കൽപ്പറ്റ: വയനാട് വെള്ളമുണ്ട കണ്ടത്തുവയൽ ഇരട്ട കൊലപാതക കേസിൽ പ്രതിക്ക് വധശിക്ഷ . ഇതുകൂടാതെ 17 ലക്ഷം രൂപ നഷ്ടപരിഹാര തുകയും നൽകണം. കോഴിക്കോട് തൊട്ടിൽപ്പാലം സ്വദേശി വിശ്വനാഥനെയാണ് വയനാട് ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. തൊട്ടിൽപാലം സ്വദേശി വിശ്വനാഥനാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രോസിക്യൂഷന് വ്യക്തമായി തെളിയിക്കാനായെന്ന് കോടതി ചൂണ്ടിക്കാട്ടി. 2018 ജൂലൈ ആറിനാണ് വെള്ളമുണ്ട സ്വദേശികളായ ഉമ്മർ ഭാര്യ ഫാത്തിമ എന്നിവർ കൊല്ലപ്പെട്ടത്.
ഇരട്ടക്കൊലപാതകത്തിൽ പ്രതി വിശ്വനാഥൻ കുറ്റക്കാരനാണെന്ന് ഇക്കഴിഞ്ഞ ശനിയാഴ്ച വയനാട് ജില്ലാ സെഷൻസ് കോടതി വിധിച്ചിരുന്നു. 2018 ജൂലൈ ആറിനാണ് നാടിനെ നടുക്കിയ അരുംകൊല അരങ്ങേറിയത്. വെള്ളമുണ്ടയിൽ കുറ്റ്യാടി റൂട്ടിൽ റോഡ് സൈഡിലെ വീട്ടിലാണ് നവദമ്പതിമാരായ ഉമ്മറിനെയും ഭാര്യ ഫാത്തിമയെയും കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഫാത്തിയുടെ കഴുത്തിലുണ്ടായിരുന്ന എട്ട് പവന്‍റെ മാല നഷ്ടപ്പെട്ടെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഇതോടെ മോഷണശ്രമത്തിലാണ് കൊലപാതകമെന്നും പൊലീസ് കണ്ടെത്തി. തുടർന്ന് പൊലീസ് നടത്തിയ വിദഗ്ദ്ധ അന്വേഷണത്തിനൊടുവിലാണ് പ്രതിയായ വിശ്വനാഥൻ അറസ്റ്റിലായത്. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു.
ഉമ്മറിന്‍റെ മാതാവ് അയിഷയാണ് മൃതദേഹം ആദ്യം കണ്ടത്. ഇടയ്ക്കിടെ മകന്‍റെ വീട്ടിൽ എത്താറുള്ള അയിഷ, 2018 ജൂലൈ ആറ് വെള്ളിയാഴ്ച എത്തിയപ്പോൾ അപ്രതീക്ഷിതമായ കാഴ്ചകളായിരുന്നു അവിടെ. പിൻവശത്തെ വാതിൽ തുറന്നു കിടക്കുന്നത് കണ്ടു. വീട്ടിനുള്ളിലേക്ക് കയറിയപ്പോഴാണ് മകൻ ഉമ്മറിനെയും(27) മരുമുകൾ ഫാത്തിമയെയും(18) ചോരയിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. അയിഷ വാവിട്ട് നിലവിളിച്ചതോടെ അയൽവാസികൾ ഓടിയെത്തി. വൈകാതെ നിഷ്ഠൂരമായ ഇരട്ട കൊലപാതകത്തിന്‍റെ വാർത്തയിൽ നാട് നടുങ്ങി.
ഉമ്മറിന്‍റെയും ഫാത്തിമയുടെയും വിവാഹം നടന്ന് മൂന്ന് മാസം മാത്രം പിന്നിടുമ്പോഴാണ്, അരുംകൊല അരങ്ങേറിയത്. അയൽക്കാർ വിവരം അറിയിച്ചത് അനുസരിച്ച് പൊലീസ് സ്ഥലത്തെത്തി. വീട്ടിൽ പരിശോധന നടത്തിയതിൽനിന്ന് സ്വർണവും മൊബൈൽ ഫോണും നഷ്ടമായതായി കണ്ടെത്തി. ഇതോടെ മോഷണശ്രമത്തിനിടെയാണ് കൊലപാതകമെന്ന് പൊലീസ് ഉറപ്പിച്ചു. എന്നാൽ തുടർന്നുള്ള ആഴ്ചകളിൽ കാര്യമായ തെളിവൊന്നും ലഭിക്കാതെ പൊലീസ് അന്വേഷണം മുന്നോട്ടുപോയി. ഇതോടെ പൊലീസിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. എന്നാൽ പൊലീസ് പ്രതിയെ കണ്ടെത്തുന്നതിനുള്ള തീവ്രശ്രമത്തിൽ തന്നെയായിരുന്നു.
