1 GBP = 106.96

വിരാട് കോലിയുടെ നൂറാം ടെസ്റ്റ്, അഭിനന്ദനവുമായി ഗാംഗുലി

വിരാട് കോലിയുടെ നൂറാം ടെസ്റ്റ്, അഭിനന്ദനവുമായി ഗാംഗുലി

തന്റെ കരിയറിലെ നൂറാം ടെസ്റ്റിനിറങ്ങുന്ന വിരാട് കോലിയെ അഭിനന്ദിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. ഈ അപൂര്‍വ നേട്ടം പിന്നിടുന്നത് അഭിനന്ദനാര്‍ഹമാണെന്നും ഇന്ത്യക്കായി വളരെ കുറച്ച് താരങ്ങള്‍ മാത്രമേ 100 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിട്ടുള്ളൂവെന്നും ഗാംഗുലി പറഞ്ഞു. 11 താരങ്ങള്‍ മാത്രമാണ് ഇന്ത്യക്കായി ഇതുവരെ ടെസ്റ്റില്‍ 100 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്. വെള്ളിയാഴ്ച മൊഹാലിയില്‍ ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരമാണ് കോലിയുടെ കരിയറിലെ നൂറാം ടെസ്റ്റ്.

ഏകദിന ക്യാപ്റ്റന്‍സിയില്‍ നിന്നും ഒഴിവാക്കിയതിന് പിന്നാലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുന്നോടിയായി വാര്‍ത്താസമ്മേളനത്തില്‍ ഗാംഗുലിക്കെതിരെ പരോക്ഷമായി നടത്തിയ പരാമര്‍ശങ്ങള്‍ ഇരുവരും തമ്മിലുള്ള ബന്ധത്തിന് കോട്ടം വരുത്തിയിരുന്നു. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം നായകനാവാതെ കോലിയുടെ ആദ്യ ടെസ്റ്റ് മത്സരമായിരിക്കും ഇത്.

കോലി അപൂര്‍വ നാഴികക്കല്ല് പിന്നിടുന്നത് കാണാനായി താന്‍ മൊഹാലിയില്‍ ഉണ്ടാവുമെന്നും അദ്ദേഹത്തെ 100 ടെസ്റ്റ് ക്ലബ്ബിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും സൗരവ് ഗാംഗുലി വ്യക്തമാക്കി. ‘ കോലി മികച്ച കളിക്കാരനാണ്. 2008ല്‍ ഞാന്‍ വിരമിച്ച അതേ വര്‍ഷം തന്നെയാണ് കോലി ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചത്. അതുകൊണ്ടുതന്നെ ഒരുമിച്ച് കളിക്കാനായില്ല. എങ്കിലും കോലിയെന്ന താരത്തെ ഞാന്‍ നിരീക്ഷിക്കാറുണ്ട്. കോലിയുടെ ബാറ്റിംഗ് ശൈലി, ഫൂട്ട്വര്‍ക്ക്, ബാലന്‍സ് എല്ലാം മികച്ചതാണ്. സമ്മര്‍ദ സാഹചര്യങ്ങളെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതും എനിക്കിഷ്ടമാണ്.

2014ല്‍ ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയില്‍ ഫോം കണ്ടെത്താന്‍ വിഷമിച്ച കോലി അതിന് ശേഷം മികച്ച പ്രകടനവുമായി തിരിച്ചുവന്നു. അതിനുശേഷമുളള അഞ്ച് വര്‍ഷം കോലിയുടെ കരിയറിലെ തന്നെ ബെസ്റ്റായിരുന്നു. രണ്ട് വര്‍ഷത്തിലേറെയായി കോലി സെഞ്ച്വറി നേടിയിട്ടില്ലായിരിക്കാം. എന്നാല്‍ സെഞ്ച്വറിയോടെ തന്നെ ഈ പ്രതിസന്ധിഘട്ടം മറികടക്കാന്‍ കോലിക്കാവും.’ – ഗാംഗുലി പറഞ്ഞു.

ശ്രീലങ്കക്കെതിരായ ടെസ്റ്റ് മത്സരത്തില്‍ 50 % കാണികളെ അനുവദിക്കും എന്ന് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചിട്ടുണ്ട്. മത്സരത്തില്‍ കാണികളെ അനുവദിക്കില്ലെന്നായിരുന്നു നേരത്തെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്റെ നിലപാട്. ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരമാണ് ഇന്ത്യ മൊഹാലിയില്‍ കളിക്കുന്നത്. ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് രണ്ടാം ടെസ്റ്റ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more