കൊച്ചി: യുവനടി നല്കിയ പീഡന പരാതിയിൽ മുന്‍കൂര്‍ ജാമ്യം തേടി നടന് വിജയ് ബാബു ഇന്ന് കോടതിയെ സമീപിക്കും. ഹൈക്കോടതിയുടെ അവധിക്കാല ബഞ്ചില്‍ അപേക്ഷ നല്‍കാനായി വിജയ് ബാബു അഭിഭാഷകനെ നിയോഗിച്ചു. വിജയ് ബാബുവിന് വേണ്ടി വിമാനത്താവളങ്ങളില്‍ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
പരാതിയില്‍ അറസ്റ്റിലേക്ക് നീളാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് വിജയ് ബാബു വിദേശത്തേക്ക് കടന്നതെന്നാണ് പൊലീസ് നിഗമനം. പീഡന പരാതിക്ക് പുറമേ ഇരയുടെ പേര് വെളിപ്പെടുത്തിയതിനും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഏപ്രിൽ 22 നാണ് എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ നടി പരാതി നൽകിയത്. 24ന് വിജയ് ബാബു വിദേശത്തേക്ക് പോയി. തുടർന്ന് ഇരയുടെ പേരു വെളിപ്പെടുത്തി വിജയ് ബാബു ഫേസ്ബുക്ക് ലൈവിൽ വന്നിരുന്നു. ഇരയുടെ പേരു വെളിപ്പെടുത്തുന്നത് രണ്ടു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
മുന്‍കൂര്‍ ജാമ്യാപേക്ഷ ഫയല്‍ ചെയ്താല്‍ ഇന്ന് തന്നെ പരിഗണിച്ചേക്കും. കേസുമായി ബന്ധപ്പെട്ട് ശേഖരിച്ച ശാസ്ത്രീയ തെളിവുകളടക്കം അന്വേഷണസംഘം പരിശോധന വിധേയമാക്കി. ഇരയുടെ പരാതി സാധൂകരിക്കുന്ന തരത്തിലുള്ള കാര്യങ്ങളാണ് കണ്ടെത്തിയിട്ടുള്ളതെന്ന് എറണാകുളം ഡിസിപി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ബലാത്സംഗം, ശാരീരികമായി പരിക്കേൽപ്പിക്കൽ, ഭിക്ഷണിപ്പെടുത്തൽ തുടങ്ങി നിരവധി കുറ്റങ്ങള്‍ വിജയ് ബാബുവിനെതിരെ ചുമത്തിയിട്ടുണ്ട്.
‘പ്രഥമദൃഷ്ട്യാ തെളിവുണ്ട്’
വിജയ് ബാബുവിനെതിരേ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും പരാതിയിൽ പ്രാഥമിക നടപടികൾ പൂർത്തിയാക്കിയെന്നും സിറ്റി പോലീസ് കമ്മീഷണർ സി.എച്ച്. നാഗരാജു അറിയിച്ചു. അറസ്റ്റ് അനിവാര്യമാണ്. യുവതിയുടെ മൊഴിയെ സാധൂകരിക്കുന്ന തെളിവുകൾ അന്വേഷണത്തിൽ കിട്ടിയതായും കമ്മീഷണർ പറഞ്ഞു.
ഹോട്ടൽ, ഫ്ലാറ്റ് എന്നിവിടങ്ങളിൽ നിന്നാണ് തെളിവുശേഖരിച്ചത്. പരിശോധന നടത്തിയ സ്ഥലങ്ങളിൽ വിജയ് ബാബുവിന്റെ സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ട്. ഇരയാക്കപ്പെട്ടയാളെ സ്വാധീനിക്കാൻ ശ്രമിച്ചതിന്റെ തെളിവും കിട്ടി. കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള ഒരുക്കത്തിലാണ് പോലീസ്. ഇരയെ ഭീഷണിപ്പെടുത്തിയതിനെതിരേയും നടപടി സ്വീകരിക്കും.
അതിനിടെ, പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് വൈദ്യപരിശോധന പൂർത്തിയാക്കി. സിനിമാ മേഖലയിൽ നിന്നുള്ള ചില സാക്ഷികളുടെ മൊഴിയും രേഖപ്പെടുത്തി. പ്രതിയെ കസ്റ്റഡിയിൽ ചോദ്യംചെയ്യേണ്ടതുണ്ടെന്ന് പൊലീസ് പറയുന്നു. വിദേശത്തുനിന്ന് ഇയാൾ തിരിച്ചെത്തിയില്ലെങ്കിൽ നാട്ടിലെത്തിക്കാനുള്ള നീക്കവും നടത്തുന്നുണ്ട്. അതിനായി മറ്റ് ഏജൻസികളുടെ സഹായം തേടും.
click on malayalam character to switch languages