1 GBP = 113.99

വനിതാ ദിനത്തില്‍ 108 ആംബുലന്‍സ് ഓടിക്കാന്‍ ദീപമോളെത്തും

വനിതാ ദിനത്തില്‍ 108 ആംബുലന്‍സ് ഓടിക്കാന്‍ ദീപമോളെത്തും

അന്താരാഷ്ട്ര വനിതാ ദിനത്തില്‍ സര്‍ക്കാര്‍ ആംബുലന്‍സ് മേഖലയിലെ ആദ്യ ഡ്രൈവറായി കോട്ടയം സ്വദേശിനി ദീപമോള്‍ ചുമതലയേല്‍ക്കും. കനിവ് 108 ആംബുലന്‍സ് പദ്ധതിയിലെ ആദ്യ വനിതാ ഡ്രൈവറായാണ് ദീപമോള്‍ ചുമതലയേല്‍ക്കുന്നത്. നിലവില്‍ രാജ്യത്ത് ട്രാവലര്‍ ആംബുലന്‍സുകള്‍ ഓടിക്കുന്ന ചുരുക്കം വനിതകള്‍ മാത്രമാണുള്ളത്. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മാര്‍ച്ച് 8 രാവിലെ 10.45ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ദീപമോള്‍ക്ക് ആംബുലന്‍സിന്റെ താക്കോല്‍ കൈമാറും.

ദീപമോളെ പോലുള്ളവര്‍ ആത്മവിശ്വാസത്തോടെ ഈ രംഗത്തേക്ക് വരുന്നത് മറ്റുള്ള സ്ത്രീകള്‍ക്ക് കരുത്ത് പകരുന്നതാണെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആതുരസേവനത്തിനോടുള്ള താത്പര്യമാണ് ദീപമോളെ ഇപ്പോള്‍ കനിവ് 108 ആംബുലന്‍സസിന്റെ സാരഥിയാക്കിയിരിക്കുന്നത്. ആംബുലന്‍സ് ഡ്രൈവര്‍ ആകണമെന്ന ആഗ്രഹം അറിയിച്ച ദീപമോള്‍ക്ക് അതിനുള്ള അവസരം ഒരുക്കി നല്‍കുകയായിരുന്നു. ദീപമോള്‍ക്ക് എല്ലാ ആശംസകളും മന്ത്രി നേര്‍ന്നു.

സ്ത്രീകള്‍ അടുക്കളയില്‍ മാത്രം ഒതുങ്ങാതെ നമുക്ക് അറിയാവുന്ന തൊഴില്‍ അത് എന്തും ആയിക്കൊട്ടെ അതുമായി മുന്നണിയിലേക്ക് എത്തണമെന്നാണ് ദീപമോള്‍ക്ക് പറയാനുള്ളത്. ഏതൊരു തൊഴിലും ചെയ്യാനുള്ള മനോധൈര്യം സ്ത്രീകള്‍ക്ക് ഉണ്ടാകണം. മറ്റാരെയും ആശ്രയിക്കാതെ സ്വന്തം നിലയില്‍ സാമ്പത്തിക ഭദ്രത ഉണ്ടാക്കിയെടുക്കണമെന്നും ദീപ മോള്‍ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more