1 GBP = 113.65
breaking news

സൗരോര്‍ജ ഉല്‍പ്പാദനത്തില്‍ വര്‍ധന ലക്ഷ്യമിട്ട് കൊച്ചി മെട്രോ; പുതിയൊരു സോളാര്‍ പ്ലാന്‍റ് കൂടി തുടങ്ങി

സൗരോര്‍ജ ഉല്‍പ്പാദനത്തില്‍ വര്‍ധന ലക്ഷ്യമിട്ട് കൊച്ചി മെട്രോ; പുതിയൊരു സോളാര്‍ പ്ലാന്‍റ് കൂടി തുടങ്ങി

കൊച്ചി: സോളാറില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതില്‍ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ട കൊച്ചി മെട്രോയില്‍ പുതിയ  ഒരു പ്ലാന്റ് കൂടി പ്രവര്‍ത്തനം തുടങ്ങി. മുട്ടം യാര്‍ഡില്‍ 1.8 മെഗാവാട്ട്  ശേഷിയുള്ള പ്ലാന്റ്  കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ലോക് നാഥ് ബെഹ്റ ഉല്‍ഘാടനം ചെയ്തു. ഇതോടെ മൊത്തം വൈദ്യുതി ആവശ്യത്തിന്റെ 51  ശതമാനവും സോളാറില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന കമ്പനിയായി കെ.എം ആര്‍ എല്‍ മാറി.

‘ആവശ്യമുള്ള വൈദ്യുതി സ്വന്തമായി ഉല്‍പ്പാദിപ്പിക്കുന്ന നിലയിലേക്ക് കെ.എം.ആര്‍.എല്‍ മുന്നേറുകയാണ്. സോളാര്‍ വൈദ്യുതി ഉല്‍പ്പാദനം 9.9 മെഗാവാട്ടായി ഇപ്പോള്‍ ഉയര്‍ന്നു. തുടര്‍ന്ന് നിര്‍മാണം നടക്കുന്ന ബാക്കി  മൂന്നാം ഘട്ട പ്ലാന്‍റ് കൂടി പ്രവര്‍ത്തന ക്ഷമമാകുന്നതോടെ 10.5 മെഗാവാട്ടായി ഉല്‍പ്പാദനം ഉയരും. അതോടെ മൊത്തം വൈദ്യുതി ആവശ്യത്തിന്റെ 55 ശതമാനവും സ്വയം ഉല്‍പ്പാദിപ്പിക്കാനാകും’-  കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ലോക് നാഥ് ബെഹ്റ പറഞ്ഞു.

ഏറ്റവും കൂടുതല്‍ സോളാര്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങള്‍ക്കിടയില്‍ മുന്‍നിര സ്ഥാനമാണ് കെ.എം.ആര്‍.എലിനുള്ളത്. മുട്ടം യാര്‍ഡിന് സമീപമുള്ള തരിശ് സ്ഥാലമാണ് സോളാര്‍ പാടമാക്കി മാറ്റിയത്. ട്രെയിന്‍ പാളത്തിന് മുകളില്‍ വരെ പാനലുകള്‍ സ്ഥാപിച്ച് സോളാര്‍ വൈദ്യുതി ഇന്ത്യയില്‍ ആദ്യമായി ഉല്‍പ്പാദിപ്പിച്ച് തുടങ്ങിയത് കൊച്ചി മേട്രോയാണ്. ഇത്തരത്തില്‍ ട്രാക്കിന് മുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് 5.45 മെഗാവാട്ട് വൈദ്യുതി സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായുള്ള  1.8 മെഗാവാട്ടിന്റെ പ്ലാന്റാണ് ഇപ്പോള്‍ പ്രവര്‍ത്തന സജ്ജമായത്. ട്രെയിന്‍ ഗതാഗതം തടസപ്പെടാതെ ട്രാക്കിന് മുകളില്‍ എഴ് മീറ്റര്‍ ഉയരത്തില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിച്ചുതുടങ്ങിയതോടെ ആകാശത്തുനിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന ആദ്യ മെട്രോയായി കെഎംആർഎൽ മാറി. ഇപ്പോഴത്തെ വൈദ്യുതി ആവശ്യത്തിന്റെ 9 ശതമാനം ഇപ്പോള്‍ ഉദ്ഘാടനം ചെയ്ത പ്ലാന്റില്‍ നിന്ന് ലഭിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more