തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ 2022-23 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ മാർച്ച് 11 വെള്ളിയാഴ്ച അവതരിപ്പിക്കും. വരുമാനം ഉയർത്തുകയെന്നതാകും സംസ്ഥാനം നേരിടുന്ന വലിയ വെല്ലുവിളി. പ്രളയത്തിലും കോവിഡിലും വരുമാനം കുത്തനെ ഇടിഞ്ഞപ്പോൾ ചെലവ് കുതിച്ചുയർന്നു. ഈ അന്തരം മറികടക്കുകയാണ് ലക്ഷ്യം. ഉൽപ്പാദന മേഖലയിലടക്കം ഉണർവിനുള്ള പരിപാടികൾക്ക് ഊന്നൽ നൽകിയാകും ബജറ്റ്. വെള്ളിയാഴ്ച രാവിലെ ഒമ്പതിനാണ് ബജറ്റ് അവതരണം.
അടിസ്ഥാന സൗകര്യ മേഖലയിൽ പുതിയ പദ്ധതികൾക്ക് ബജറ്റിൽ വലിയ പരിഗണന കിട്ടാൻ സാധ്യതയുണ്ട്. സംസ്ഥാനത്ത് തൊഴിൽ അവസരങ്ങൾ വർധിപ്പിക്കുക, സംരംഭകത്വം പ്രോത്സാഹിപ്പിക്കുക, വ്യവസായരംഗത്ത് കൂടുതൽ മുന്നേറ്റം ഉണ്ടാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാകും ഇത്തവണത്തെ സംസ്ഥാന ബജറ്റ് എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ബജറ്റിൽ ഭൂമിയുടെ ന്യായ വില കൂട്ടാനുള്ള സാധ്യതയുണ്ട്. 20 ശതമാനം വരെ വർധനയ്ക്ക് സാധ്യതയുണ്ടെന്നാണ് വിവരം. ഭൂമിയുടെ ന്യായ വില കൂട്ടണമെന്ന നിർദ്ദേശം സാമ്പത്തിക വിദഗ്ധർ ധനമന്ത്രിയുടെ മുന്നിൽ വച്ചിരുന്നു. ന്യായ വിലയിൽ 20 ശതമാനം വരെ വർധന ആകാമെന്നാണ് രജിസ്ട്രേഷൻ വകുപ്പ് നൽകിയിരിക്കുന്ന ശുപാർശ. ഇത്തവണത്തെ ബജറ്റിൽ നിർദ്ദേശം ഇടംപിടിക്കും എന്നാണ് സൂചന. അങ്ങനെയെങ്കിൽ ഏപ്രിൽ ഒന്നുമുതൽ ഭൂമിയുടെ ന്യായവില കൂടും.
ഭൂമിയുടെ ന്യായവില 10 ശതമാനം വച്ചു കൂട്ടി വിപണിവിലയ്ക്ക് ഒപ്പം എത്തിക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം. എന്നാൽ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഒന്നാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് ഭൂമിയുടെ ന്യായവില വർധന ഒഴിവാക്കി. ന്യായ വില കൂട്ടിയാൽ രജിസ്ട്രേഷൻ ഫീസും സ്റ്റാമ്പ് ഡ്യൂട്ടിയും സ്വാഭാവികമായി വർധിക്കും. ഇതേസമയം ബജറ്റിൽ സ്റ്റാമ്പ് ഡ്യൂട്ടി കുറയ്ക്കണമെന്ന നിർദ്ദേശവും ധനവകുപ്പിനെ പരിഗണനയിലുണ്ട്. നിലവിൽ 8 ശതമാനമാണ് സ്റ്റാമ്പ് ഡ്യൂട്ടി. മറ്റു സംസ്ഥാനങ്ങളിലേതു പോലെ ഇത് കുറച്ച് 5 ശതമാനത്തിൽ എത്തിക്കണമെന്ന് നിർദ്ദേശമാണ് പരിഗണനയിലുള്ളത്. കോവിഡ്ക്കാല പ്രതിസന്ധിക്കിടയിലും സർക്കാറിന് ഭൂമി ഇടപാടുകളിലൂടെ ഈ വർഷം ഇതുവരെ 145 കോടി രൂപ അധികമായി ലഭിച്ചിരുന്നു. ന്യായ വില കൂട്ടിയാൽ ഈ വരുമാനം വീണ്ടും വർധിക്കും.
പുതുക്കിയ കണക്കിൽ നടപ്പുവർഷത്തെ റവന്യുകമ്മി 16,910 കോടി രൂപയാണ്. കഴിഞ്ഞവർഷം 19,759 കോടിയും 2019-20ൽ 15,462 കോടിയുമായിരുന്നു. മൂന്നുവർഷത്തെ വരുമാന നഷ്ടം 53,000 കോടിയാണ്. കോവിഡിനെ തുടർന്ന് രണ്ട് അടിയന്തര സാമ്പത്തിക പാക്കേജുകളിലായി 35,262 കോടിയാണ് സർക്കാരിന്റെ അധിക ചെലവ്. ഒന്നാം പാക്കേജിൽ 26,362 കോടി രൂപ സഹായമായി ജനങ്ങളിലെത്തിച്ചു. രണ്ടാം പാക്കേജിൽ ആരോഗ്യ മേഖലയ്‌ക്കും പണം നേരിട്ടെത്തിക്കുന്ന പരിപാടികൾക്കുമായി 8900 കോടി നീക്കിവച്ചു. ഈ അധികച്ചെലവും വരുമാന നഷ്ടവും ചേർത്ത് മൂന്നുവർഷത്തിൽ 88,300 കോടിയുടെ ബാധ്യത വന്നു.
കോവിഡ് ഭീഷണി നിലനിൽക്കുന്നതിനാൽ ടൂറിസം മേഖല തളർച്ചയിൽതന്നെയാണ്. പ്രവാസികളുടെ സംഭാവനയും പ്രതിസന്ധിയിലാണ്. റഷ്യ- യുക്രെയ്‌ൻ യുദ്ധം ഇന്ധനവില വർധന ഭീഷണി ഉയർത്തുന്നു. ഇത് വിലക്കയറ്റം രൂക്ഷമാക്കും.
click on malayalam character to switch languages