1 GBP = 109.00
breaking news

ഇമ്രാൻ ഖാനെതിരെയുള്ള അവിശ്വാസ പ്രമേയത്തിന്മേൽ ഇന്ന് പാക് പാർലമെന്റിൽ ചർച്ച

ഇമ്രാൻ ഖാനെതിരെയുള്ള അവിശ്വാസ പ്രമേയത്തിന്മേൽ ഇന്ന് പാക് പാർലമെന്റിൽ ചർച്ച

പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെയുള്ള അവിശ്വാസ പ്രമേയത്തിന്മേൽ ഇന്ന് പാക് പാർലമെന്റിൽ ചർച്ച തുടങ്ങുമെന്ന റിപ്പോർട്ടുകൾക്കിടെ, രാജി സമ്മർദ്ദം ശക്തമാക്കി പ്രതിപക്ഷ പാർട്ടികൾ. രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിൽ നിന്ന് ഇമ്രാൻ ഖാൻ ഇന്നലെ പിന്മാറിയിരുന്നു.

വിശ്വാസ വോട്ടെടുപ്പിന് മുൻപ് തന്നെ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ രാജിവയ്ക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. എന്നാൽ, അവസാന പന്ത് വരെ പോരാടുന്ന കളിക്കാരനാണ് ഇമ്രാൻ ഖാനെന്ന് പാക് മന്ത്രി ഫവാദ് ചൗധരി പറഞ്ഞത് ശ്രദ്ധേയമാണ്. രാജിയല്ല, മാച്ച് ആയിരിക്കും നടക്കുകയെന്ന സൂചനയും ഇമ്രാൻ ഖാന്റെ പാളയത്തിൽ നിന്ന് വരുന്നുണ്ട്. എന്നാൽ, ഇമ്രാൻ ഖാന്റെ നില പരുങ്ങലിലാണെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ഒപ്പമുണ്ടായിരുന്ന നാല് പ്രമുഖ കക്ഷികളിൽ മൂന്നും പ്രതിപക്ഷത്തിനൊപ്പം തോൾ ചേർന്നു.

പാക് ദേശീയ അസംബ്ലിയിലെ 342 അംഗങ്ങളിൽ, ഇമ്രാൻ ഖാന്റെ പാക്കിസ്ഥാൻ തെഹ്രീക്-ഇ-ഇൻസാഫ് പാർട്ടിക്ക് 155 അംഗങ്ങൾ മാത്രമാണുള്ളത്. കേവല ഭൂരിപക്ഷത്തിന് 172 പേരുടെ പിന്തുണ വേണം. അവിശ്വാസ പ്രമേയം പാസായാൽ ഇത്തരത്തിൽ പുറത്തു പോകേണ്ടി വരുന്ന ആദ്യ പാക് പ്രധാനമന്ത്രിയാകും ഇമ്രാൻ ഖാൻ.

തന്റെ സർക്കാരിനെ അട്ടിമറിക്കാൻ രാജ്യാന്തര ഗൂഢാലോചന നടക്കുന്നുവെന്ന് വെളിപ്പെടുത്തിയ പാക് പ്രധാനമന്ത്രി രഹസ്യ രേഖകളിലെ ഒരു ഭാഗം വിവരങ്ങൾ ക്യാബിനറ്റ് മന്ത്രിമാരോടും, മുതിർന്ന മാധ്യമപ്രവർത്തകരോടും പങ്കുവച്ചതായി റിപ്പോർട്ടുകളുണ്ട്. ഇതിനിടെ ഇമ്രാൻ ഖാൻ രേഖകൾ പരസ്യമാക്കുന്നത് ഇസ്ലാമാബാദ് ഹൈക്കോടതി തടഞ്ഞു. സത്യപ്രതിജ്ഞ ലംഘനമാണെന്ന ഹർജി പരിഗണിച്ചാണ് നടപടി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more