ഐഎഫ്എഫ്കെയുടെ വരവറിയിച്ച് നഗരത്തിൽ കെഎസ്ആർടിസി ഡബിൾ ഡക്കർ ബസ് ഓടിത്തുടങ്ങി. മേളയുടെ വിശദാംശങ്ങളും വേദികളുടെ വിവരങ്ങളും ആലേഖനം ചെയ്തിട്ടുള്ള ബസിൽ പ്രതിനിധികൾക്കും പൊതുജനങ്ങൾക്കും യാത്ര ചെയ്യാം. നഗരത്തിന്റെ പ്രധാന വീഥികളിലൂടെയാവും ഡബിൾ ഡക്കർ സർവീസ് നടത്തുക. സാംസ്കാരിക മന്ത്രി സജി ചെറിയാൻ ബസ് ഫ്ളാഗ് ഓഫ് ചെയ്തു. തുടർന്ന് എംജി റോഡ് വഴിയുള്ള ഡബിൾ ഡക്കറിലെ ആദ്യയാത്രയിൽ മന്ത്രിയും ഒത്തുചേർന്നു. മികച്ച ചിത്രങ്ങളും സംഘാടനവും ജനകീയ പങ്കാളിത്തവും കൊണ്ട് ഇത്തവണത്തെ മേള ശ്രദ്ധേയമാകുമെന്ന് മന്ത്രി പറഞ്ഞു.
ഫ്ളാഗ് ഓഫ് ചടങ്ങിൽ എംഎൽഎമാരായ അഡ്വ വി.കെ പ്രശാന്ത്, വി ജോയ്, ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി സി അജോയ് തുടങ്ങിയവർ പങ്കെടുത്തു. ഇതാദ്യമായാണ് ചലച്ചിത്ര മേളയുടെ സന്ദേശവുമായി കെഎസ്ആർടിസി ഡബിൾ ഡക്കർ സർവീസ് നടത്തുന്നത്.
മൺമറഞ്ഞ ചലച്ചിത്ര പ്രതിഭകൾക്ക് രാജ്യാന്തര മേള അഭ്ര പാളിയിൽ ആദരമൊരുക്കും. ബംഗാളി സംവിധായകനായ ബുദ്ധദേവ് ദാസ് ഗുപ്ത, നടൻ ദിലീപ് കുമാർ, ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കർ, മലയാളത്തിന്റെ അഭിമാനം കെഎസ് സേതുമാധവൻ, കെപിഎസി ലളിത തുടങ്ങി എട്ടു ചലച്ചിത്ര പ്രവർത്തകർക്കാണ് മേള ആദരമൊരുക്കുന്നത്. ഡെന്നിസ് ജോസഫ്, മാടമ്പ് കുഞ്ഞുകുട്ടൻ, പി ബാലചന്ദ്രൻ എന്നിവരുടെ ചിത്രങ്ങളും ഈ വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.
കെപിഎസി ലളിത, മാടമ്പ് കുഞ്ഞുകുട്ടൻ എന്നിവരുടെ ഓർമ്മയ്ക്കായി ജയരാജ് സംവിധാനം ചെയ്ത ശാന്തം എന്ന ചിത്രം പ്രദർശിപ്പിക്കും. കെഎസ് സേതുമാധവൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത മറുപക്കം, പി ബാലചന്ദ്രൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഇവൻ മേഘരൂപൻ, ഡെന്നിസ് ജോസഫിന്റെ തിരക്കഥയിൽ ജോഷി സംവിധാനം ചെയ്ത ന്യൂ ഡൽഹി എന്നീ ചിത്രങ്ങളും മേളയിൽ പ്രദർശിപ്പിക്കും.
ദിലീപ് കുമാർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും ലതാ മങ്കേഷ്കർ പിന്നണി പാടിയതുമായ മുഗൾ-ഇ-ആസം, ബുദ്ധദേവ് ദാസ് ഗുപ്ത സംവിധാനം ചെയ്ത നീം അന്നപൂർണ്ണ എന്നിവയും ഈ വിഭാഗത്തിൽ പ്രദർശനത്തിനെത്തും. ഈ മാസം 18 മുതൽ 25 വരെ തിരുവനന്തപുരത്താണ് രാജ്യാന്തര ചലച്ചിത്ര മേള നടക്കുക.
click on malayalam character to switch languages