1 GBP = 105.70

മുംബൈയെ വീണ്ടും വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ്; സെമിക്കരികെ

മുംബൈയെ വീണ്ടും വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ്; സെമിക്കരികെ

ചാമ്പ്യന്‍മാരായ മുംബൈ സിറ്റി എഫ്സിയെ ഒന്നിനെതിരെ മൂന്ന് ഗോളിന് തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എല്‍ പോയിന്റ് പട്ടികയില്‍ ആദ്യ നാലിലെത്തി. ഒരു കളി ശേഷിക്കെ 33 പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് സെമി സാധ്യതയും സജീവമാക്കി. ആറിന് എഫ്സി ഗോവയുമായാണ് അവസാന മത്സരം. സഹല്‍ അബ്ദുള്‍ സമദിന്റെ മനോഹര ഗോളില്‍ തുടങ്ങിയ ബ്ലാസ്റ്റേഴ്സ് അല്‍വാരോ വാസ്‌കസിന്റെ ഇരട്ടഗോളില്‍ ജയം പൂര്‍ത്തിയാക്കി. ഒരെണ്ണം പെനല്‍റ്റിയിലൂടെയായിരുന്നു. ദ്യേഗോ മൗറീഷിയോ പെനല്‍റ്റിയിലൂടെ മുംബൈക്കായി ഒരെണ്ണം മടക്കി. മുംബൈക്കെതിരായ ആദ്യപാദ മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്സ് ജയിച്ചിരുന്നു (30).

നിര്‍ണായക മത്സരത്തില്‍ മാറ്റങ്ങളുമായാണ് ഇവാന്‍ വുകോമനോവിച്ച് ബ്ലാസ്റ്റേഴ്സിനെ ഇറക്കിയത്. ഹര്‍മന്‍ജോത് ഖബ്രയ്ക്ക് വിലക്കുള്ളതിനാല്‍ പകരം സന്ദീപ് സിങ് എത്തി. റുയ്വാ ഹോര്‍മിപാം, മാര്‍കോ ലെസ്‌കോവിച്ച്, സഞ്ജീവ് സ്റ്റാലിന്‍ എന്നിവര്‍ തുടര്‍ന്നു. മധ്യനിരയില്‍ സഹല്‍ അബ്ദുള്‍ സമദ് തിരിച്ചെത്തി. ആയുഷ് അധികാരി, പുയ്ട്ടിയ, ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ എന്നിവരായിരുന്നു മധ്യനിരയിലെ മറ്റുള്ളവര്‍. മുന്നേറ്റത്തില്‍ ജോര്‍ജ് ഡയസ്-അല്‍വാരോ വാസ്‌കസ് സഖ്യം. ഗോള്‍ മുഖത്ത് പ്രഭ്സുഖന്‍ ഗില്‍.
മുംബൈ സിറ്റിയുടെ ഗോള്‍ കീപ്പര്‍ മുഹമ്മ് നവാസ്. പ്രതിരോധത്തില്‍ മെഹ്താബ് ഹുസൈന്‍, രാഹുല്‍ ബെക്കെ, മൗര്‍റ്റാഡ ഫാള്‍, മന്ദാര്‍ ദേശായ് എന്നിവര്‍. ബ്രാഡെന്‍ ഇമ്മാന്‍, കാസിയോ ഗബ്രിയേല്‍, ലാലെങ്മാവിയ, ലല്ലിയന്‍സുവാലെ ചങ്തെ മധ്യനിരയില്‍. മുന്നേറ്റത്തില്‍ ഇഗര്‍ അംഗുളോയും ബിപിന്‍ സിങ്ങും.

കളിയുടെ തുടക്കത്തില്‍തന്നെ ബ്ലാസ്റ്റേഴ്സിന് മുംബൈ ഗോള്‍ ഏരിയയില്‍വച്ച് ഫ്രീകിക്ക് ലഭിച്ചു. പുയ്ട്ടിയയുടെ ഷോട്ട് കൃത്യമായി എത്തിയെങ്കിലും മുംബൈ പ്രതിരോധം തടഞ്ഞു. മറുവശത്ത് ഇമ്മാന്റെ ഗോള്‍ശ്രമം ബ്ലാസ്റ്റേഴ്സും പ്രതിരോധിച്ചു. ആദ്യ നിമിഷങ്ങളില്‍ പ്രതിരോധത്തിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ശ്രദ്ധ. 12ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന്റെ മികച്ചൊരു മുന്നേറ്റമുണ്ടായി. വലതുപാര്‍ശ്വത്തില്‍നിന്ന് സന്ദീപിന്റെ ഷോട്ട് നേരിയ വ്യത്യാസത്തില്‍ പറന്നു. ലൂണയുടേതായിരുന്നു ക്രോസ്. തുടര്‍ന്നും മുംബൈ ബോക്സില്‍ ബ്ലാസ്റ്റേഴ്സ് മുന്നേറ്റം കടുത്ത ആക്രമണം നടത്തി. 14ാം മിനിറ്റില്‍ ഡയസിന്റെ നീക്കവും ബോക്സിലെത്തി.

19ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് കാത്തിരുന്ന നിമിഷമെത്തി. സഹലിന്റെ അതിസുന്ദരഗോള്‍. മുംബൈ ബോക്സില്‍നിന്ന് തട്ടിത്തെറിച്ച പന്ത് കാസിയോ ഗബ്രിയേലിന്റെ ശ്രമത്തെ മറികടന്ന് സഹലിന്റെ കാലുകളിലേക്ക്. ബോക്സിന് മുന്നില്‍ തെന്നിനീങ്ങിയ സഹല്‍ മുംബൈ പ്രതിരോധ താരങ്ങളെ ഒന്നൊന്നായി വെട്ടിയൊഴിഞ്ഞു. ഒടുവില്‍ അവര്‍ക്കിടയിലൂടെ ഒന്നാന്തരം അടിതൊടുത്തു. ഗോള്‍ കീപ്പര്‍ നവാസിന് കാഴ്ചക്കാരനാകാനേ കഴിഞ്ഞുള്ളൂ. ബ്ലാസ്റ്റേഴ്സിന്റെ വേഗം കൂടി. 26ാം മിനിറ്റില്‍ വാസ്‌കസിന്റെ ഫ്രീകിക്ക് നവാസിന്റെ കൈകളിലേക്ക്. മുംബൈ തുടര്‍ച്ചയായി കോര്‍ണര്‍ കിക്കുകള്‍ വഴങ്ങി. 34ാം മിനിറ്റില്‍ കോര്‍ണര്‍ കിക്കില്‍ തട്ടിത്തെറിച്ച പന്ത് വാസ്‌കസ് വലയിലേക്ക് തൊടുത്തു. ഫാള്‍ തടഞ്ഞു. 39ാംമിനിറ്റില്‍ മറ്റൊരു ഫ്രീകിക്കും മുംബൈ പ്രതിരോധത്തില്‍ തട്ടിത്തെറിച്ചു. 41ാം മിനിറ്റില്‍ മുംബൈ സിറ്റിക്ക് മികച്ച അവസരം കിട്ടിയെങ്കിലും അംഗുലോയ്ക്ക് ലക്ഷ്യം കാണാനായില്ല. ബിപിന്‍ സിങ്ങിന്റെ ഷോട്ട് നേരിയ വ്യത്യാസത്തില്‍ പുറത്തായി.

ബ്ലാസ്റ്റേഴ്സ് പിന്‍വാങ്ങിയില്ല. വീണ്ടും ആക്രമണം. ആദ്യപകുതിക്ക് അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ലീഡ് കൂട്ടി. പ്രതിരോധത്തിന്റെ ഇടതുഭാഗത്തുനിന്ന് ലോങ് പാസ് വാസ്‌കസിലേക്ക്. പന്ത് കാലില്‍ കുരുക്കി ബോക്സിലെത്തിയ സ്പാനിഷുകാരനെ ഫാള്‍ ചവുട്ടിവീഴ്ത്തി. റഫറി പെനല്‍റ്റിക്ക് വിസിലൂതി. വാസ്‌കസ് പെനല്‍റ്റി എടുത്തു. നവാസിന്റെ നീക്കം മനസിലാക്കി വലയുടെ ഇടതുമൂലയിലേക്ക് വാസ്‌കസ് പന്ത് കൃത്യമായി തട്ടിയിട്ടു. രണ്ട് ഗോള്‍ ലീഡിന്റെ ആവേശത്തില്‍ ബ്ലാസ്റ്റേഴ്സ് ഇടവേളയ്ക്ക് പിരിഞ്ഞു.

