1 GBP = 109.36
breaking news

 യാത്രക്കാർ കൂടിയപ്പോൾ ബസ് ‘മോഹൻലാലായി’; നാട്ടുകാരുടെ പരാതിയിൽ മോട്ടോർ വാഹനവകുപ്പ് പിടികൂടി

 യാത്രക്കാർ കൂടിയപ്പോൾ ബസ് ‘മോഹൻലാലായി’; നാട്ടുകാരുടെ പരാതിയിൽ മോട്ടോർ വാഹനവകുപ്പ് പിടികൂടി

ഇന്നലെ രാവിലെ എം.സി റോഡിലാണ് സംഭവം നടന്നത്. കുത്താട്ടുകുളം ഡിപ്പോയിലെ ബസാണ് വിദ്യാര്‍ത്ഥികളടക്കം നിറയെ ആളുകളുമായി ചെരിഞ്ഞ് ഓടിയത്

തിങ്ങി നിറഞ്ഞ യാത്രക്കാരുമായി റോഡിലൂടെ ചെരിഞ്ഞ് ഓടിയ കെ.എസ്.ആര്‍.ടി.സി ബസിനെ മോട്ടോര്‍ വാഹന വകുപ്പ് കൈയ്യോടെ പൊക്കി.  നിറയെ യാത്രക്കാരുമായി ചെരിഞ്ഞ് ഓടുന്ന ബസ് കണ്ട നാട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ്  മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുത്തത്. യാത്രക്കാരെ ഇറക്കിയ ശേഷം അറ്റകുറ്റപ്പണിക്കായി ബസ് കൊണ്ടുപോകണമെന്നായിരുന്നു എം.വി.ഡിയുടെ നിര്‍ദേശം. എന്നാല്‍ അറ്റകുറ്റപ്പണിക്ക്  അയച്ച ബസില്‍ വീണ്ടും യാത്രക്കാരെ കയറ്റിയെന്നും പരാതിയുണ്ട്.

ഇന്നലെ രാവിലെ എം.സി റോഡിലാണ് സംഭവം നടന്നത്. കുത്താട്ടുകുളം ഡിപ്പോയിലെ ബസാണ് വിദ്യാര്‍ത്ഥികളടക്കം നിറയെ ആളുകളുമായി ചെരിഞ്ഞ് ഓടിയത്.  കോട്ടയത്തു നിന്നു രാവിലെ പുറപ്പെട്ട ആർഎസി 396 നമ്പർ ബസ് കാണക്കാരി, വെമ്പള്ളി വഴി കുറവിലങ്ങാട് ഭാഗത്ത് എത്തിയപ്പോൾ തന്നെ യാത്രക്കാരാല്‍ നിറഞ്ഞിരുന്നു.

അമിതഭാരം മൂലം ബസ് ചെരിഞ്ഞാണ് യാത്ര ചെയ്തത്. തുടര്‍ന്ന് കുറവിലങ്ങാട് ടൗണിലെ ഓട്ടോറിക്ഷാ തൊഴിലാളികൾ  മോട്ടർ വാഹന വകുപ്പിനെ വിവരം അറിയിച്ചു. ഉടന്‍ തന്നെ മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം എത്തി പരിശോധിച്ചു. ബസിന്റെ ലീഫിനു ഗുണനിലവാരമില്ലെന്നും സർവീസ് നടത്താൻ യോഗ്യമല്ലെന്നും കണ്ടെത്തി.

കുറവിലങ്ങാട് മുതൽ കുര്യനാട് വരെ ബസിനെ അനുഗമിച്ച മോട്ടർ വാഹന വകുപ്പ് സംഘം കുര്യനാട്ടിൽ ഭൂരിപക്ഷം വിദ്യാർഥികളെയും ബസിൽ നിന്ന് ഇറക്കി. പിന്നീട് യാത്ര തുടർന്നപ്പോഴും ബസിന്റെ ചെരിവു മാറിയില്ല. തുടര്‍ന്ന് മോട്ടർ വാഹന വകുപ്പ് അധികൃതർ കൂത്താട്ടുകുളം ഡിപ്പോയിൽ വിവരം അറിയിച്ചു.

അറ്റകുറ്റപ്പണി നടത്തിയ ശേഷമേ സർവീസ് നടത്താവൂവെന്നു നിർദേശിച്ചു. പക്ഷേ കൂത്താട്ടുകുളം ഡിപ്പോയിൽ എത്തിയ ബസ് അറ്റകുറ്റപ്പണി നടത്താൻ മൂവാറ്റുപുഴ ഡിപ്പോയിലേക്കു കൊണ്ടുപോയപ്പോഴും യാത്രക്കാരെ കയറ്റി.  ഒരാഴ്ചയായി ബസ് ചെരിഞ്ഞ് ഓടുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

രാവിലത്തെ ട്രിപ്പില്‍ വിദ്യാര്‍ത്ഥികളടക്കം യാത്രചെയ്യുന്നതിനാല്‍ തിരക്ക് കൂടുതലായിരുന്നു, വിദ്യാര്‍ത്ഥികളെ ഒഴിവാക്കിയാല്‍ പരാതിക്കിടയാകും. അമിതഭാഗം വന്നതോടെയാണ് ബസ് ചെരിഞ്ഞത്.ചെറിയ സാങ്കേതിക പ്രശ്നമാണ് കാരണം, അത് പരിഹരിക്കുന്നതിനായി ബസ് മൂവാറ്റുപുഴ ഡിപ്പോയിലേക്ക് മാറ്റിയിട്ടുണ്ട്. കാലപ്പഴക്കമല്ല പ്രശ്നത്തിന് കാരണമെന്നും ഇതിലും പഴയ ബസുകള്‍ പ്രശ്നമില്ലാതെ സര്‍വീസ് നടത്തുന്നുണ്ടെന്നും കൂത്താട്ടുകുളം കെഎസ്ആര്‍ടിസി കണ്‍ട്രോളിങ് ഇന്‍സ്പെക്ടര്‍ ബി.എസ് അനില്‍കുമാര്‍ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more