നെറ്റ്ഫ്ളിക്സ് (Netflix) ഉപയോക്താക്കളും ഇനി മുതൽ ആപ്പ് ഉപയോഗിക്കുമ്പോൾ പരസ്യം കാണും. പുതിയ മാറ്റങ്ങൾ ഉടൻ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ് കമ്പനി. 2022 അവസാനത്തോടെ പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ വരുത്താനാണ് ഉദ്ദേശിക്കുന്നതെന്ന് കമ്പനിയിലെ ചില വൃത്തങ്ങൾ പറഞ്ഞതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
വിപണിയിൽ അടുത്തിടെ വലിയ മാറ്റങ്ങൾക്കാണ് നെറ്റ്ഫ്ളിക്സ് സാക്ഷ്യം വഹിച്ചത്. സമീപകാലത്തുണ്ടായ തിരിച്ചടികളാണ് ചില നയങ്ങൾ മാറ്റാൻ കമ്പനിയെ നിർബന്ധിതരാക്കിയത്. പരസ്യങ്ങൾ അവതരിപ്പിക്കുന്നതിനൊപ്പം പാസ്വേഡ് മറ്റുള്ളവരുമായി പങ്കിടുന്നത് നിയന്ത്രിക്കുന്ന പുതിയ നടപടികളും കമ്പനി നടപ്പിലാക്കും. മികച്ച വരുമാന സാധ്യതകൾക്കായി പരസ്യങ്ങൾ കൊണ്ടുവരുന്നതിനെക്കുറിച്ചും ഉപഭോക്താക്കൾ അവരുടെ നെറ്റ്ഫ്ളിക്സ് അക്കൗണ്ട് മറ്റുള്ളവരുമായി പങ്കിടുന്ന രീതി മാറ്റുന്നതിനെക്കുറിച്ചും കമ്പനി നേരത്തെ തന്നെ പറഞ്ഞിരുന്നു.
ഉപഭോക്താക്കൾക്ക് ഡബിൾ സ്ക്രീൻ ആക്സസ് സൗകര്യം ഉപയോഗിച്ച് അവരുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും അക്കൗണ്ട് പങ്കിടാനുള്ള സൗകര്യം നെറ്റ്ഫ്ളിക്സിലുണ്ട്. ഇതിന് ഒരു ചെറിയ അധിക തുക ഈടാക്കാനാണ് കമ്പനി ആഗ്രഹിക്കുന്നത്. വരും മാസങ്ങളിൽ ഇതേക്കുറിച്ച് കമ്പനി കൂടുതൽ വിശദമാക്കും.
വിവിധ രാജ്യങ്ങളിലെ വിപണി സാധ്യതകൾക്കനുസരിച്ച് നെറ്റ്ഫ്ളിക്സ് പ്ലാനുകൾ മാറ്റിയിട്ടുണ്ട്. പശ്ചിമേഷ്യയിൽ ഉയർന്ന തുക ഈടാക്കുന്നത് തുടരുകയാണ്. ഇന്ത്യയെപ്പോലുള്ള വളർന്നു വരുന്ന വിപണികളിൽ, നെറ്റ്ഫ്ളിക്സ് സ്ട്രീമിംഗ് പ്ലാനുകൾ പ്രതിമാസം 149 രൂപ മുതലാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാൽ പരസ്യങ്ങൾ കൊണ്ടുവരുന്നത് നിലവിലുള്ള ഉപഭോക്താക്കൾ എങ്ങനെ സ്വീകരിക്കും എന്ന് കണ്ടറിയേണ്ടതുണ്ട്.
ലോകമെമ്പാടുമുള്ള 100 ദശലക്ഷം കുടുംബങ്ങൾ അവരുടെ സുഹൃത്തിന്റെയോ കുടുംബാംഗങ്ങളിൽ ആരുടെയെങ്കിലുമോ പാസ്വേർഡ് ഉപയോഗിച്ച് നെറ്റ്ഫ്ളിക്സ് കാണുന്നുണ്ടെന്ന് കമ്പനി പറയുന്നു. ഈ രീതി അവസാനിപ്പിച്ച് കൂടുതൽ ആളുകളെ അവരുടെ സ്വന്തം അക്കൗണ്ടുകൾക്കായി പണമടയ്ക്കാൻ പ്രേരിപ്പിക്കുന്നതിന് കമ്പനി ചിലി, പെറു, കോസ്റ്റാറിക്ക എന്നിവിടങ്ങളിൽ ഒരു ടെസ്റ്റ് അവതരിപ്പിച്ചിരുന്നു. ഈ മാർഗം കൂടുതൽ രാജ്യങ്ങളിലേക്ക് വിപുലീകരിക്കാനാണ് കമ്പനിയുടെ നീക്കം. ഇതനുസരിച്ച് വരിക്കാർക്ക് രണ്ട് ആളുകളെ വരെ അവരുടെ അക്കൗണ്ടുകളിലേക്ക് ചേർക്കാനായി നിശ്ചിത ചാർജ് നൽകേണ്ടി വരും.
പരസ്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് കുറഞ്ഞ നിരക്കിലുള്ള സബസ്ക്രിപ്ഷന് പ്ലാനുകള്‍ അവതരിപ്പിച്ചിട്ടുണ്ടെന്ന് നെറ്റ്ഫ്ലിക്സ് കോ-സിഇഒ റീഡ് ഹേസ്റ്റിംഗ്സ് നേരത്തേ അറിയിച്ചിരുന്നു. വരിക്കാരുടെ എണ്ണം കൂട്ടുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാറ്റം കൊണ്ടുവന്നിരിക്കുന്നത്. പ്ലാറ്റ്ഫോമില്‍ ആഡ്-ഫ്രീ പ്ലാനുകള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പരസ്യങ്ങള്‍ക്ക് ഉൾപ്പെടുത്തുന്നതിന് താൻ എതിരായിരുന്നുവെന്ന് നെറ്റ്ഫ്ളിക്സ് ഉപയോഗിക്കുന്നവർക്ക് അറിയാമെന്നും എന്നാൽ ഇപ്പോൾ ഉപയോക്താക്കളുടെ ആവശ്യം പരിഗണിച്ച് ചെറിയ തുകക്കുള്ള പ്ലാനുകൾ അവതരിപ്പിക്കുന്നതിൽ താൻ സംതൃപ്തനാണെന്നും ഹേസ്റ്റിംഗ്സ് വ്യക്തമാക്കിയിരുന്നു. നെറ്റ്ഫ്ളിക്സിന്റെ പ്രോഗ്രാമുകൾ കൂടുതൽ നിലവാരമുള്ളതാക്കുമെന്നും അത്തരം കാര്യങ്ങളാണ് ഉപയോക്താക്കൾ ഏറ്റവും കൂടുതൽ വിലമതിക്കുന്നതെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
അധിക നിരക്ക് ഈടാക്കാതെ വീഡിയോ ഗെയിമുകൾ ചേർത്തും കൂടുതൽ വരിക്കാരെ ആകർഷിക്കാനും നെറ്റ്ഫ്ളിക്സ് ശ്രമിക്കുന്നുണ്ട്.
click on malayalam character to switch languages