കെ.എസ്.ഇ.ബി പുറമ്പോക്ക് ഭൂമി റവന്യൂ വകുപ്പിന്റെയോ സര്‍ക്കാരിന്റെയോ അനുമതി ഇല്ലാതെ നിയമവിരുദ്ധമായാണ് കൈമാറ്റം ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എം.എം മണി വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്കും സി.പി.എം സംഘങ്ങള്‍ക്കും നൂറ് കണക്കിന് ഏക്കര്‍ ഭൂമിയാണ് ഇത്തരത്തില്‍ കൈമാറിയത്. നിയമവിരുദ്ധമായ ഭൂമി കൈമാറ്റം ഉടന്‍ റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എം.എം മണിയുടെ മരുമകന്‍ പ്രസിഡന്റായ ബാങ്കിനും ഭൂമി കൈമാറിയിട്ടുണ്ട്. പുറമ്പോക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പിനാണ്. സര്‍ക്കാരിന്റെ ഭൂമി ബന്ധക്കാര്‍ക്കും പാര്‍ട്ടിക്കാര്‍ക്കും കൊടുത്തതിനെയാണ് പ്രതിപക്ഷം എതിര്‍ക്കുന്നത്. കെ.എസ്.ഇ.ബിക്ക് നൂറു കണക്കിന് കോടി രൂപ നഷ്ടമായതിനെ കുറിച്ചും നിയമവിരുദ്ധമായ ഭൂമി കൈമാറ്റത്തെ കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
അഴിമതി കൊണ്ടും കെടുകാര്യസ്ഥത കൊണ്ടും കെ.എസ്.ഇ.ബിക്ക് ആയിരക്കണക്കിന് കോടി രൂപ നഷ്ടപ്പെടുത്തിയതിന്റെ ഭാരം സാധാരണക്കാരന്റെ തലയില്‍ കെട്ടിവയ്ക്കാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണം. കെ.എസ്.ഇ.ബിക്ക് ഉണ്ടായിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിക്ക് കാരണം അഞ്ച് വര്‍ഷക്കാലമായി നടന്ന അഴിമതിയും കെടുകാര്യസ്ഥതയുമാണ്. അതിന് കേരളത്തിലെ ജനങ്ങളെ ഇരകളാക്കാന്‍ പാടില്ല. ഈ സാഹചര്യത്തില്‍ വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കമെന്ന കെ.എസ്.ഇ.ബിയുടെ ആവശ്യം റെഗുലേറ്ററി കമ്മിഷനില്‍ നിന്നും പിന്‍വലിക്കണം. കോവിഡ് മഹാമാരിയിലും അതേത്തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയിലും ബുദ്ധിമുട്ടിലായ സാധാരണക്കാരെ ഇനിയും പീഡിപ്പിക്കരുതെന്നു സതീശന്‍ പറഞ്ഞു.
കഴിഞ്ഞ ഇടത് സര്‍ക്കാരിന്‍റെ കാലത്ത് വൈദ്യുതി ബോര്‍ഡില്‍ ഗുരുതര ക്രമക്കേട് നടന്നെന്ന് ആരോപിച്ച് ചെയര്‍മാന്‍ ബി.അശോക് ഫേസ്ബുക്ക് പോസ്റ്റിട്ടതിന് പിന്നാലെ വിഷയം വലിയ വിവാദമാവുകയാണ്. അതേസമയം ചെയര്‍മാന്‍റെ ആരോപണങ്ങള്‍ നിഷേധിച്ച് മുന്‍ വൈദ്യുതി മന്ത്രി എം.എം മണി രംഗത്തെത്തിയിരുന്നു, തന്‍റെ കാലത്ത് നടന്നതെല്ലാം നിയമപരമാണെന്നും കെ.എസ്.ഇ.ബിയുടെ സുവര്‍ണകാലഘട്ടമായിരുന്നു അതെന്നും അദ്ദേഹം പ്രതികരിച്ചു. ഇപ്പോഴത്തെ വകുപ്പ് മന്ത്രിയുടെ അറിവോടെയാണോ ചെയര്‍മാന്‍റെ ആരോപണങ്ങളെന്നും അതോ മന്ത്രി പറഞ്ഞതനുസരിച്ചാണോ ചെയര്‍മാന്‍റെ ഇപ്പോഴത്തെ പ്രവര്‍ത്തിയെന്നും എം.എം മണി ചോദിച്ചു.എം.എം മണിയോടെ ആരോപണത്തോട് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും പ്രതികരിച്ചിരുന്നു. തന്‍റെ അറിവോടെയല്ല ചെയര്‍മാന്‍ പോസ്റ്റിട്ടത്, സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിച്ചത് ധനവകുപ്പിന്‍റെ അനുമതിയില്ലാതെയാണ് ഇതേകുറിച്ച് ഊര്‍ജവകുപ്പ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. മൂന്നാര്‍ ടൂറിസത്തിനായി നല്‍കിയ ഭൂമി പലരുടെയും കൈവശമാണെന്നും മന്ത്രി പ്രതികരിച്ചു.
‘കടയ്ക്കു തീപിടിച്ചിട്ടില്ല; നാട്ടുകാര്‍ ഓടിവരേണ്ടതുമില്ല’ എന്ന തലക്കെട്ടില്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലാണ് മുന്‍ ഇടത് സര്‍ക്കാരിന്‍റെ കാലത്ത് ബോര്‍ഡില്‍ നടന്ന ക്രമക്കേടുകളെ കുറിച്ച് ചെയര്‍മാന്‍ പറഞ്ഞത്. കഴിഞ്ഞ ശമ്പള പരിഷ്കരണം നടത്തിയത് സര്‍ക്കാരിന്‍റെ അനുമതിയില്ലാതെയാണെന്നും ഇക്കാര്യം എ.ജി ചൂണ്ടിക്കാണിച്ചതാണെന്നും ചെയര്‍മാന്‍ കുറിപ്പില്‍ പറയുന്നു.
മൂന്നാറിലെ സൊസൈറ്റിക്ക് കെ.എസ്.ഇ.ബി.യുടെ പേരിലുള്ള ഭൂമി പതിച്ചു കൊടുക്കാന്‍ ശ്രമം നടന്നു. എം.എം മണി വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് നടന്ന നീക്കമാണിത്, ടൂറിസം വികസനത്തിന് പല സൊസൈറ്റികള്‍ക്കും ബോര്‍ഡിന്‍റെയോ സര്‍ക്കാരിന്‍റെയോ അനുമതി ഇല്ലാതെ സ്ഥലം വിട്ടു നല്‍കി. നൂറ് കണക്കിന് ഏക്കര്‍ സ്ഥലമാണ് ആരും അറിയാതെ ഒരു ജൂനിയര്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ വാണിജ്യ പാട്ടത്തിന് കൊടുത്തതുമാണ് ചെയര്‍മാന്‍റെ കുറിപ്പിലെ പ്രധാന ക്രമക്കേടുകള്‍.
click on malayalam character to switch languages