1 GBP = 109.00
breaking news

സിൽവർ ലൈൻ; മെട്രോമാൻ ഇ. ശ്രീധരനെ പരിഹസിച്ച് മുഖ്യമന്ത്രി

സിൽവർ ലൈൻ; മെട്രോമാൻ ഇ. ശ്രീധരനെ പരിഹസിച്ച് മുഖ്യമന്ത്രി

സിൽവർ ലൈൻ പദ്ധതിയിൽ മെട്രോമാൻ ഇ. ശ്രീധരനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതി മുടക്കാനായി മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞ് നടന്നയാളും കേന്ദ്രമന്ത്രിയും ചേർന്നാണ് നിവേദനം നൽകിയത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ അർദ്ധ അതിവേ​ഗ പാതയാകാമെന്നും എന്നാൽ കേരളത്തിൽ ഇതൊന്നും പാടില്ലെന്നുമാണ് ഇവരുടെ നിലപാട്. റെയിൽവേ മന്ത്രാലയത്തിന്റെ കൂടി പങ്കാളിത്തമുള്ള പദ്ധതിയാണ് സിൽവർ ലൈനെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് എൽഡിഎഫ് പുത്തരിക്കണ്ടം മൈതാനിയിൽ സംഘടിപ്പിച്ച വിശദീകരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ റെയിൽ കേരളത്തെ രണ്ടായി വിഭജിക്കുമെന്നും പാത വന്നാൽ വെള്ളപ്പൊക്കം ഉണ്ടാകുമെന്നുമുള്ള പ്രചാരണം അടിസ്ഥാന രഹിതമാണ്. പദ്ധതി യാഥാർത്ഥ്യമായാൽ കാർബൺ ബഹിർഗമനം കുറയും. പ്രകൃതിക്കെതിരായ വികസനം എൽഡിഎഫിന്റെ അജണ്ടയല്ല. സാമൂഹിക ആഘാത, പരിസ്ഥിതി പഠനത്തിലൂടെ പരമാവധി ആഘാതം ഒഴിവാക്കിയും നഷ്ടപരിഹാരം ഉറപ്പാക്കിയുമാകും കെ റെയിൽ നടപ്പിലാക്കുന്നത്. ജനങ്ങളെ വഴിയാധാരമാക്കിയുള്ള വികസനം എൽഡിഎഫ് നടത്തില്ല.

അതിവേഗ റെയിൽപാത നാടിന് അത്ര ഗുണം ചെയ്യില്ലെന്ന വസ്തുതയും വലിയ ചെലവുമാണ് അർധ അതിവേഗപാത തെരഞ്ഞെടുക്കാൻ കാരണം. കേരളത്തിൽ പുതിയ റെയിൽപാതയെക്കുറിച്ച് ചിന്തിക്കണമെന്ന് ഇന്ത്യൻ റെയിൽവേയാണ് നിർദേശിച്ചത്. എന്നാൽ, കേന്ദ്ര സർക്കാർ കൂടി പങ്കാളിയായ സംരംഭത്തെ എതിർക്കാനാണ് പ്രതിപക്ഷ കക്ഷികൾ ഉൾപ്പടെ ശ്രമിക്കുന്നത്.

കേരളാ മോഡൽ മാതൃകാപരമാണ്. നാടിന്റെ വികസനം വരും തലമുറയ്ക്ക് വേണ്ടിയാണ്. നിഷേധാത്മക സമീപനം സ്വീകരിച്ച ശക്തികളെ കേരളത്തിന് നേരത്തെ പരിചയമുണ്ട്. ഭൂപരിഷ്‌കരണം നടപ്പാക്കിയതാണ് കേരളത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഭൂപരിഷ്‌കരണം നടപ്പിലാക്കായ 1957 ലെ ഇഎംഎസ് സർക്കാരിന് എന്തൊക്കെ വെല്ലുവിളിയാണ് നേരിടേണ്ടി വന്നതെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു. സർക്കാരിനെ അട്ടിമറിക്കുന്ന സമരങ്ങൾ വരെ ഉയർന്നുവന്നു. സമൂലമായ വിദ്യാദ്യാസ പരിഷ്‌കരണം ഇഎംഎസ് സർക്കാർ കൊണ്ടുവന്നിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more