വനിതാ ലോകകപ്പിൻ്റെ ഉദ്ഘാടന മത്സരത്തിൽ വെസ്റ്റ് ഇൻഡീസിന് തകർപ്പൻ ജയം., ആതിഥേയരായ ന്യൂസീലൻഡിനെ 3 റൺസിനാണ് വിൻഡീസ് കീഴടക്കിയത്. ആദ്യം ബറ്റ ചെയ്ത് നിശ്ചിത 50 ഓവറിൽ വിൻഡീസ് 259 റൺസെടുത്തപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസീലൻഡ് 49.5 ഓവറിൽ 256 റൺസിന് ഓൾഔട്ടായി. 108 റൺസെടുത്ത ക്യാപ്റ്റൻ സോഫി ഡിവൈൻ ആണ് ന്യൂസീലൻഡിൻ്റെ ടോപ്പ് സ്കോറർ. അവസാന ഓവർ എറിഞ്ഞ ദേന്ദ്ര ഡോട്ടിൻ 5 പന്തെറിഞ്ഞ് രണ്ട് വിക്കറ്റ് വീഴ്ത്തി. ഹെയ്ലി മാത്യൂസും വിൻഡീസിനായി രണ്ട് വിക്കറ്റ് വീഴ്ത്തി. ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങിയ ഹെയ്ലി മാത്യൂസ് ആണ് കളിയിലെ താരം. (world cup indies newzealand)
റെക്കോർഡ് വിജയലക്ഷ്യത്തിലേക്ക് പാഡ് കെട്ടിയിറങ്ങിയ ന്യൂസീലൻഡിന് നാലാം ഓവറിൽ തന്നെ സൂസി ബേറ്റ്സിനെ വിക്കറ്റ് നഷ്ടമായി. ബേറ്റ്സ് (3) നിർഭാഗ്യകരമായി റണ്ണൗട്ടാവുകയായിരുന്നു. 12ആം ഓവറിൽ അമേലിയ കെറും പുരത്ത്. കിവീസ് ബാറ്റിംഗ് നിരയിലെ ഏറ്റവും പ്രധാനപ്പെട്ട താരമായ അമേലിയ കെർ (13) വിക്കറ്റിനു മുന്നിൽ കുരുങ്ങുകയായിരുന്നു. ബാറ്റിംഗിൽ തിളങ്ങിയ ഹെയ്ലി മാത്യൂസ് ആണ് കിവീസ് നിരയിലെ ഏറ്റവും പ്രധാനപ്പെട്ട വിക്കറ്റ് നേടിയത്.
മൂന്നാം വിക്കറ്റിൽ ക്യാപ്റ്റൻ സോഫി ഡിവൈനും വൈസ് ക്യാപ്റ്റൻ ഏമി സാറ്റർത്‌വെയ്റ്റും ചേർന്ന കൂട്ടുകെട്ട് ന്യൂസീലൻഡിനെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു. ഇടക്കിടെ ‘ജീവൻ’ ലഭിച്ച കിവീസ് ക്യാപ്റ്റൻ സോഫി ഡിവൈൻ ഭാഗ്യത്തിൻ്റെ അകമ്പടിയോടെയാണ് മുന്നേറിയത്. 76 റൺസിൻ്റെ മികച്ച മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിനു ശേഷം ഏമി സാറ്റർത്‌വെയ്റ്റ് മടങ്ങി. 31 റൺസെടുത്ത താരത്തെ അനീസ മുഹമ്മദ് വിക്കറ്റിനു മുന്നിൽ കുരുക്കി. ലിയ തഹൂഹു (6), മാഡി ഗ്രീൻ (9), ബ്രൂക് ഹാലിഡേ (3) എന്നിവരെ വേഗം നഷ്ടമായെങ്കിലും ഉറച്ചുനിന്ന ഡിവൈൻ സെഞ്ചുറി തികച്ചു. 108 റൺസെടുത്ത ഡിവൈൻ 45ആം ഓവറിലാണ് മടങ്ങിയത്.
ഡിവൈൻ പുറത്തായതിനു ശേഷം എട്ടാം വിക്കറ്റിൽ കേറ്റി മാർട്ടിനും ജെസ് കെറും ചേർന്ന കൂട്ടുകെട്ടാണ് ന്യൂസീലൻഡിനെ റെക്കോർഡ് വിജയത്തിനരികെ എത്തിച്ചത്. അനായാസം ബൗണ്ടറി ക്ലിയർ ചെയ്ത സഖ്യം വിൻഡീസ് ബൗളർമാരെയൊന്നും വെറുതെവിട്ടില്ല. ദേന്ദ്ര ഡോട്ടിൻ എറിഞ്ഞ അവസാന ഓവറിൽ 6 റൺസായിരുന്നു ന്യൂസീലൻഡിൻ്റെ വിജയലക്ഷ്യം. ആദ്യത്തെയും മൂന്നാമത്തെയും പന്തുകളിൽ ന്യൂസീലൻഡ് സിംഗിൾ എടുത്തു. ഓവറിലെ രണ്ടാം പന്തിൽ കെയ്റ്റി മാർട്ടിൻ (44) പുറത്തായി. നാലം പന്തിൽ ജെസ് കെറും (25) മടങ്ങി. അടുത്ത പന്തിൽ ഫ്രാൻ ജോനാസ് (0) റണ്ണൗട്ടായതോടെ വിൻഡീസിന് ആവേശജയം.
click on malayalam character to switch languages