1 GBP = 108.89
breaking news

 ഒന്നാം ക്ലാസിൽ ചേരാൻ കുറഞ്ഞത് 5 വയസ്സ്; നിബന്ധന തുടരുമെന്ന് സ്കൂൾ മാന്വൽ

 ഒന്നാം ക്ലാസിൽ ചേരാൻ കുറഞ്ഞത് 5 വയസ്സ്; നിബന്ധന തുടരുമെന്ന് സ്കൂൾ മാന്വൽ

തിരുവനന്തപുരം : സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം 5 ആയി തുടരുമെന്നു വ്യക്തമാക്കി സ്കൂൾ മാന്വലിന്റെ കരട് പുറത്തിറക്കി. 1–8 ക്ലാസ് വിദ്യാർഥികളിൽനിന്ന് ഒരുതരത്തിലുള്ള ഫീസും ഈടാക്കരുത്. സ്കൂൾ പ്രവർത്തനം സംബന്ധിച്ചുള്ള ആധികാരികരേഖയായ സ്കൂൾ മാന്വലിന്റെയും ഏകോപനത്തോടെയുള്ള പഠനപ്രവർത്തനങ്ങൾ വിശദമാക്കുന്ന അക്കാദമിക് മാസ്റ്റർപ്ലാനിന്റെയും കരടാണു മന്ത്രി വി.ശിവൻകുട്ടി പുറത്തിറക്കിയത്.

കേന്ദ്ര വിദ്യാഭ്യാസനയം അനുസരിച്ച് ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം 6 ആണെങ്കിലും കേരളത്തിൽ വിദ്യാഭ്യാസച്ചട്ടം അനുസരിച്ച് 5 ആയി തുടരുമെന്നാണു മാന്വലിൽ വ്യക്തമാക്കുന്നത്. 9–ാം ക്ലാസ് വരെ പ്രവേശനത്തിനു 3 മാസത്തെയും 10–ാം ക്ലാസിലേക്ക് 6 മാസത്തെയും വയസ്സിളവ് ജില്ലാ–ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർമാർക്ക് അനുവദിക്കാം.

പിടിഎ, ക്ലാസ് പിടിഎ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി, മാതൃസമിതി, പൂർവ വിദ്യാർഥി സംഘടന തുടങ്ങിയ വിവിധ സമിതികളുടെ ഘടന, ചുമതലകൾ, ഫണ്ട് വിനിയോഗം എന്നിവ മാന്വലിൽ വിശദമാക്കുന്നു. പിടിഎ കമ്മിറ്റികളിൽ രക്ഷിതാക്കളുടെയും അധ്യാപകരുടെയും പ്രതിനിധികളിൽ പകുതിയെങ്കിലും വനിതകളായിരിക്കണം. അധ്യാപകർ സ്വകാര്യ ട്യൂഷനും മറ്റു സ്വകാര്യ പഠനപ്രവർത്തനങ്ങളും നടത്തുന്നില്ലെന്നു സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ഉറപ്പാക്കണം.

പഠനപ്രവർത്തന മേൽനോട്ടത്തിനു നിരീക്ഷണ സമിതി രൂപീകരിക്കണമെന്ന് അക്കാദമിക് മാസ്റ്റർപ്ലാനിന്റെ കരടിൽ നിർദേശിച്ചിട്ടുണ്ട്. അധ്യാപക–പിടിഎ പ്രതിനിധികൾക്കൊപ്പം തദ്ദേശ ജനപ്രതിനിധി, അക്കാദമിക് വിദഗ്ധ / വിദഗ്ധൻ, പൂർവ വിദ്യാർഥി–വിദ്യാർഥി പ്രതിനിധി തുടങ്ങിയവരും ഉൾപ്പെട്ടതാകണം സമിതി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more