1 GBP = 105.62
breaking news

പൊതുഭരണ വകുപ്പ് സെക്രട്ടറിയെ മാറ്റി സർക്കാർ

പൊതുഭരണ വകുപ്പ് സെക്രട്ടറിയെ മാറ്റി സർക്കാർ

പൊതുഭരണ വകുപ്പ് സെക്രട്ടറിയെ മാറ്റി സർക്കാർ. കെ.ആർ.ജ്യോതിലാലിനെയാണ് മാറ്റിയത്. ശാരദ മുരളീധരന് പകരം ചുമതല നൽകി. ഗവർണറുമായുള്ള ഭിന്നതയ്ക്കിടെയാണ് മാറ്റം. പുതിയ നീക്കം സർക്കാരിന്റെ അനുനയ ശ്രമത്തിന്റെ ഭാഗമാണെന്നാണ് സൂചന.

എന്നാൽ ഈ ഒരു നടപടി കൊണ്ട് മാത്രം ഗവർണർ സമവായത്തിലേക്ക് എത്തുമോ എന്ന് കണ്ടറിയേണ്ടതാണ്. മന്ത്രിമാരുടെ സ്റ്റാഫ് അംഗങ്ങൾക്ക് പെൻഷൻ കൊടുക്കുന്ന നടപടി പൂർണമായും പിൻവലിക്കാതെ വഴങ്ങില്ലെന്ന തീരുമാനത്തിലാണ് ഗവർണർ.

നിലവിൽ മുഖ്യമന്ത്രി പിണറായി വിജയൻ, നിയമമന്ത്രി പി രാജീവ് ഉൾപ്പെടെയുള്ളവർ എകെജി സെന്ററിലാണ്. ഈ വിഷയം ചർച്ചയാകും. എങ്ങനെയാണ് വിഷയത്തെ മറികടക്കേണ്ടതെന്ന കാര്യത്തിൽ ചർച്ചയുണ്ടാകും.

നിയമസഭാ സമ്മേളനത്തിന് മണിക്കൂറുകൾ ശേഷിക്കെയാണ് നയപ്രഖ്യാപനത്തിൽ ഒപ്പിടാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർക്കാരിനെ പ്രതിസന്ധിയിലാക്കിയത്. മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന് പെൻഷൻ നൽകുന്ന രീതിയിൽ ഗവർണർക്ക് അതൃപ്തിയുണ്ട്. ഇതോടെ മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാൻ ഗവർണർ തയാറായില്ല. നിയമസഭാ സ്പീക്കറും മുഖ്യമന്ത്രിയും നേരിട്ട് ഇടപെട്ടെങ്കിലും ഇതുവരേയും പ്രസംഗത്തിൽ ഒപ്പിടാൻ ഗവർണർ തയ്യാറായിട്ടില്ലെന്നതാണ് അനിശ്ചിതത്വം സൃഷ്ടിക്കുന്നത്.

മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾ സർവീസിൽ രണ്ട് വർഷം പൂർത്തിയാക്കിയാൽ പെൻഷൻ അർഹരാവും എന്ന ചട്ടം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടാണ് ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാതിരിക്കുന്നത്. പേഴ്‌സണൽ സ്റ്റാഫ് നിയമനത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഗവർണർ സിഎജിയേയും ബന്ധപ്പെട്ടിട്ടുണ്ട്. സിഎജിയെ നേരിൽ വിളിച്ചാണ് ഗവർണർ ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ടത്. സർക്കാർ ഉദ്യോഗസ്ഥരെ പോലെ എങ്ങനെ പേഴ്‌സണൽ സ്റ്റാഫിന് പെൻഷൻ നൽകും എന്ന ചോദ്യമാണ് ഗവർണർ ഉന്നയിക്കുന്നത്.

നയപ്രഖ്യാപന പ്രസംഗം ഗവർണർ അംഗീകരിച്ച് തിരികെ സർക്കാരിലേക്ക് അയക്കണമെന്നാണ് ചട്ടം. ഇതിനു ശേഷമാണ് നാളെ നിയമസഭയിൽ ഗവർണർ നയപ്രഖ്യാപന പ്രസംഗം നടത്തുക. ബജറ്റ് സമ്മേളനത്തിന് തുടക്കമാവുന്നത് തന്നെ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ്. ചരിത്രത്തിൽ ഇതുവരെയില്ലാത്ത അസാധാരണമായ ഒരു പ്രതിസന്ധിയെയാണ് ഇതോടെ സർക്കാർ അഭിമുഖീകരിക്കുന്നത്. നേരത്തെ വൈസ് ചാൻസലർ നിയമനത്തിൽ ഗവർണർ സർക്കാരുമായി നേരിട്ട് ഏറ്റുമുട്ടിയിരുന്നു.

പിന്നീട് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് ശീതസമരം അവസാനിപ്പിച്ചത്. ഈ അടുത്ത് ജന്മഭൂമി മുൻ എഡിറ്ററെ എതിർപ്പ് പരസ്യമാക്കി തന്നെ ഗവർണറുടെ പിആർഒ ആയി സർക്കാർ നിയമിച്ചിരുന്നു. ഗവർണർ ആവശ്യപ്പെട്ട പ്രകാരം രാജ്ഭവനിലെ ഫോട്ടോഗ്രാഫർക്കും ഇന്നത്തെ മന്ത്രിസഭായോഗം സ്ഥിരം നിയമനം നൽകിയിരുന്നു. കൊടുത്തും വാങ്ങിയും സർക്കാരും ഗവർണറും അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം കളിക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിക്കുന്നതിനിടെയാണ് പുതിയ സംഭവവികാസം. നയപ്രഖ്യാപന പ്രസംഗത്തിനായി നാളെ ഗവർണർ നിയമസഭയിൽ എത്തിയില്ലെങ്കിൽ അസാധാരണ പ്രതിസന്ധിയിലേക്കാവും കാര്യങ്ങൾ എത്തുക. രാജ്യത്തിന്റെ 75 വർഷത്തെ ചരിത്രത്തിൽ ഇതുവരെ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല. നയപ്രഖ്യാപന പ്രസംഗം ഗവർണറുടെ ഭരണഘടനാപരമായ ബാധ്യതയാണ് എന്നിരിക്കെ നാളെ നിയമസഭയിൽ ഗവർണർ എത്തിയില്ലെങ്കിൽ പുതിയ പ്രതിസന്ധിയിലേക്കാവും സംസ്ഥാനം എത്തുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more