കുറ്റ്യാടി, തൊട്ടിൽപ്പാലം, ചൊക്ലി സ്റ്റേഷനുകളിൽ മോഷണ കേസുകളിൽ പ്രതിയായിരുന്നു വിശ്വനാഥൻ. മോഷണവും വീടുകളിൽ ഒളിഞ്ഞുനോട്ടവും പതിവാക്കിയ ആളായിരുന്നു ഇയാൾ. വിശ്വനാഥൻ സാമ്പത്തിക ബാധ്യതകളെല്ലാം തീർത്തുവെന്ന വിവരമാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കാൻ കാരണം. കൂടാതെ, വിശദമായ അന്വേഷണത്തിൽ ഉമ്മറിന്‍റെ വീട്ടിൽ നിന്ന് മോഷണം പോയ മൊബൈൽ ഫോൺ വിശ്വനാഥന്‍റെ വീട്ടിൽവെച്ച് ഓൺ ചെയ്തതായും കണ്ടെത്തി. ഇതോടെ അന്വേഷണത്തിന് നേതൃത്വം നൽകിയ മാനന്തവാടി ഡിവൈഎസ്പി കെ എം ദേവസ്യയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം വിശ്വനാഥനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. കൂടാതെ സംഭവം ദിവസം നടന്നതെല്ലാം ഇയാൾ പൊലീസിനോട് വെളിപ്പെടുത്തുകയും ചെയ്തു.
സംഭവ ദിവസം രാത്രി ഏതെങ്കിലും വീട്ടിൽ മോഷണം നടത്തണമെന്ന ഉദ്ദേശത്തോടെ ബസിലാണ് വിശ്വനാഥൻ പന്ത്രണ്ടാം മൈലിൽ എത്തിയത്. ഉമ്മറിന്‍റെ വീട്ടിൽ പിൻവശത്ത് ലൈറ്റ് കണ്ട് നോക്കിയപ്പോൾ വാതിൽ തുറന്നു കിടക്കുന്നതായി കണ്ടു. അങ്ങനെയാണ് അകത്ത് കടന്ന് ഫാത്തിമയുടെ വാ പൊത്തിപിടിച്ച് മാല പൊട്ടിക്കാൻ ശ്രമിച്ചു. എന്നാൽ ഫാത്തിമയുടെ നിലവിളികേട്ട് ഉമ്മർ എഴുന്നേറ്റ് വന്നു. ഇതോടെ കൈയിൽ ഉണ്ടായിരുന്ന കമ്പിവടികൊണ്ട് വിശ്വനാഥൻ ഇരുവരെയും തലയ്ക്ക് അടിച്ചുവീഴ്ത്തുകയായിരുന്നു. മരണം ഉറപ്പാക്കിയശേഷം ആഭരണങ്ങളും മൊബൈൽഫോണും എടുത്ത് മുളകുപൊടി വിതറിയശേഷം വിശ്വനാഥൻ അവിടെനിന്ന് രക്ഷപെടുകയായിരുന്നു. പിന്നീട് ആഭരണങ്ങൾ കുറ്റ്യാടിയിലെ ജൂവലറിയിൽ വിറ്റു. ആഭരണങ്ങളും മൊബൈൽഫോണും കൊലപാതകത്തിന് ഉപയോഗിച്ച കമ്പിവടിയും പിന്നീട് പൊലീസ് കണ്ടെടുത്തു.
മോഷണശ്രമം ചെറുക്കുന്നതിനിടെ നവദമ്പതിമാരെ തലയ്ക്ക് അടിച്ചുകൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. 2000 നവംബറിലാണ് ജില്ലാ സെഷൻസ് കോടതിയിൽ കേസിന്‍റെ വിചാരണ ആരംഭിച്ചത്. കേസിൽ 72 സാക്ഷികളുണ്ടായിരുന്നു. ഇതിൽ 45 പേരെ വിസ്തരിച്ചു. 2022 ഫെബ്രുവരി രണ്ടാം വാരത്തിൽ വിചാരണ പൂർത്തിയായി. 2022 ഫെബ്രുവരി 19ന് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഫെബ്രുവരി 22ന് കേസിൽ കോടതി ശിക്ഷവിധിച്ചു. ജോസഫ് മാത്യുവായിരുന്നു കേസിൽ പബ്ലിക് പ്രോസിക്യൂട്ടർ.
click on malayalam character to switch languages