1 GBP = 105.54
breaking news

പ്രവൃത്തി കലണ്ടർ തയ്യാറാക്കും; ഇനി റോഡ് കുത്തിപ്പൊളിക്കില്ലെന്ന് ഉറപ്പ് നൽകി പൊതുമരാമത്ത് മന്ത്രി

പ്രവൃത്തി കലണ്ടർ തയ്യാറാക്കും; ഇനി റോഡ് കുത്തിപ്പൊളിക്കില്ലെന്ന് ഉറപ്പ് നൽകി പൊതുമരാമത്ത് മന്ത്രി

ഇനി റോഡ് കുത്തിപ്പൊളിക്കില്ലെന്ന് ഉറപ്പ് നൽകി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. റോഡ് കുത്തിപ്പൊളിക്കുന്നത് തടയാൻ പ്രവൃത്തി കലണ്ടർ തയ്യാറാക്കുന്നെന്നും മന്ത്രി വ്യക്തമാക്കി. ടാറിംഗിന് പിന്നാലെ പൈപ്പിടാന്‍ റോഡ് കുത്തിപ്പൊളിക്കുന്നത് നമ്മുടെ നാട്ടിലെ കാലങ്ങളായുള്ള പ്രശ്നമാണ്. വകുപ്പുകളുടെ ഏകോപനമില്ലായ്മയാണ് ഇതിന് പ്രധാന കാരണം. ടാറിംഗ് പ്രവൃത്തി നടത്തുന്നതും പൈപ്പിടുന്നതും ജനങ്ങളുടെ ആവശ്യത്തിനാണ്. എന്നാല്‍ ടാറിംഗ് കഴിഞ്ഞ ശേഷം റോഡ് കുത്തിപ്പൊളിക്കുന്നത് ഒഴിവാക്കേണ്ടത് അനിവാര്യമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.

പ്രവൃത്തി കലണ്ടറിന്‍റെ ഭാഗമായി പുതിയതായി ടാറ് ചെയ്തു പണി പൂര്‍ത്തീകരിച്ച റോഡുകള്‍ ഒരു വര്‍ഷത്തിനു ശേഷം മാത്രമേ വെട്ടിപ്പൊളിച്ച് പൈപ്പിടാന്‍ അനുവദിക്കുകയുള്ളുവെന്നും ചോര്‍ച്ചയെ തുടര്‍ന്നുള്ള അടിയന്തരമായ അറ്റകുറ്റപ്പണികള്‍, വലിയ പദ്ധതികള്‍, ഉയര്‍ന്ന മുന്‍ഗണനയുള്ള പദ്ധതികള്‍ എന്നിവയ്ക്കു മാത്രം ഇളവുകളുണ്ടാകണമെന്നും തീരുമാനിച്ചതായി മന്ത്രി വ്യക്തമാക്കി.

മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

റോഡ് കുത്തിപ്പൊളിക്കുന്നത് തടയാൻ
പ്രവൃത്തി കലണ്ടർ തയ്യാറാക്കുന്നു..
ടാറിംഗിന് പിന്നാലെ പൈപ്പിടാന്‍ റോഡ് കുത്തിപ്പൊളിക്കുന്നത് നമ്മുടെ നാട്ടിലെ കാലങ്ങളായുള്ള പ്രശ്നമാണ്. വകുപ്പുകളുടെ ഏകോപനമില്ലായ്മയാണ് ഇതിന് പ്രധാന കാരണം. ടാറിംഗ് പ്രവൃത്തി നടത്തുന്നതും പൈപ്പിടുന്നതും ജനങ്ങളുടെ ആവശ്യത്തിനാണ്. എന്നാല്‍ ടാറിംഗ് കഴിഞ്ഞ ശേഷം റോഡ് കുത്തിപ്പൊളിക്കുന്നത് ഒഴിവാക്കേണ്ടത് അനിവാര്യമായിരുന്നു. വകുപ്പിന്‍റെ ചുമതലയേറ്റെടുത്തയുടന്‍ തന്നെ ഈ പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റിന്‍ ഇക്കാര്യത്തില്‍ മാതൃകാപരമായ സമീപനമാണ് സ്വീകരിച്ചത്. നാടിന്‍റെ പൊതുവായ പ്രശ്നം എന്ന നിലയില്‍ വകുപ്പുകളുടെ ഏകോപനത്തിനായി അദ്ദേഹം മുൻകൈയ്യെടുത്തു.
ജനുവരിയില്‍ വിളിച്ചുചേര്‍‌ത്ത മന്ത്രിതല യോഗത്തിലാണ് പ്രവൃത്തി കലണ്ടര്‍ തയ്യാറാക്കുന്നതിനെ കുറിച്ച് ആലോചിച്ചത്. രണ്ട് വകുപ്പുകളിലെയും ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ഒരു നിരീക്ഷണ സമിതി ഇതിനായി രൂപീകരിച്ചിരുന്നു. ആ സമിതിയാണ് പ്രവൃത്തി കലണ്ടര്‍ എന്ന ആശയം മുന്നോട്ട് വെച്ചത്.
പ്രവൃത്തി കലണ്ടറിന്‍റെ ഭാഗമായി പുതിയതായി ടാറ് ചെയ്തു പണി പൂര്‍ത്തീകരിച്ച റോഡുകള്‍ ഒരു വര്‍ഷത്തിനു ശേഷം മാത്രമേ വെട്ടിപ്പൊളിച്ച് പൈപ്പിടാന്‍ അനുവദിക്കുകയുള്ളുവെന്നും ചോര്‍ച്ചയെ തുടര്‍ന്നുള്ള അടിയന്തരമായ അറ്റകുറ്റപ്പണികള്‍, വലിയ പദ്ധതികള്‍, ഉയര്‍ന്ന മുന്‍ഗണനയുള്ള പദ്ധതികള്‍ എന്നിവയ്ക്കു മാത്രം ഇളവുകളുണ്ടാകണമെന്നും തീരുമാനിച്ചു.
റോഡുകളില്‍ നടക്കാന്‍ പോകുന്ന ജോലിയുടെ കലണ്ടര്‍ കെഡബ്ല്യുഎയും പിഡബ്യുഡിയും റോ പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തുകയും കൃത്യമായി അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യും. അത്യാവശ്യമായി ചോര്‍ച്ച പരിഹരിക്കുന്നതിനായുള്ള അനുവാദത്തിനും ഇതേ പോര്‍ട്ടലിലൂടെ തന്നെ വാട്ടര്‍ അതോറിറ്റി അപേക്ഷിച്ചാല്‍ മതിയാകും. അറ്റക്കുറ്റപ്പണി ഉത്തരവാദിത്വ കാലാവധി കഴിഞ്ഞ റോഡുകളിലെ ചോര്‍ച്ച അടയ്ക്കുന്നതിന് മുന്‍കൂറായി തുക കെട്ടിവയ്‌ക്കേണ്ട ആവശ്യവുമില്ല. പൊതുമരാമത്ത് വകുപ്പിനെ വിവരം ധരിപ്പിച്ച ശേഷം അറ്റകുറ്റപ്പണി തുടങ്ങാം. അടിയന്തര ജോലികള്‍ക്കായി അനുമതി നല്‍കാന്‍ റോ പോര്‍ട്ടലില്‍ പ്രത്യേക സംവിധാനം ഒരുക്കും.
പുതിയ പൈപ്പ് കണക്ഷനായി റോഡ് കുഴിക്കുന്നത് മുതല്‍ മുന്‍ നിലവാരത്തില്‍ പുനര്‍ നിര്‍മിക്കുന്നത് വരെയുള്ള ഉത്തരവാദിത്വം ജല അതോറിറ്റിക്ക് ആയിരിക്കും. കുഴിക്കുന്നതിന് മുന്‍പുള്ള അതേ നിലവാരത്തില്‍ പുനര്‍ നിര്‍മിക്കുന്നു എന്ന് ഉറപ്പു വരുത്തേണ്ട ചുമതലയും ജലഅതോറിറ്റിക്കാണ്. ചോര്‍ച്ചയ്ക്കും അറ്റകുറ്റപ്പണിക്കായും കുഴിക്കേണ്ട റോഡും പുനര്‍നിര്‍മിക്കേണ്ടത് ഇനി മുതല്‍ വാട്ടര്‍ അതോറിറ്റി തന്നെയാകും. അറ്റകുറ്റപ്പണികള്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചുള്ളതാണെന്ന് ഉറപ്പു വരുത്താനുള്ള ചുമതല പൊതുമരാമത്ത് എഞ്ചിനിയര്‍മാര്‍ക്കാണ്. ഇരുവകുപ്പുകളിലെയും എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ തലത്തില്‍ സംയുക്ത പരിശോധന നടത്തുകയും ചെയ്യും.
ഡിഫക്ട് ലയബിലിറ്റി പീരിയഡിലുള്ള (ഡിഎല്‍പി) റോഡുകള്‍ കുഴിക്കും മുന്‍പ് പുനര്‍ നിര്‍മാണത്തിനുള്ള തുകയുടെ 10 ശതമാനം പൊതുമരാമത്ത് വകുപ്പിന് കെഡബ്ല്യുഎ കെട്ടിവയ്ക്കണം. പൈപ്പ് ഇടുന്നതിന് കുഴിക്കുന്ന റോഡുകള്‍ നിശ്ചിത കാലയളവിനുള്ളില്‍ ജോലി പൂര്‍ത്തിയാക്കണമെന്നും തീരുമാനിച്ചിട്ടുണ്ട്. അനുമതി പത്രത്തില്‍ ഇതു കൃത്യമായി രേഖപ്പെടുത്തും. വൈകിയാല്‍ ഡെപ്പോസിറ്റ് തുകയില്‍ ആനുപാതികമായ തുക ഈടാക്കും. വാട്ടര്‍ അതോറിറ്റി ചെയ്ത ജോലികളുടെ വിശദമായ ബോര്‍ഡ് സ്ഥാപിക്കണമെന്നും നിശ്ചയിച്ചിട്ടുണ്ട്.
ഇരുവകുപ്പുകളും യോജിച്ചു പ്രവര്‍ത്തിക്കുന്നതോടെ പുതിയ റോഡുകള്‍ കുത്തിപ്പൊളിക്കുന്നത് ഒഴിവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more