമിക് ഒഫെന്‍സസ് വിങ്ങിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി നാളെ നിര്‍വ്വഹിക്കും. സംസ്ഥാനത്ത് വർധിച്ചുവരുന്ന സാമ്പത്തികത്തട്ടിപ്പുകള്‍ തടയുകയാണ് ഇക്കണോമിക് ഒഫെന്‍സസ് വിങ്ങിന്‍റെ ലക്ഷ്യം. മികച്ച സാങ്കേതികപരിജ്ഞാനവും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിച്ച് മുന്‍പരിചയവുമുള്ള പൊലീസ് ഉദ്യോഗസ്ഥരെയാണ് ഈ വിഭാഗത്തില്‍ നിയമിച്ചിരിക്കുന്നത്. 226 എക്സിക്യൂട്ടീവ് തസ്തികകളും എഴ് മിനിസ്റ്റീരീയല്‍ തസ്തികകളും ഇതിനായി സൃഷ്ടിച്ചിട്ടുണ്ട്.

തിരുവനന്തപുരത്തെ സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ചിന്‍റെ പുതിയ ആസ്ഥാന മന്ദിരത്തിന്‍റെ ഉദ്ഘാടനവും ബുധനാഴ്ച ഇതോടൊപ്പം നടക്കും. 2018 ലാണ് സ്റ്റേറ്റ് പ്ലാന്‍ സ്കീമില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ചിന് വേണ്ടി ആസ്ഥാനമന്ദിരം നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. 8.41 കോടി രൂപ മുടക്കി 38,120 ചതുരശ്ര അടിയില്‍ നാലു നിലകളിലായാണ് സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ചിന്‍റെ പുതിയ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. 45 ഓളം മുറികള്‍ക്ക് പുറമെ കോണ്‍ഫറന്‍സ് ഹാള്‍, ഓഡിറ്റോറിയം തുടങ്ങിയ വിപുലമായ സംവിധാനങ്ങള്‍ ഈ കെട്ടിടത്തില്‍ ഒരുക്കിയിട്ടുണ്ട്.

ആലപ്പുഴ ജില്ലയിലെ പുളിങ്കുന്ന് പൊലീസ് സ്റ്റേഷന്‍റെ പുതിയ കെട്ടിടവും ബുധനാഴ്ച മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും. മഴയും വെള്ളപ്പൊക്കവും ഉള്‍പ്പെടെയുളള പ്രകൃതിദുരന്തങ്ങള്‍ അതിജീവിക്കാന്‍ കഴിയുന്ന രീതിയിലാണ് പുളിങ്കുന്ന് പൊലീസ് സ്റ്റേഷന്‍റെ രൂപകല്പന. മൂന്നു നിലകളിലായി 3700 ല്‍ പരം ചതുരശ്ര അടിയില്‍ നിര്‍മ്മിച്ച കെട്ടിടം വെള്ളം കയറാത്തവിധത്തില്‍ തൂണുകളിലാണ് സ്ഥാപിച്ചിരിക്കുന്നത്.

തിരുവനന്തപുരം സിറ്റി, പത്തനംതിട്ട, പാലക്കാട്, കോഴിക്കോട് സിറ്റി, കണ്ണൂര്‍ സിറ്റി, വയനാട് എന്നീ ആറ് ജില്ലകളിലെ ജില്ലാ ഫോറന്‍സിക് സയന്‍സ് ലബോറട്ടറികള്‍, തുമ്പ, പൂന്തുറ, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, തളിപ്പറമ്പ്, പയ്യന്നൂര്‍, ഇരിട്ടി, പേരാവൂര്‍, വെള്ളരിക്കുണ്ട് എന്നീ പൊലീസ് സ്റ്റേഷനുകളിലെ വനിതാ ശിശു സൗഹൃദഇടങ്ങള്‍, നവീകരിച്ച കാസര്‍ഗോഡ് ജില്ലാ പൊലീസ് ഓഫീസ് എന്നിവയും ബുധനാഴ്ച പ്രവര്‍ത്തനമാരംഭിക്കും. കൂടാതെ, കേരള പൊലീസ് അക്കാദമിയിലെ റിസര്‍ച്ച് സെന്‍റര്‍, പി.റ്റി നേഴ്സറി എന്നിവയും ബുധനാഴ്ച നിലവില്‍ വരും.

പൊലീസുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളില്‍ ഗവേഷണം നടത്താന്‍ പൊലീസ് ഉദ്യോഗസ്ഥരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് തൃശൂരിലെ കേരള പൊലീസ് അക്കാദമിയില്‍ പൊലീസ് റിസര്‍ച്ച് സെന്‍റര്‍ എന്ന ഗവേഷണ കേന്ദ്രം നിലവില്‍വരുന്നത്. രാജ്യത്തെ പ്രമുഖമായ വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഇതിന്‍റെ പ്രവര്‍ത്തനം. സാധാരണയുള്ള കായികപരിശീലനത്തിന് പകരം ആധുനികസംവിധാനങ്ങളുടെ സഹായത്തോടെയുള്ള പരിശീലനം ലഭ്യമാക്കുകയാണ് പൊലീസ് അക്കാദമിയില്‍ പുതുതായി ആരംഭിച്ച ഫിസിക്കല്‍ ട്രെയിനിങ് നഴ്സറിയുടെ ഉദ്ദേശ്യം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more