രണ്ടാംപകുതിയുടെ തുടക്കത്തില്‍ രണ്ട് തവണ ബ്ലാസ്റ്റേഴ്സ് ഗോളിന് അരികെയെത്തി. ആദ്യത്തേത് ഡയസിന്റെ ഇടതുഭാഗത്ത് നിന്നുള്ള ക്രോസില്‍ വാസ്‌കസ് മിന്നുന്ന അടിതൊടുത്തു. പ്രതിരോധത്തില്‍ തട്ടി പുറത്തേക്ക്. പിന്നാലെ ലൂണയുടെ ലോങ് റേഞ്ചര്‍ ക്രോസ് ബാറിന് തൊട്ടുരുമ്മി കടന്നുപോയി. തുടര്‍ന്ന് മുംബൈ പ്രത്യാക്രമണങ്ങളായിരുന്നു. ബോക്സിനരികെ ബ്ലാസ്റ്റേഴ്സ് തുടര്‍ച്ചയായി ഫ്രീകിക്കുകള്‍ വഴങ്ങി. എങ്കിലും അവസരം നല്‍കിയില്ല. മുംബൈ കളം പിടിക്കാനുള്ള ശ്രമത്തിനിടെ ബ്ലാസ്റ്റേഴ്സ് മൂന്നാം ഗോള്‍ കൊണ്ട് അത് അവസാനിപ്പിച്ചു. 60ാം മിനിറ്റിലായിരുന്നു മൂന്നാമത്തേത്. ഗോള്‍ കീപ്പര്‍ നവാസിന്റെ പിഴവായിരുന്നു ഗോളിന് കാരണമായത്. ഫാളിന്റെ ബാക്ക് പാസ് തട്ടിയകറ്റാനുള്ള നവാസിന്റെ ശ്രമം പാളി. ഗോള്‍മുഖത്തുണ്ടായ വാസ്‌കസിന് എളുപ്പമായിരുന്നു. കാവലില്ലാത്ത വലയിലേക്ക് പന്ത് തട്ടിയിട്ട് വാസ്‌കസ് ബ്ലാസ്റ്റേഴ്സിന്റെ ജയവും ഉറപ്പിച്ചു.

കളി ബ്ലാസ്റ്റേഴ്സിന്റെ നിയന്ത്രണത്തില്‍ മുന്നേറുമ്പോഴാണ് ദൗര്‍ഭാഗ്യകരമായി പെനല്‍റ്റി വഴങ്ങിയത്. ബോക്സില്‍വച്ച് ചങ്തെയെ ഹോര്‍മിപാം ഫൗള്‍ ചെയ്തുവെന്ന് റഫറി വിളിച്ചു. പെനല്‍റ്റി കിക്കെടുത്ത ദ്യേഗോ മൗറീഷിയോക്ക് പിഴച്ചില്ല. 72ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് കളിയിലെ ആദ്യമാറ്റം വരുത്തി. സഹലിന് പകരം രാഹുല്‍ കെ പി കളത്തിലെത്തി. ഇതിനിടെ ബ്ലാസ്റ്റേഴ്സ് വീണ്ടും ഗോളിന് അടുത്തെത്തി. ലൂണയുടെ ഷോട്ട് നവാസ് ആയാസകരമായി പിടിച്ചെടുത്തു. കളിയുടെ അവസാന ഘട്ടങ്ങളില്‍ ബ്ലാസ്റ്റേഴ്സ് പൂര്‍ണമായും കളിയില്‍ നിയന്ത്രണം പിടിച്ചു. മുംബൈ മുന്നേറ്റങ്ങളുടെ മുനയൊടിച്ചു. വലയ്ക്ക് മുന്നില്‍ ഗില്ലും തിളങ്ങി. 86ാം മിനിറ്റില്‍ ആയുഷിന് പകരം കെ.പ്രശാന്തുമെത്തി. വാസ്‌കസിന്പകരം ചെഞ്ചൊയും കളത്തിലെത്തി. കടുത്ത ആക്രമണം തുടര്‍ന്ന ബ്ലാസ്റ്റേഴ്സ് മുംബൈയെ അനങ്ങാന്‍ അനുവദിച്ചില്ല. ശനിയാഴ്ച ഹൈദരബാദ് എഫ്സിയെ നേരിടുന്ന മുംബൈക്ക് ജയം നേടാനായില്ലെങ്കില്‍ കളത്തിലിറങ്ങുംമുമ്പെ ബ്ലാസ്റ്റേഴ്സ് സെമിഫൈനല്‍ ഉറപ്പിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more