കെ.വി തോമസിനെ കോണ്‍ഗ്രസ് പുറത്താക്കിയാല്‍ സിപിഎം അഭയം നല്‍കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കെ വി തോമസിനെ പുറത്താക്കിയാൽ രാഷ്ട്രീയ അഭയം നല്കാന് ഇടത് പക്ഷത്ത് യാതൊരു പ്രയാസവുമില്ല. കോൺഗ്രസ് പുറത്താക്കുന്നവർക്ക് സിപിഎം അഭയം നൽകുമെന്നും കോടിയേരി കണ്ണൂരില്‍ നടത്തിയ ബഹുജനക്യാംപെയിനിൽ പ്രഖ്യാപിച്ചു.
‘ബിജെപിക്ക് ഒപ്പം ചേർന്ന് കെ റെയിൽ സമരം നടത്തുന്നവർക്കെതിരെ നടപടിയെടുക്കാത്ത കോൺഗ്രസാണ് പാർട്ടി കോൺഗ്രസിലെ സെമിനാറില്‍ പങ്കെടുത്തതിന്റെ പേരിൽ കെ.വി തോമസിനെതിരെ നടപടി ശുപാർശ ചെയ്യുന്നത്. കോൺഗ്രസും ബിജെപിയും ഒന്നിച്ചാണ് കല്ല് പറിക്കാൻ പോകുന്നത്. കോൺഗ്രസിന് സിപിഎമ്മിനോടാണ് വിരോധം. ആർഎസ്എസ്സിനോടല്ല. കെ.വി തോമസിനെ പുറത്താക്കിയാൽ അഭയം കിട്ടാൻ ഇടത് പക്ഷത്ത് യാതൊരു പ്രയാസവുമില്ല. കോൺഗ്രസ് പുറത്താക്കുന്നവർക്ക് സിപിഎം അഭയം നൽകും”, കോടിയേരി വ്യക്തമാക്കി.
കോൺഗ്രസ്സുകാർ ആർഎസ്എസ് ഉയർത്തുന്ന ഹിന്ദുത്വ മുദ്രാവാക്യത്തിന് പിന്നാലെ പോകുകയാണ് ,പലയിടത്തും കോൺഗ്രസുകാർ ബിജെപിയാണ്. കേരളത്തിലും അതാകാനാണ് ശ്രമിക്കുന്നത്. 35 വർഷം വർഗ്ഗീയ കലാപങ്ങൾ ഇല്ലാത്ത പശ്ചിമ ബംഗാളിൽ ഇന്ന് കലാപങ്ങൾ പതിവായി. ഇടതു പക്ഷം ഇല്ലാതായാൽ പല ശക്തികളും അഴിഞ്ഞാടും, കലാപമുണ്ടാകുമെന്നും കോടിയേരി ആരോപിക്കുന്നു.
അതേസമയം, അച്ചടക്ക ലംഘനം നടത്തിയ കെ വി തോമസിനെ പാർട്ടി പദവികളിൽ നിന്ന് ഒഴിവാക്കാൻ അച്ചടക്ക സമിതി ശുപാർശ ചെയ്തു . എഐസിസി അംഗത്വത്തിൽ നിന്നും രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും നീക്കാനാണ് ശുപാർശ. അച്ചടക്ക സമിതിയുടെ ശുപാർശ കോൺഗ്രസ് അധ്യക്ഷയ്ക്ക് കൈമാറും. കെ വി തോമസിനെ താക്കീത് ചെയ്യാനും അച്ചടക്ക സമിതി ശുപാർശ ചെയ്തിട്ടുണ്ട്. സമിതിയുടെ ശുപാർശകളിൽ അന്തിമ തീരുമാനം എഐസിസി അധ്യക്ഷ സോണിയാ ഗാന്ധിയുടേതാകും.
അതേസമയം നേരിൽ ഹാജരായി വിശദീകരണം നൽകാൻ സാഹചര്യം തരണമെന്ന കെ വി തോമസിന്റെ ആവശ്യവും എ കെ ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതി തള്ളി. അച്ചടക്കം ലംഘിച്ച സുനിൽ ജാക്കറിന് രണ്ട് വർഷം സസ്പെൻഷനുംം അച്ചടക്ക സമിതി ശുപാർശ ചെയ്തു.
പാർട്ടി വിലക്ക് ലംഘിച്ച് സി പി എം പാർട്ടി കോൺഗ്രസ് സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുത്തതിനും പിണറായി വിജയനെ പുകഴ്ത്തിയതിനുമെതിരെയാണ് നടപടി വരുന്നത്. കെ വി തോമസിനെ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് തന്നെ സസ്പെൻഡ് ചെയ്യണമെന്നായിരുന്നു കെപിസിസി നൽകിയ കത്തിൽ പറഞ്ഞിരുന്നത്.
പാർട്ടി കോൺഗ്രസിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുക്കാൻ ശശി തരൂരിനും കെ വി തോമസിനുമാണ് സി പി എമ്മിൽ നിന്ന് ക്ഷണം ഉണ്ടായിരുന്നത്. കെ പി സി സിയുടെ എതിർപ്പും എ ഐ സി സിയുടെ നിർദേശവും പരിഗണിച്ച് ശശി തരൂർ സെമിനാറിൽ പങ്കെടുക്കുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ കെ വി തോമസ് സെമിനാറിൽ പങ്കെടുത്തുവെന്ന് മാത്രമല്ല മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് പ്രസംഗിക്കുകയും ചെയ്തു.
ഇതെല്ലാം സംസ്ഥാന കോൺഗ്രസ് നേതൃത്വത്തെ പ്രകോപിപ്പിക്കുന്ന തരത്തിലായിരുന്നു. മാത്രവുമല്ല സി പി എം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത കെ വി തോമസിനെ രൂക്ഷമായി വിമർശിച്ച സംസ്ഥാന നേതൃത്വത്തിനെതിരെ കെ വി തോമസും പരസ്യ നിലപാട് എടുത്തിരുന്നു
click on malayalam character to switch languages