1 GBP = 113.24
breaking news

മറഡോണയുടെ ‘ദൈവത്തിന്റെ കൈ’ ജഴ്സി ലേലത്തിന്

മറഡോണയുടെ ‘ദൈവത്തിന്റെ കൈ’ ജഴ്സി ലേലത്തിന്

ഇതിഹാസ ഫുട്ബോളർ ഡീഗോ മറഡോണയുടെ ജഴ്സി ലേലത്തിന്. 1986 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ ക്വാർട്ടർ ഫൈനലിൽ മറഡോന അണിഞ്ഞ ജഴ്സിയാണ് ലേലം ചെയ്യാനൊരുങ്ങുന്നത്. ആ മത്സരത്തിലാണ് താരം ഏറെ പ്രശസ്തമായ ‘ദൈവത്തിൻ്റെ കൈ’ ഗോൾ നേടിയത്. ഈ മാസം 20 മുതൽ അടുത്ത മാസം 4 വരെ ഓൺലൈൻ ആയാണ് ലേലം നടക്കുക. സോത്ത്‌ബൈസ് എന്ന കമ്പനിയാണ് ജഴ്സി ലേലത്തിൽ വെക്കുന്നത്. ജഴ്സിക്ക് 40 കോടി രൂപയ്ക്ക് മുകളിൽ വില ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ.

മത്സരത്തിനു ശേഷം മറഡോണ ഇംഗ്ലണ്ട് മധ്യനിര താരം സ്റ്റീവ് ഹോഡ്ജുമായി ജഴ്‌സി കൈമാറിയിരുന്നു. അതിനു ശേഷം ഹോഡ്ജ് ആണ് ജഴ്സി സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ 35 വർഷം താൻ ഏറെ അഭിമാനത്തോടെയാണ് ഈ ജഴ്സി സൂക്ഷിച്ചിരുന്നതെന്ന് ഹോഡ്ജ് പറയുന്നു. ലോകം കണ്ട എക്കാലത്തെയും ഇതിഹാസമായ ഫുട്ബോൾ താരത്തിനെതിരെ കളിക്കാൻ കഴിഞ്ഞത് വലിയ ബഹുമതിയായി താൻ കണക്കാക്കുന്നു എന്നും ഹോഡ്ജ് പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ മത്സരത്തിൻ്റെ 51ആം മിനിട്ടിലാണ് ‘ദൈവത്തിൻ്റെ കൈ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗോൾ പിറന്നത്. ഗോളിനായി ഉയർന്നുചാടിയ താരം കൈ കൊണ്ട് പന്ത് വലയിലേക്ക് തട്ടിയിടുകയായിരുന്നു. 55ആം മിനിട്ടിൽ നൂറ്റാണ്ടിലെ ഗോൾ എന്നറിയപ്പെടുന്ന മറ്റൊരു ഗോളും മറഡോണ സ്കോർ ചെയ്തു. ഇംഗ്ലണ്ടിൻ്റെ അഞ്ചോളം താരങ്ങളെ മറികടന്നായിരുന്നു ഈ മനോഹര ഗോൾ. മത്സരം മടക്കമില്ലാത്ത രണ്ട് ഗോളുകൾക്ക് അർജൻ്റീന വിജയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more