ലൈംഗികാതിക്രമത്തിന് യുകെ കോടതി 23 വർഷം തടവ് ശിക്ഷയ്ക്ക് വിധിച്ച മലയാളി അരവിന്ദൻ ബാലകൃഷ്ണൻ എന്ന ‘സഖാവ് ബാല’ മരിച്ചു. തെക്ക്-പടിഞ്ഞാറൻ ഇംഗ്ലണ്ടിലെ എച്ച്എംപി ഡാർട്ട്മൂർ ജയിലിൽ വെച്ചാണ് മരണം. ലണ്ടനിൽ തീവ്രവാദ മാവോയിസ്റ്റ് പ്രവർത്തനം നടത്തുകയും മകൾ അടക്കം നിരവധി സ്ത്രീകളെ അടിമകളാക്കി പീഡിപ്പിക്കുകയും ചെയ്ത 81 കാരനെ 2016ലാണ് കോടതി ശിക്ഷിക്കുന്നത്.
മകൾ കാർത്തി മോർഗൻ നടത്തിയ വെളിപ്പെടുത്തലോടെയാണ് സഖാവ് ബാലയുടെ കൊടും ക്രൂരതകൾ ലോകം അറിയുന്നത്. പിതാവ് 30 വർഷത്തിലേറെ തന്നെ തടവിലാക്കി പീഡിപ്പിച്ചതായി കാർത്തി വെളിപ്പെടുത്തി. “ഭയങ്കരവും മനുഷ്യത്വരഹിതവും തരംതാഴ്ത്തുന്നതും” എന്നാണ് കാർത്തി തന്റെ അവസ്ഥയെ കോടതിയിൽ വിശേഷിപ്പിച്ചത്.
കേരളത്തിലെ ഒരു ഗ്രാമത്തിൽ ജനിച്ച ബാലകൃഷ്ണൻ സിംഗപ്പൂരിലും മലേഷ്യയിലുമായി താമസിച്ച് വളർന്നു. 1963 ൽ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ പഠിക്കാൻ യുകെയിലേക്ക് വണ്ടികേറി. 1969-ൽ അദ്ദേഹം ‘വർക്കേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാർക്സിസം-ലെനിനിസം-മാവോ സെതൂങ് ചിന്ത’ എന്ന പേരിൽ ഒരു രഹസ്യ മാവോയിസ്റ്റ് കമ്യൂൺ സ്ഥാപിച്ചു. 1970 കളിൽ തൊഴിലാളികൾക്കിടയിൽ കമ്മ്യൂണിസ്റ്റ് നേതാവായി പ്രവർത്തനം തുടങ്ങിയ ബാലകൃഷ്ണൻ, പിന്നീട് അതീന്ദ്രിയ ശക്തികൾ അവകാശപ്പെട്ട് അനുയായികളെ കൂടെ കൂട്ടുകയായിരുന്നു.
തന്നെ ധിക്കരിച്ചാൽ കടുത്ത ശിക്ഷ കിട്ടുമെന്ന് വിശ്വസിപ്പിച്ച് നിരവധിപ്പേരെ ഇയാൾ അടിമകളാക്കി പീഡിപ്പിച്ചു. ദൈവതുല്യമായ ശക്തിയുണ്ടെന്ന് വിശ്വസിപ്പിച്ചാണ് ബാലകൃഷ്ണൻ സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്തത്. സൗത്ത് ലണ്ടനിലെ വീട്ടിൽ മൂന്ന് പതിറ്റാണ്ടോളം ഇയാൾ വനിതാ അനുയായികളെ തടവിലിടുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു. ബലാത്സംഗം, ലൈംഗികാതിക്രമം, സ്ത്രീകളെ ആക്രമിക്കൽ, അന്യായമായി തടവിലാക്കൽ, ബാലപീഡനം തുടങ്ങി 16 കുറ്റങ്ങളാണ് ബാലകൃഷ്ണനെതിരെ ചുമത്തിയത്.
വിചാരണയ്ക്കിടെ ബലാൽസംഗ കുറ്റം നിഷേധിച്ച ബാലകൃഷ്ണൻ താനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ കഴിയാത്ത അസൂയാലുക്കളായ സ്ത്രീകൾ തമ്മിലുള്ള മത്സരത്തിന്റെ ഇരയാണ് താനാണെന്ന് വാദിച്ചു.
click on malayalam character to switch languages