തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്ക് നൽകുന്ന ഇന്ധന വില പൊതുമേഖലാ എണ്ണക്കമ്പനികൾ വീണ്ടും കുത്തനെ കൂട്ടി. ലിറ്ററിന് 21 രൂപയിലധികമാണ് വർദ്ധിപ്പിച്ചത്. പ്രതിമാസം 25 കോടിയോളം രൂപയുടെ അധിക ബാധ്യത ഇതുമൂലം കെ.എസ്.ആർ.ടി.സിക്ക് ഉണ്ടാകും. തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് ഗതാഗത വകുപ്പിന്റെ തീരുമാനം.
പൊതുമേഖലാ എണ്ണക്കമ്പനികൾ ബൾക്ക് പർച്ചെയ്സർ വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് ഡീസൽ ലിറ്ററിന് 21.10 രൂപ വർദ്ധിപ്പിച്ചത്. ഇതോടെ പൊതുവിപണി വിലയിൽ നിന്ന് 27രൂപ 88 പൈസയുടെ അധിക തുക കെ.എസ്.ആർ.ടി.സി. നൽകേണ്ടി വരും. അതായത് ഒരു ലിറ്റർ ഡീസലിന് 121.36 രൂപ കെ.എസ്.ആർ.ടി.സി. നൽകേണ്ടി വരും. ഈ വകയിൽ പ്രതിദിനം കെ.എസ്.ആർ.ടി.സിക്ക് 75 ലക്ഷം മുതൽ 83 ലക്ഷം രൂപയുടെ അധിക ബാധ്യതയും, ഒരു മാസം പിന്നിടുമ്പോൾ 22 മുതൽ 25 കോടി രൂപയുടെ അധികബാധ്യതയുമാണ് ഉണ്ടാവുക. തീരുമാനത്തിനെതിരെ കെഎസ്ആർടിസി നാളെ ഹൈക്കോടതിയെ സമീപിക്കും.
പൊതുഗതാഗത മേഖലയെ തകർക്കുന്നതാണ് കേന്ദ്ര നടപടിയെന്ന് ഗതാഗതമന്ത്രി പറഞ്ഞു. പൊതു ജനങ്ങളോടുള്ള വെല്ലുവിളിയാണ് തീരുമാനം. കുത്തക മുതലാളിമാരെ സഹായിക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നും ഗതാഗത മന്ത്രി ആന്റണി രാജു ആരോപിച്ചു.
ശമ്പളം ഉൾപ്പെടെയുള്ളവ നൽകുന്നതിന് കടുത്ത പ്രതിസന്ധി നേരിടുന്ന കെ.എസ്.ആർ.ടി.സിക്ക് നിലവിലെ വില വർദ്ധനവ് കനത്ത ആഘാതം സൃഷ്ടിക്കും. ഭീമമായ ബാധ്യത താങ്ങാനാവില്ല. റീടെയ്ൽ പർച്ചേസിനേക്കാൾ ബൾക്ക് പർച്ചേസിന് വില വർധിപ്പിക്കുന്നത് ലോകത്തെവിടെയും ഇല്ലാത്ത നടപടിയാണ്. കെഎസ്ആർടിസി യുടെ ചരിത്രത്തിൽ ഇത്രയും വലിയ പ്രതിസന്ധി ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയോട് നാളെ സംസാരിക്കുമെന്നും ആന്റണ് രാജു പറഞ്ഞു.
സ്വകാര്യ പമ്പുകളിൽ പോയി ദിവസേന ഇന്ധനം നിറയ്ക്കൽ പ്രായോഗികമല്ല. തൽക്കാലത്തേക്ക് സ്വകാര്യ പമ്പുകളെ ആശ്രയിക്കും. പക്ഷെ അതിന് പരിധിയുണ്ടെന്നും ആന്റണി രാജു പറഞ്ഞു. നിലവിൽ കെഎസ്ആർടിസി ദിവസേന 12 ലക്ഷത്തോളം കിലോമീറ്ററാണ് സർവ്വീസ് നടത്തുന്നത്. ഇതിനായി 270 മുതൽ 300 കിലോ ലിറ്റർ വരെയുള്ള ഡീസലാണ് ഉപയോഗിച്ച് വരുന്നത്. ശമ്പളം ഉൾപ്പെടെയുള്ളവ നൽകുന്നതിന് കടുത്ത പ്രതിസന്ധി നേരിടുന്ന കെഎസ്ആർടിസിക്ക് വില വർദ്ധനവ് വൻ തിരിച്ചടിയാണ് സൃഷ്ടിക്കുന്നത്.
click on malayalam character to switch languages