കോൺഗ്രസിനെതിരെ വിമർശനം തുടർന്ന് മുതിർന്ന നേതാവ് കെവി തോമസ്. കോൺഗ്രസിൻ്റെ അംഗത്വ ക്യാമ്പയിൻ വൻ പരാജയമെന്ന് അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ മെമ്പർഷിപ്പ് കോൺഗ്രസിൻ്റെ സമ്പ്രദായമല്ല. 50 ലക്ഷം പേരെ ചേർക്കാൻ ലക്ഷ്യമിട്ടിടത്ത് ഒന്നുമില്ലത്ത അവസ്ഥയാണ് എന്നും കെവി തോമസ് കൂട്ടിച്ചേർത്തു.
തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ആസൂത്രിത നീക്കം നടക്കുന്നു എന്ന് കഴിഞ്ഞ ദിവസം അദ്ദേഹം ആരോപിച്ചിരുന്നു. തനിക്കെതിരായ പരാതിയിൽ തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡാണ്. ഹൈക്കമാൻഡ് തീരുമാനമെടുത്തതിനു ശേഷം തൻ്റെ നിലപാട് അറിയിക്കാം. കോൺഗ്രസിനെ നശിപ്പിക്കാനാണ് കെ സുധാകരൻ്റെ ശ്രമം എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, അംഗത്വ ക്യാമ്പയിൻ ഗൗരവത്തിലെടുത്തില്ലെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം വിലയിരുത്തിയിരുന്നു. കേന്ദ്ര നേതൃത്വം നിർദേശിച്ച സമയം പാലിക്കുന്നതിൽ വീഴ്ചയുണ്ടായെന്ന് ഇന്നലെ ചേർന്ന യോഗത്തിൽ വിമർശനം ഉയർന്നു. കെ വി തോമസ്, പി ജെ കുര്യൻ വിഷയങ്ങളിൽ ഹൈക്കമാൻഡ് തീരുമാനം എടുക്കട്ടെയെന്നും യോഗത്തിൽ തീരുമാനമായി.
രാഷ്ട്രീയകാര്യ സമിതി യോഗത്തിലേക്ക്, കെ വി തോമസിനെ ക്ഷണിച്ചിരുന്നില്ല. അച്ചടക്കലംഘനത്തിൻറെ പേരിൽ നടപടിയുടെ നിഴലിൽ നിൽക്കുന്നതിനാലാണ് തോമസിനെ ക്ഷണിക്കാത്തത് എന്നാണ് നേതൃത്വത്തിൻറെ വിശദീകരണം. വിലക്ക് ലംഘിച്ച് സിപിഐഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്ത കെ വി തോമസിൻറെ നടപടി യോഗങ്ങളിൽ ചർച്ചയായി.
അതൃപ്തിയെ തുടർന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ നിന്ന് മുല്ലപ്പള്ളി രാമചന്ദ്രനും വിട്ടുനിന്നു. ഉന്നയിച്ച പരാതികൾ പരിഹരിക്കാത്തതിലാണ് മുല്ലപ്പള്ളിക്ക് അതൃപ്തി. തന്നെ പല പരിപാടികളും അറിയിക്കുന്നില്ലെന്ന പരിഭവവും മുൻ കെപിസിസി അധ്യക്ഷൻ കൂടിയായ മുല്ലപ്പള്ളി നേരത്തെ പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിട്ടുനിൽക്കൽ.
click on malayalam character to switch languages