നോർത്താംപ്ടൺ: യു കെ മലയാളികളെ തേടി ഇന്നെത്തിയത് നൊമ്പരപ്പെടുത്തുന്ന വാർത്ത. നോർത്താംപ്റ്റൺ മലയാളി സമൂഹത്തെ ദു:ഖത്തിലാഴ്ത്തി കോഴിക്കോട് പുല്ലൂരംപാറ സ്വദേശി തയ്യിൽ മാമച്ചൻ്റെ മകൻ വിനോദ് സെബാസ്റ്റ്യൻ(39) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. ഇന്ന് രാവിലെ കുട്ടികളെ സ്കൂളിൽ കൊണ്ടു വിട്ട് തിരികെ വരുന്നതിനിടയിൽ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും താമസിയാതെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഒരു വർഷം മുൻപാണ് വിനോദ് കുട്ടികളുമായി യുകെയിലെത്തിയത്. ഭാര്യ എലിസബത്ത് രണ്ട് വർഷം മുൻപ് നോർത്താംപ്റ്റൺ ജനറൽ ഹോസ്പിറ്റലിൽ നഴ്സായി ജോലിയിൽ പ്രവേശിച്ചിരുന്നു. യുകെയിലെത്തുന്നതിന് മുൻപ് വിനോദ് കുവൈത്തിൽ ആംബുലൻസ് ടീമിൽ ജോലി ചെയ്തു വരികയായിരുന്നു. മൂന്ന് കുട്ടികളാണ് വിനോദ് എലിസബത്ത് ദമ്പതികൾക്കുള്ളത്.
സംസ്കാരം നാട്ടിൽ നടത്തുവാനാണ് കുടുംബം ആഗ്രഹിക്കുന്നതെന്നാണ് അറിയുന്നത്. പരേതൻ്റെ കുടുംബത്തിന് എല്ലാവിധത്തിലുള്ള പിന്തുണയുമായി അസോസിയേഷൻ പ്രവർത്തകർ ഒപ്പമുണ്ട്.
വിനോദ് സെബാസ്റ്റ്യന്റെ ആകസ്മിക നിര്യാണത്തിൽ യുക്മ പ്രസിഡൻറ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റുമാരായ എബി സെബാസ്റ്റ്യൻ, ലിറ്റി ജിജോ, ട്രഷറർ അനീഷ് ജോൺ, യുക്മ ചാരിറ്റി ഫൗണ്ടേഷൻ ട്രസ്റ്റി ബൈജു തോമസ്, യുക്മ മിഡ്ലാൻഡ്സ് റീജിയൻ പ്രസിഡൻറ് ബെന്നി പോൾ, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, അസോസിയേറ്റ് എഡിറ്റർ ജയകുമാർ നായർ, നാഷണൽ കമ്മിറ്റിയംഗം സന്തോഷ് തോമസ്, നോർത്താംപ്റ്റൺ മലയാളി അസോസിയേഷൻ പ്രസിഡൻറ് തോമസ് കോശി, വൈസ് പ്രസിഡൻ്റ് ജോൺ വടക്കേമുറി, പി.ആർ.ഒ അഡ്വ. ജിജി മാത്യു, തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം നിര്യാണത്തിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ
click on malayalam character to switch languages