കേരളത്തിന്റെ വിപ്ലവ നായിക കെ.ആര്‍.ഗൗരിയമ്മ വിടവാങ്ങീട്ട് ഇന്നേക്ക് ഒരു വര്‍ഷം. ഒരിക്കലും തലകുനിക്കാത്ത ആത്മബലത്തിന്റെ കൂടി പേരാണ് കെ.ആര്‍.ഗൗരിയമ്മ. ശാസിച്ചും സ്‌നേഹിച്ചും ദശാബ്ദങ്ങള്‍ കേരള രാഷ്ട്രീയത്തിന്റെ പൂമുഖത്തുണ്ടായിരുന്ന വിപ്ലവ നേതാവിന്റെ ഓര്‍മ്മകളിലേക്ക്
കരയാത്ത ഗൗരീ, തളരാത്ത ഗൗരീ
കലികൊണ്ടുനിന്നാല്‍ അവള്‍ ഭദ്രകാളീ..
ഇതുകേട്ടുകൊണ്ടേ ചെറുബാല്യമെല്ലാം
പതിവായി ഞങ്ങള്‍ ഭയമാറ്റിവന്നു…
കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ഈ വാക്കുകളില്‍ കളത്തില്‍പറമ്പില്‍ രാമന്‍ ഗൗരി എന്ന കെ.ആര്‍.ഗൗരിയമ്മ പിന്നിട്ട ജീവിതത്തിന്റെ ആഴമുണ്ട്. നൂറ്റാണ്ട് കടന്ന മലയാളി സ്ത്രീ മുന്നേറ്റത്തിന്റെ ചരിത്രമുണ്ട്.
1919 ജൂലൈ 14 ന് ആലപ്പുഴയിലെ പട്ടണക്കാട്ടില്‍ ജനിച്ച കെ.ആര്‍.ഗൗരിയമ്മ ബിഎ പഠനത്തിന് ശേഷം തിരുവനന്തപുരം ലോ കോളജില്‍ നിയമപഠനത്തിന് ചേരുമ്പോള്‍, അതൊരു മുന്നേനടക്കലായിരുന്നു. തീര്‍ന്നില്ല, തിരുവിതാംകൂര്‍ ദിവാന്‍ സി.പി.രാമസ്വാമി അയ്യര്‍ വച്ചുനീട്ടിയ മജിസ്‌ട്രേട്ട് പദവി വേണ്ടെന്ന് വെച്ച് പെണ്‍കുട്ടികള്‍ക്ക് പോരായ്മയായി കണ്ട പൊതുപ്രവര്‍ത്തനമാണ് പിന്നിടവര്‍ തന്റെ മാര്‍ഗ്ഗമായി തെരഞ്ഞെടുത്തത്. 1948 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഔദ്യോഗിക അംഗത്വം. 1953ലും 1954ലും തിരുവിതാംകൂര്‍, തിരുകൊച്ചി നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വിജയിച്ചു. 1957 ല്‍ ഐക്യകേരളത്തിന്റെ ആദ്യ മന്ത്രിസഭ ഇഎംഎസ് നമ്പൂതിരിപാടിന്റെ നേതൃത്വത്തില്‍ അധികാരമേറ്റപ്പോള്‍ റവന്യൂ, എക്‌സൈസ് വകുപ്പു മന്ത്രിയായി. മലയാളി ജീവിതത്തെ സാമ്പത്തികവും സാമൂഹികവുമായി മാറ്റിമറിച്ച ഭൂപരിഷ്‌കരണ നിയമത്തിന് ഗൗരിയമ്മ നല്‍കിയ സംഭാവന കേരള ചരിത്രത്തിലെ സൂവര്‍ണ്ണ അധ്യായമാണ്. ഏറ്റവും കൂടുതല്‍ കാലം നിയമസഭാംഗവും മന്ത്രിയുമായിരുന്ന വനിത, ഏറ്റവും പ്രായം കൂടിയ വനിതാ മന്ത്രി. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കെ.ആര്‍.ഗൗരിയമ്മയ്ക്ക് സമാനതകളില്ല.
ഒന്നാം ഇ.എം.എസ് മന്ത്രിസഭ അധികാരമേറ്റ 1957 ല്‍ തന്നെയായിരുന്നു അതേ മന്ത്രിസഭയില്‍ വ്യവസായ മന്ത്രിയായിരുന്ന ടി.വി.തോമസുമായുള്ള വിവാഹം. 1964ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍പ്പില്‍ ഭര്‍ത്താവ് തോമസ് സിപിഐയില്‍ നിലയുറപ്പിച്ചപ്പോഴും, ഗൗരിയമ്മ സിപിഐഎമ്മിനൊപ്പം നടന്നു. ജീവിതത്തെ തന്നെ മുറിച്ചുമാറ്റി സിപിഐഎമ്മിനൊപ്പം ഇറങ്ങിയ ധീരവനിതയ്ക്ക്, പക്ഷേ കാല്‍ നൂറ്റാണ്ടിന് അപ്പുറം താന്‍ കൂടി പടുത്തുയര്‍ത്തിയ പാര്‍ട്ടിയില്‍നിന്ന് പുറത്തേക്കും പോവേണ്ടി വന്നു. എന്നാല്‍, തോല്‍ക്കാന്‍ തയ്യാറായിരുന്നില്ല. 1994 ല്‍ ജനാധിപത്യ സംരക്ഷണ സമിതി എന്ന പേരില്‍ സ്വന്തം പാര്‍ട്ടി രൂപീകരിച്ച് യുഡിഎഫില്‍ ഘടക കക്ഷിയായി. എ.കെ.ആന്റണിയും ഉമ്മന്‍ ചാണ്ടിയും നയിച്ച മന്ത്രിസഭകളില്‍ മന്ത്രിയുമായി. കേരള രാഷ്ട്രീയത്തിലെ ആണധികാരം പിടിമുറുക്കിയില്ലായിരുന്നുവെങ്കില്‍, 1987 ല്‍ സംസ്ഥാനത്തിന്റെ ആദ്യ വനിതാ മുഖ്യമന്ത്രിയായി കെ.ആര്‍.ഗൗരിയമ്മ പുതുചരിത്രം കുറിക്കുമായിരുന്നു. കെ.ആര്‍.ഗൗരിയമ്മയിലൂടെ മലയാളികള്‍ക്ക് ലഭിക്കാതെ പോയ സൗഭാഗ്യവും അതുതന്നെ.
click on malayalam character to switch languages