1 GBP = 113.34
breaking news

അച്ഛന്‍ ഓട്ടോ ഓടിക്കുന്നത് നിര്‍ത്തി; അമ്മ വീട്ടുജോലിയും’; എല്ലാം ഐപിഎല്‍ കാരണം: മുഹമ്മദ് സിറാജ്

അച്ഛന്‍ ഓട്ടോ ഓടിക്കുന്നത് നിര്‍ത്തി; അമ്മ വീട്ടുജോലിയും’; എല്ലാം ഐപിഎല്‍ കാരണം: മുഹമ്മദ് സിറാജ്

ഇന്ത്യന്‍ പേസ് നിരയിലെ മികച്ച താരങ്ങളില്‍ ഒരാളാണ് യുവതാരം മുഹമ്മദ് സിറാജ് . ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരില്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ചതോടെയാണ് സിറാജ് ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. യുവപേസറെ ഈ നിലയിലേക്ക് വളര്‍ത്തിയെടുത്തത്തില്‍ മുന്‍ നായകന്‍ വിരാട് കോഹ്ലി വളരെ വലിയ പങ്കു വഹിച്ചിട്ടുണ്ട്.

ഇപ്പോഴിതാ ജീവിതത്തില്‍ താന്‍ അനുഭവിച്ച കഷ്ടപ്പാടുകളെക്കുറിച്ച് വെളിപ്പെടുത്തുകയാണ് മുഹമ്മദ് സിറാജ്. ‘ഞാന്‍ ഒട്ടേറെ കഷ്ടപ്പാടുകള്‍ കടന്നാണ് വരുന്നത്. എന്റെ പിതാവ് ഒരു ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു. ഒരു പ്ലാറ്റിന ബൈക്കാണ് എനിക്കുണ്ടായിരുന്നത്. അച്ഛന്‍ 60 രൂപ പെട്രോളടിക്കാന്‍ തരും. അതുകൊണ്ട് വേണം വീട്ടില്‍ നിന്ന് ഏറെയകലെയുള്ള ഉപ്പല്‍ സ്റ്റേഡിയത്തിലെത്താന്‍. ഐപിഎല്ലില്‍ അവസരം ലഭിച്ചപ്പോഴാണ് എല്ലാ കഷ്ടപ്പാടുകളും മാറിയത്’.- സിറാജ് പറയുന്നു.

‘പിതാവ് ഓട്ടോറിക്ഷ ഓടിക്കുന്നത് നിര്‍ത്തി. അമ്മ വീട്ടുജോലി ചെയ്യുന്നത് അവസാനിച്ചു. വാടക വീടുകളില്‍ കഴിയുന്നത് അവസാനിപ്പിച്ചു, ഞങ്ങളൊരു പുതിയ വീട് വാങ്ങി. സ്വന്തമായൊരു വീട്ടില്‍ മാതാപിതാക്കള്‍ സന്തോഷത്തോടെ കഴിയുകയായിരുന്നു വേണ്ടിയിരുന്നത്. മറ്റൊന്നും ജീവിതത്തില്‍ എനിക്ക് വേണമെന്നില്ലായിരുന്നു. ഐപിഎല്‍ എനിക്ക് പ്രശസ്തി നേടിത്തന്നു. സാമൂഹ്യമായി ഇടപെടാനും നിരവധി പേരോട് സംസാരിക്കാനും പഠിച്ചു. ഞാന്‍ ഒട്ടേറെ കാര്യങ്ങള്‍ പഠിച്ചെടുത്തു. എല്ലാം ഐപിഎല്‍ കാരണമായിരുന്നു’- മുഹമ്മദ് സിറാജ് കൂട്ടിച്ചേര്‍ത്തു.
സിറാജിനെ സംബന്ധിച്ച് തന്റെ ടെസ്റ്റ് അരങ്ങേറ്റ മത്സരം വളരെയേറെ വികാരനിര്‍ഭരമായിരുന്നു. 2020- 2021 ഓസ്‌ട്രേലിയന്‍ പര്യടനത്തിന്റെ (ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി) സമയത്താണ് സിറാജിന്റെ പിതാവ് മരണപ്പെട്ടത്. ഇതിനെത്തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാന്‍ ചിന്തിച്ചിരുന്നെന്നും എന്നാല്‍ ടീമിന്റെ മുഖ്യ പരിശീലകന്‍ രവി ശാസ്ത്രിയാണ് അപ്പോള്‍ തന്റെ മനസ്സ് മാറ്റിയതെന്നും സിറാജ് മുമ്പ് വെളിപ്പെടുത്തിയിരുന്നു.

കരിയറിന്റെ ആരംഭത്തില്‍ തന്റെ മോശം ഫോമിന് ഒരുപാട് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുള്ള വ്യക്തിയാണ് സിറാജ്. ഏതാണ്ട് രണ്ടര വര്‍ഷം മുമ്പ് വരെ സിറാജിന് തന്റെ കരിയറിലെ മോശം സമയമായിരുന്നു. അവസാന വര്‍ഷം ഓസ്‌ട്രേലിയക്കെതിരെ നടന്ന ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ സിറാജിനെ ടീമില്‍ ഉള്‍പ്പെടുത്തിയപ്പോഴും താരത്തിന് നേരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത്തവണ തുടര്‍ച്ചയായി രണ്ടാം തവണയും ഇന്ത്യ, ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ മുത്തമിട്ടപ്പോള്‍ അതേ വിമര്‍ശകരെക്കൊണ്ട് കൈയടിപ്പിക്കാനും സിറാജിന് കഴിഞ്ഞു.

ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ സീനിയര്‍ ബൗളര്‍മാരുടെ അഭാവത്തില്‍ ഇന്ത്യന്‍ പേസ് ബൗളിംഗ് യൂണിറ്റിനെ നയിച്ചത് സിറാജ് ആയിരുന്നു. നിര്‍ണായകമായ അവസാന ടെസ്റ്റ് നടന്നത് 32 വര്‍ഷമായി ഓസ്‌ട്രേലിയന്‍ ടീം തോല്‍വി അറിയാത്ത ഗാബ്ബയിലും. എന്നാല്‍ ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്മാരെ മുട്ട്കുത്തിച്ചുകൊണ്ട് ഇന്ത്യന്‍ ടീം ചരിത്രവിജയം സ്വന്തമാക്കിയപ്പോള്‍ അഞ്ച് വിക്കറ്റുകള്‍ നേടിക്കൊണ്ട് സിറാജ് വിമര്‍ശകരെ പോലും ആരാധകരാക്കി മാറ്റുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more